ചെന്തിട്ട ദേവീക്ഷേത്രത്തിൽ 
വൻ തീപിടിത്തം

തിരുവിതാംകൂർ ദേവസ്വം ബോർഡിനുകീഴിലുള്ള പവർഹൗസ് റോഡിലെ മേജർ ചെന്തിട്ട ദേവീക്ഷേത്രത്തിൽ വൻ തീപിടിത്തം. നാലമ്പലത്തിന്റെ ഒരു ഭാഗം പൂർണമായി കത്തി നശിച്ചു. ഞായർ പകൽ 2.45 ഓടെയായിരുന്നു അപകടം.ശ്രീകോവിലിനുമുന്നിൽ കളം വരയ്ക്കുന്ന മുറിയിലാണ് ആദ്യം തീപിടിച്ചത്. പൂജയ്ക്കാവശ്യമായ പൊടികൾ സൂക്ഷിക്കുന്നത് ഇവിടെയാണ്. മറ്റുഭാഗങ്ങളിലേക്കും അതിവേഗം തീപടർന്നു. സമീപത്തെ വീട്ടിലുള്ളവരാണ്‌ തീ പടരുന്നതായി ക്ഷേത്രജീവനക്കാരെ അറിയിച്ചത്‌. ജീവനക്കാർ തിരുവനന്തപുരം അഗ്നിരക്ഷാസേനയെ അറിയിച്ചു. 3.15ഓടെ തിരുവനന്തപുരം സ്റ്റേഷനിലെ അഗ്നിരക്ഷാസേനയെത്തി ഒന്നര മണിക്കൂറിലേറെ പരിശ്രമിച്ചാണ്‌ തീ നിയന്ത്രണവിധേയമാക്കിയത്‌. നാലമ്പലത്തിന്റെ മേൽക്കൂര ഓടുമേഞ്ഞതാണ്‌. ഇതിലെ തടികൾക്കാണ്‌ തീപിടിച്ചത്‌. ആദ്യം അഗ്നിരക്ഷാസേനയുടെ ഒരു യൂണിറ്റ്‌ മാത്രമാണ്‌ സ്ഥലത്തുണ്ടായിരുന്നത്‌. തീ പടരാൻ തുടങ്ങിയതോടെ കൂടുതൽ യൂണിറ്റുകളെ വിളിച്ചുവരുത്തി. ശ്രീകോവിലിലേക്കുൾപ്പെടെ പടരുന്നതിന്‌ മുമ്പ്‌ നിയന്ത്രണവിധേയമാക്കി. അഗ്നിബാധയുടെ കാരണം വ്യക്തമല്ലെന്ന്‌ അഗ്നിരക്ഷാസേന പറഞ്ഞു. ഷോർട്‌സർക്യൂട്ടോ, ക്ഷേത്രത്തിലെ വിളക്കിൽനിന്ന്‌ തീപടർന്നതോ ആകാമെന്നാണ്‌ നിഗമനം. എന്നാൽ, നടയടച്ചശേഷമായതിനാൽ വിളക്കിൽനിന്ന്‌ തീപടരാനുള്ള സാധ്യതയില്ലെന്ന്‌ ക്ഷേത്രജീവനക്കാർ പറയുന്നു. നവരാത്രിപൂജയിൽ വിഗ്രഹങ്ങൾ ആരാധിക്കുന്ന മൂന്ന് ക്ഷേത്രങ്ങളിൽ ഒന്നാണ്‌ ചെന്തിട്ട ദേവീ ക്ഷേത്രം. ഏകദേശം ആറു ലക്ഷത്തിന്റെ നാശനഷ്ടമുണ്ടെന്നാണ് നിഗമനം. സ്റ്റേഷൻ ഓഫീസർ നിതിൻരാജ്, അനീഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് തീയണച്ചത്. ഞായർ രാത്രി പൂജ ഒഴിവാക്കിയതായി അധികൃതർ അറിയിച്ചു. തീപിടിത്തം ദേവസ്വം വിജിലൻസ് അന്വേഷിക്കും. ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് തിങ്കളാഴ്ച സ്ഥലം സന്ദർശിക്കും.

Comments
Spread the News