തരൂരിനെ തേച്ചു ; ഏജന്റുമാരില്ലാതെ 274 ബൂത്ത്‌

തിരുവനന്തപുരത്തെ യുഡിഎഫ്‌ സ്ഥാനാർഥി ശശി തരൂരിന്‌ മണ്ഡലത്തിലെ 274 ബൂത്തിൽ ഏജന്റുമാർ ഇല്ലായിരുന്നെന്ന വിവരം പുറത്ത്‌. ഏജന്റായിരിക്കാൻ കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌ പ്രവർത്തകനോട്‌ അഭ്യർഥിക്കുന്നതും പ്രവർത്തകൻ നിരസിക്കുന്നതും വ്യക്തമാക്കുന്ന ഫോൺ സംഭാഷണമാണ്‌ പുറത്തുവന്നത്‌. തരൂരിനോട്‌ താൽപ്പര്യമില്ലാത്ത കോൺഗ്രസ്‌ നേതാക്കളെ ബിജെപി നിർജീവമാക്കിയതാണെന്ന ആക്ഷേപം ശക്തമാണ്‌. പ്രചാരണരംഗത്ത്‌ താഴേത്തട്ടിലെ കോൺഗ്രസ്‌ പ്രവർത്തകരുടെ നിസ്സഹകരണവും വോട്ടുകൾ ഉറപ്പാക്കുന്നതിലെ വീഴ്‌ചയും തരൂർ ക്യാമ്പിനെ ആശങ്കയിലാഴ്‌ത്തിയിട്ടുണ്ട്‌.

നഗരമണ്ഡലങ്ങളായ കഴക്കൂട്ടം, തിരുവനന്തപുരം, വട്ടിയൂർക്കാവ്, നേമം എന്നിവിടങ്ങളിൽ തരൂരിന് വലിയ വോട്ട് ചോർച്ച ഉണ്ടായതായാണ്‌ വിവരം. കോൺഗ്രസ് വോട്ടുകൾ പലതും പോൾ ചെയ്യപ്പെട്ടില്ലെന്നും താഴെ തട്ടിൽ പ്രവർത്തിക്കാൻ ആളില്ലായിരുന്നെന്നുമാണ്‌ വ്യക്തമാകുന്നത്‌. ശശി തരൂരിനുവേണ്ടി പ്രവർത്തിക്കാൻ താഴെ തട്ടിൽ കോൺഗ്രസ്‌ പ്രവർത്തകർ തയ്യാറാകുന്നില്ലെന്നും നേതാക്കൾ ഇടപെടാൻ മടിക്കുന്നെന്നും നേരത്തേ ആക്ഷേപമുണ്ടായിരുന്നു. അത്‌ ശരിവയ്‌ക്കുന്നതാണ്‌ ഇ പ്പോൾ പുറത്തുവന്ന ഫോൺ സംഭാഷണം.

കോൺഗ്രസ്‌ പട്ടം ബ്ലോക്ക് പ്രസിഡന്റും കുറവൻകോണം മണ്ഡലം പ്രസിഡന്റും പ്രവർത്തകനോട്‌ ബൂത്ത്‌ ഏജന്റാകാൻ നിർബന്ധിക്കുന്നതാണ്‌ ഫോൺ സംഭാഷണത്തിലുള്ളത്‌. താൻ ബൂത്തിൽ പ്രവർത്തനത്തിന്‌ ഇറങ്ങിയിട്ടില്ലെന്നും ബൂത്തിലിരുന്നാൽ ആളെ തിരിച്ചറിയാനാകില്ലെന്നും പറഞ്ഞാണ്‌ പ്രവർത്തകൻ ഒഴിഞ്ഞുമാറുന്നത്‌. ഹിന്ദിക്കാരെ ആരെയെങ്കിലും ബൂത്തിൽ ഇരുത്തിയാൽ മതിയെന്ന്‌ പ്രവർത്തകൻ പറയുന്നതും സംഭാഷണത്തിലുണ്ട്‌. നഗരമണ്ഡലങ്ങൾ കൂടാതെ കോവളം, നെയ്യാറ്റിൻകര, പാറശാല എന്നിവിടങ്ങളിലും കോൺഗ്രസ്‌ വോട്ടുകൾ പലതും പോൾ ചെയ്‌തിട്ടില്ലെന്നും വിവരമുണ്ട്‌.

Comments
Spread the News