മ്യൂസിയത്തിൽ ഒരുങ്ങുന്ന രാജാ രവിവർമ ആർട് ഗ്യാലറിയുടെ നിർമാണം അവസാനഘട്ടത്തിലേക്ക്. രവിവർമയുടെയും സമകാലികരുടെയും സൃഷ്‌ടികളുടെ അമൂല്യശേഖരം സംരക്ഷിക്കുന്നതിനും പ്രദർശിപ്പിക്കുന്നതിനുമായി നിർമിക്കുന്ന പുതിയ കെട്ടിടം അവസാന മിനുക്കു പണികളിലാണ്. സ്ഥലപരിമിതിമൂലം നിലവിൽ പ്രദർശിപ്പിക്കാനാകാത്ത നിരവധി ചിത്രങ്ങളാണ് പുതിയ ഗാലറിയിലുണ്ടാകുക.
ശ്രീചിത്ര ആർട് ഗ്യാലറിയിലുള്ള ശകുന്തളയും ഹംസദമയന്തിയുമടക്കം രാജാ രവിവർമയുടെ 43 യഥാർഥ ചിത്രവും പെൻസിൽ സ്‌കെച്ചുകളും ഇവിടെ പ്രദർശിപ്പിക്കും.രവിവർമ സൃഷ്‌ടികൾക്ക് പുറമേ റഷ്യൻ, ബാലി, ടിബറ്റിൻ, ബംഗാൾ, തഞ്ചാവൂർ, രാജസ്ഥാൻ എന്നിവിടങ്ങളിലെ 200ലധികം ചിത്രങ്ങളുമുണ്ടാകും. പാരമ്പര്യ ഘടനയോടെ അന്തർദേശീയ നിലവാരത്തിലാണ് നിലവിലെ ആർട് ഗ്യാലറിയോട് ചേർന്ന് കെട്ടിടം ഒരുങ്ങുന്നത്.
സംസ്ഥാന സർക്കാരിന്റെ നൂറുദിന പദ്ധതികളിൽ ഉൾപ്പെടുത്തി എട്ടു കോടി രൂപ വിനിയോഗിച്ചാണ് നിർമാണം. 2020ലാണ് പ്രവൃത്തി ആരംഭിച്ചത്. രണ്ട് എക്‌സിബിഷൻ ഹാളുകളും ലൈബ്രറിയും ശാസ്ത്രീയമായി പെയ്‌ന്റിങ്ങുകൾ സംരക്ഷിക്കാൻ സംവിധാനവുമുള്ള കൺസർവേഷൻ ലാബുമാണ് സജ്ജമാവുന്നത്.
Comments