പ്രമുഖ മലയാള സിനിമ നിര്‍മ്മാതാവും മാതൃഭൂമി ഡയറക്ടറുമായ പി.വി ഗംഗാധരന്‍ (80) അന്തരിച്ചു. വെള്ളിയാഴ്ച രാവിലെ ആറരയോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. അസുഖബാധിതനായി ഒരാഴ്ചയായി ചികിത്സയിലായിരുന്നു. ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സ് എന്ന ബാനറില്‍ മലയാള സിനിമയുടെ മുഖമുദ്രയായി മാറിയ നിരവധി സിനിമകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. കെ.എസ്.യു പ്രവര്‍ത്തകനായി രാഷ്ട്രീയ രംഗത്തേക്ക് പ്രവേശിച്ച അദ്ദേഹം എഐസിസി അംഗമാണ്. 2011 ല്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥിയായി കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചിരുന്നു.
കെ.ടി.സി ഗ്രൂപ്പ് ഓഫ് കമ്പനിസ് സ്ഥാപകന്‍ പി.വി.സാമിയുടെയും മാധവി സാമിയുടെയും മകനായി 1943ല്‍ കോഴിക്കോട് ജില്ലയില്‍ ജനിച്ചു. സുജാത, മനസാ വാചാ കര്‍മ്മണാ, അങ്ങാടി, അഹിംസ, ചിരിയോ ചിരി, കാറ്റത്തെ കിളിക്കൂട്, ഇത്തിരി പൂവേ ചുവന്ന പൂവേ, ഒഴിവുകാലം, വാര്‍ത്ത, ഒരു വടക്കന്‍ വീരഗാഥ, എന്നും നന്മകള്‍, അദ്വൈതം, ഏകലവ്യന്‍, തൂവല്‍ക്കൊട്ടാരം, കാണാക്കിനാവ് , എന്ന് സ്വന്തം ജാനകിക്കുട്ടി, വീണ്ടും ചില വീട്ടുകാര്യങ്ങള്‍, കൊച്ചു കൊച്ചു സന്തോഷങ്ങള്‍, ശാന്തം, അച്ചുവിന്റെ അമ്മ, യെസ് യുവര്‍ ഓണര്‍, നോട്ട്ബുക്ക് തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മ്മിച്ചു.
മാതൃഭൂമി മാനേജിങ് എഡിറ്റർ പി.വി. ചന്ദ്രൻ ജ്യേഷ്ഠ സഹോദരനാണ്. പി.വി. ഷെറിൻ ആണ് ഭാര്യ. ചലച്ചിത്ര നിർമാണക്കമ്പനി എസ് ക്യൂബിന്റെ സാരഥികളായ ഷെനുഗ, ഷെഗ്ന, ഷെർഗ എന്നിവർ മക്കളാണ്.
മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ അമരത്ത് പ്രവര്‍ത്തിക്കാന്‍ മൂന്നുതവണ നിയോഗിക്കപ്പെട്ടു. ഈ കാലയളവിലാണ് കോഴിക്കോട് വിമാനത്താവളത്തിന്റെ വികസനത്തിനുള്ള പ്രക്ഷോഭപരിപാടികളും സമ്മര്‍ദതന്ത്രങ്ങളും ചേംബര്‍ ആവിഷ്‌കരിച്ചു നടപ്പാക്കിയത്. മലബാര്‍ എയര്‍പോര്‍ട്ട് കര്‍മസമിതിയുടെയും ട്രെയിന്‍ കര്‍മസമിതിയുടെയും ചെയര്‍മാനാണ്. സിനിമാ നിര്‍മാതാക്കളുടെ അന്തര്‍ദേശീയ സംഘടനയായ ഫിയാഫിന്റെ ഫസ്റ്റ് വൈസ് പ്രസിഡന്റായ ആദ്യത്തെ ഏഷ്യക്കാരനായ അദ്ദേഹം മൂന്നൂതവണയായി പാരീസ് കേന്ദ്രീകരിച്ചുള്ള ഫെഡറേഷന്‍ ഓഫ് ഇന്റര്‍നാഷണല്‍ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ വൈസ് പ്രസിഡന്റ്, സീനിയര്‍ വൈസ് പ്രസിഡന്റ് സ്ഥാനങ്ങളും വഹിച്ചു. കേരളാ സ്റ്റേറ്റ് ഫിലിം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍, കേരളാ ഫിലിം ചേംബര്‍ പ്രസിഡന്റ്, ഫിലിം ഫെഡറേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റ് എന്നിങ്ങനെ ഒട്ടേറെ പ്രധാന പദവികള്‍ വഹിച്ചിരുന്നു. പി.വി.എസ്. ആശുപത്രി ഡയറക്ടര്‍, ശ്രീകണ്‌ഠേശ്വര ക്ഷേത്രയോഗം ഡയറക്ടര്‍, ശ്രീനാരായണ എജ്യുക്കേഷന്‍ സൊസൈറ്റി ഡയറക്ടര്‍, പി.വി.എസ്. നഴ്‌സിങ് സ്‌കൂള്‍ ഡയറക്ടര്‍, മാതൃഭൂമി സ്റ്റഡിസര്‍ക്കിള്‍ ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരുകയായിരുന്നു.
പന്തീരാങ്കാവ് എജുക്കേഷന്‍ സൊസൈറ്റി പ്രസിഡന്റ്, പി.വി.എസ്. കോളേജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് ഡയറക്ടര്‍, പിവി.എസ് ഹൈസ്‌കൂള്‍ ഡയറക്ടര്‍, കാലിക്കറ്റ് സര്‍വകലാശാലാ മുന്‍ സെനറ്റ് അംഗം, കോഴിക്കോട് ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ്, ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി (ഫിക്കി) ദേശീയ എക്‌സിക്യൂട്ടീവ് അംഗം, ഒയിസ്‌ക ഇന്റര്‍നാഷണല്‍ ദക്ഷിണേന്ത്യന്‍ ചാപ്റ്റര്‍ ഡയറക്ടര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു.