കാഴ്ച കാണാം, തുറന്ന ബസിൽ

യൂറോപ്യൻ നഗരങ്ങളുടെ മുഖമായ തുറന്ന ഡബിൾ ഡെക്കർ ബസുകൾ ഇനി തലസ്ഥാന നഗരത്തിന്റെയും ഭാഗമാകും. കേരളത്തിൽ തന്നെ ആദ്യമായാണ്‌ ഇത്തരത്തിലുള്ള ബസ്‌ സർവീസ്‌ ആരംഭിക്കുന്നത്‌. നഗരത്തിലെത്തുന്ന വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനാണ്‌  “കെഎസ്ആർടിസി സിറ്റി റൈഡ്‌’എന്ന പേരിൽ സർവീസ്‌ ആരംഭിക്കുക.  തിങ്കൾ വൈകിട്ട്‌ 6.45ന് കിഴക്കേകോട്ട ഗാന്ധി പാർക്കിൽ മന്ത്രി പി എ  മുഹമ്മദ് റിയാസ് സർവീസ്‌ ഫ്ളാഗ് ഓഫ് ചെയ്യും. ഗതാഗത മന്ത്രി ആന്റണി രാജു അധ്യക്ഷനാകും.
കെഎസ്ആർടിസി ബഡ്‌ജറ്റ് ടൂർസാണ് സഞ്ചാരികൾക്ക് നഗരം ചുറ്റി കാണുന്നതിനായി സൗകര്യം ഒരുക്കുന്നത്.  തിരുവനന്തപുരത്തെ സായാഹ്ന, രാത്രി കാഴ്ചകൾ ആസ്വദിക്കാൻ ഇനി വിനോദ സഞ്ചാരികൾക്ക് സിറ്റി റൈഡ്‌ സഹായകരമാകും. പത്മനാഭസ്വാമി ക്ഷേത്രം, സെക്രട്ടറിയറ്റ്, നിയമസഭ, മ്യൂസിയം, കനകക്കുന്ന് കൊട്ടാരം, വെള്ളയമ്പലം, കോവളം, ലുലുമാൾ റൂട്ടിലാണ് രാത്രി സർവീസ്. വൈകിട്ട്‌ അഞ്ചുമുതൽ രാത്രി പത്തുവരെ നീണ്ടു നിൽക്കുന്ന നൈറ്റ് സിറ്റി റൈഡും  രാവിലെ ഒമ്പതുമുതൽ വൈകിട്ട്‌ നാലുവരെ നീണ്ടുനിൽക്കുന്ന ഡേ സിറ്റി റൈഡുമാണ് നടത്തുന്നത്. 250 രൂപയാണ് ടിക്കറ്റ് നിരക്ക്. പ്രാരംഭ ഓഫർ എന്ന നിലയ്ക്ക് 200 രൂപയ്ക്ക് ടിക്കറ്റ് ലഭിക്കും. യാത്രക്കാർക്ക് പലഹാരവും ശീതളപാനീയവും ലഭ്യമാക്കും. ഡേ ആൻഡ് നൈറ്റ് റൈഡ് ഒരുമിച്ച് എടുക്കുന്നവർക്ക് ഒരു ദിവസം 350 രൂപയുടെ ടിക്കറ്റും ലഭ്യമാകും.

 

Comments
Spread the News