ജനാധിപത്യത്തിന്റെ മഹോത്സവത്തിൽ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷവും അഭിമാനവും മേയർ ആര്യ രാജേന്ദ്രൻ

ജനാധിപത്യത്തിന്റെ മഹോത്സവത്തിൽ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷവും അഭിമാനവും ഉണ്ടെന്ന് മേയർ ആര്യ രാജേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു. വോട്ടിട്ട് കഴിഞ്ഞാൽ പിന്നെ തങ്ങൾക്ക് പ്രത്യേകിച്ച് ഒന്നും ജനാധിപത്യത്തിൽ ചെയ്യാനില്ല എന്ന സാമാന്യധാരണയെ അപ്പാടെ തകർത്ത് തരിപ്പണമാക്കുകയാണ് എൽഡിഎഫ് സർക്കാർ നവകേരളസദസ്സിലൂടെ ചെയ്ത് വച്ചതെന്നും ആര്യ രാജേന്ദ്രൻ കുറിപ്പിൽ പറയുന്നു.

ആര്യ രാജേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ചുവടെ :

14 നിയോജക മണ്ഡലങ്ങളിലും അണമുറിയാതെ ഒഴുകിയെത്തിയ ജനലക്ഷങ്ങളുടെ മനസില്‍ ഒരിക്കലും മായാത്ത ഓര്‍മ്മകള്‍ സമ്മാനിച്ച നവകേരള സദസ്സിന് ഇന്നലെ തിരുവനന്തപുരത്ത് സമാപനമായി.ബഹുമാന്യനായ കാനം രാജേന്ദ്രന്റെ നിര്യാണത്തെ തുടർന്ന് എറണാകുളം ജില്ലയിലെ നാല് മണ്ഡലങ്ങൾ ഒഴികെയുള്ള 136 മണ്ഡലങ്ങളിലായി ലക്ഷക്കണക്കിന് ആളുകളുമായി കേരളത്തിന്റെ മന്ത്രിസഭ ഒന്നാകെ ഒരുമിച്ചിരുന്ന 36 ദിവസങ്ങളാണ് കടന്ന് പോയത്. ജനാധിപത്യം എന്ന വാക്കുപോലും സ്വയം അഭിമാനപൂരിതമാകുന്ന അനുഭവത്തിലൂടെ കടന്ന് പോയിരിക്കുമെന്നുറപ്പ്. വോട്ടിട്ട് കഴിഞ്ഞാൽ പിന്നെ തങ്ങൾക്ക് പ്രത്യേകിച്ച് ഒന്നും ജനാധിപത്യത്തിൽ ചെയ്യാനില്ല എന്ന സാമാന്യധാരണയെ അപ്പാടെ തകർത്ത് തരിപ്പണമാക്കുകയാണ് എൽഡിഎഫ് സർക്കാർ നവകേരളസദസ്സിലൂടെ ചെയ്ത് വച്ചത്. ജനാധിപത്യത്തോടും ജനങ്ങളോടുമുള്ള ഈ അടങ്ങാത്ത പ്രതിബദ്ധത ഒന്നാം പിണറായി സർക്കാരിന്റെ കാലം മുതൽ കാണാനാകും. ഒരു രാഷ്ട്രീയ മുന്നണി തിരഞ്ഞെടുപ്പ് കാലത്ത് ജനങ്ങൾക്ക് നൽകുന്ന വാഗ്ദാനങ്ങളാണ് പ്രകടനപത്രിക, ആ പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ എത്രകണ്ട് നടപ്പാക്കി എന്നത് സംബന്ധിച്ച് ജനങ്ങൾക്ക് മുന്നിൽ ഓരോ വർഷവും ഒരു പ്രോഗ്രസ്സ് റിപ്പോർട്ട് അവതരിപ്പിക്കാനുള്ള ധൈര്യം സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ മറ്റേതെങ്കിലും സർക്കാരിനുണ്ടായിട്ടുണ്ടോ ? അവിടം മുതൽ ഈ നവകേരള സദസ്സ് വരെ എൽഡിഎഫ് സർക്കാർ ജനാധിപത്യത്തെ അതിന്റെ ജീവശ്വാസമായി കണ്ടാണ് മുന്നോട്ട് പോകുന്നത്. ജനങ്ങളിലാണ് ഞങ്ങളുടെ വിശാസം എന്ന് ബഹുമാനപെട്ട മുഖ്യമന്ത്രി മുതൽ താഴോട്ടുള്ള എല്ലാവരും പറയാനുള്ള കാരണവും മറ്റൊന്നല്ല. നട്ടാൽകുരുക്കാത്ത നുണകളുടെ പ്രളയത്തെ ഒന്നാം പിണറായി സർക്കാർ അതിജീവിച്ചതും കൂടുതൽ സീറ്റുകൾ നേടി തുടർഭരണം നേടിയതും, ജനങ്ങളോട് നേരിട്ട് സംവദിച്ചും ജനങ്ങളെ കേട്ടും ജനങ്ങളുടെ ആവശ്യങ്ങൾ പരിഹരിച്ചും, അവരുടെ ജീവിതത്തിൽ ഈ നാട്ടിലൊരു സർക്കാറുണ്ടെന്നും ആ സർക്കാർ തങ്ങളുടെ ജീവിതത്തിന് ഉറച്ച ഒരു കാവലാളാണെന്നും ഏത് പ്രതിസന്ധിയിലും തങ്ങളെ ഒറ്റയ്ക്കാക്കില്ല എന്നും സ്വന്തം ജീവിതാനുഭവങ്ങളിലൂടെ അവർക്കുണ്ടായ ഉറപ്പിന്റെ പേരിലാണ്. ഇപ്പോൾ ഉണ്ടായിരിക്കുന്ന ഈ പ്രതിസന്ധി സ്വാഭാവികമായി ഉണ്ടായതല്ല എന്നും അത് രാഷ്ട്രീയ ദുഷ്ടലാക്കോടെ കേന്ദ്ര ബിജെപി സർക്കാർ കേരളത്തിന് മേൽ അടിച്ചേൽപ്പിച്ച പ്രതിസന്ധി ആണെന്നും ആ പ്രതിസന്ധിയിലും ജനങ്ങളുടെ ഒപ്പമാണ് സർക്കാരെന്നും ഇതിനെ അതിജീവിക്കാനുള്ള സർക്കാരിന്റെ പോരാട്ടത്തിന് ജനങ്ങളുടെ ആകെ പിന്തുണ ഉണ്ടെന്നുമുള്ള ഉറപ്പ് നേടിയാണ് ഇന്നലെ നവകേരള സദസ്സ് തലസ്ഥാനത്ത് സമാപിച്ചത്. ജനാധിപത്യത്തിന്റെ ഈ മഹോത്സവത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിലുള്ള സന്തോഷവും അഭിമാനവും ഇവിടെ പങ്കുവച്ചുകൊള്ളട്ടെ.

https://facebook.com/story.php?story_fbid=pfbid02Gep2GhuJ6CiSgbMfW3B5jYm65BxcBSe6eeYK8nxNo4ncLjEVy3TJhHSVHcbniHwtl&id=100063910651624&mibextid=K8Wfd2

 

 

 

 

 

 

 

Comments
Spread the News