കോൺഗ്രസിന്‍റെ ഉറച്ച സീറ്റെന്നാണ് തൃക്കാക്കര അറിയപ്പെടുന്നത്. മണ്ഡലം നിലവിൽ വന്നതിന് ശേഷം ഇതുവരെ നടന്ന തെരഞ്ഞെടുപ്പുകളിലെല്ലാം യുഡിഎഫിനുവേണ്ടി കോൺഗ്രസ് വിജയിച്ച് വന്ന മണ്ഡലമാണ് തൃക്കാക്കര. എന്നാൽ ഇത്തവണ കോൺഗ്രസിന് കാര്യങ്ങൾ അത്ര എളുപ്പമാകില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. അതിന് കാരണങ്ങൾ നിരവധിയാണ്. ജില്ലയിലെ മുതിർന്ന നേതാവ് കെവി തോമസ് പാർട്ടിയുമായി അകന്ന് നിൽക്കുന്നതാണ് ഇതിൽ പ്രധാനപ്പെട്ടത്. മറ്റൊന്ന് സീറ്റിനെച്ചൊല്ലി കൂടതൽപേർ രംഗത്തെത്തിയാലുണ്ടാകുന്ന പ്രശ്നങ്ങൾ തന്നെ. കോൺഗ്രസിൽ നിന്ന് കൂടുതൽ വോട്ട് ചോർന്നാൽ അത് ഗുണമാവുക ഇടതുപക്ഷത്തിനാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. എറണാകുളം ജില്ലാ ആസ്ഥാനവും കൊച്ചി നഗരസഭയിലെ വിവിധ വാർഡുകളും തൃക്കാക്കര മുനിസിപ്പാലിറ്റിയും ഉൾപ്പെടുന്നതാണ് തൃക്കാക്കര നിയമസഭാ മണ്ഡലം. രൂപംകൊണ്ട നാൾ മുതൽ പതിനായിരത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷം യുഡിഎഫിന് നൽകുന്ന മണ്ഡലമാണിത്. ഇൻഫോപാർക്ക്, പ്രത്യേക സാമ്പത്തിക മേഖല (SEZ) എന്നിവ ഉൾപ്പെടുന്നതും ഈ നിയോജക മണ്ഡലത്തിലാണ്. തൃക്കാക്കര നഗരസഭയിലെ അഴിമതി ആരോപണങ്ങളുടെ പേരിൽ യുഡിഎഫിനുള്ളിൽ തർക്കം നിലനിൽക്കെയാണ് നിയമസഭ തെരഞ്ഞെടുപ്പ് നടക്കാൻ പോകുന്നത്. വിവിധ സ്റ്റാൻന്‍റിങ് കമ്മിറ്റി ചെയർമാൻമാർ ഉൾപ്പെടെ നഗരസഭയിലെ യുഡിഎഫ് നേതൃത്വത്തിന്‍റെ തീരുമാനത്തിനെതിരെ നിലപാട് സ്വീകരിച്ചത് കഴിഞ്ഞദിവസങ്ങളിൽ ചർച്ചയായിരുന്നു. ഇതിന് പുറമെ കെ- റെയിൽ വിഷയവും ചർച്ചയാകുന്ന ജില്ലയിലെ മണ്ഡലമാണ് തൃക്കാക്കര. മണ്ഡലത്തിന്‍റെ കിഴക്കേ അറ്റത്തു കൂടിയാണ് കെ റെയിൽ പാത കടന്നുപോകുന്നത്. പദ്ധതിക്കെതിരെ സംസ്ഥാന വ്യാപകമായി യുഡിഎഫ് പ്രതിഷേധം നടത്തുമ്പോൾ തൃക്കാക്കരയിലെ വോട്ടർമാർ എങ്ങനെ ഇതിനോട് പ്രതികരിക്കുമെന്നതും കാത്തിരുന്നു കാണേണ്ടതുണ്ട്.
തൃക്കാക്കര മണ്ഡലത്തിൽ ഇതിനോടകം തന്നെ സാന്നിധ്യം അറിയിച്ച രാഷ്ട്രീയ പാർട്ടിയാണ് ട്വന്‍റി20. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ തൃക്കാക്കരയിൽ ട്വന്‍റി 20യ്ക്കായി മത്സരിച്ച ഡോ. ടെറി തോമസിന് 13,773 വോട്ടുകൾ ലഭിച്ചിരുന്നു. പോൾ ചെയ്തതിന്‍റെ 10.25 ശതമാനം വരും ഇത്. 11.32 ശതമാനം വോട്ട് നേടിയ ബിജെപിയ്ക്ക് തൊട്ടുപിന്നിലാണ് ട്വന്‍റി20 നിലവിൽ തൃക്കാക്കരയിലുള്ളത്. ഇതിന് പുറമെയാണ് വി 4 കൊച്ചിയുടെ സാന്നിധ്യം. മൂന്ന് പാർട്ടികളും കോൺഗ്രസ് വോട്ടുബാങ്കിൽ വിള്ളൽ വീഴ്ത്തിയാൽ അത് ഗുണം ചെയ്യുക ഇടതുപക്ഷത്തിന് തന്നെയാണ്.