തലസ്ഥാനത്ത് കോൺഗ്രസ്സ് സംശയത്തിന്റെ നിഴലിൽ

തലസ്ഥാനത്ത് തിരഞ്ഞെടുപ്പ് ചൂട് കൂടുംതോറും കോൺഗ്രസ്സ് സംശയത്തിന്റെ നിഴലിൽ ആകുന്നതായി റിപോർട്ടുകൾ. ജനങ്ങൾക്കിടയിൽ, വിശിഷ്യാ ന്യൂനപക്ഷങ്ങൾക്കിടയിൽ കോൺഗ്രസ്സിന്റെ വിശ്വാസ്യത തകർന്നതായി സർവ്വേ ഫലങ്ങൾ സൂചിപ്പിക്കുന്നു.

ബിജെപിയുമായി ഉണ്ടാക്കിയ ധാരണയാണ് കോൺഗ്രസ്സിന് വിനയാകുന്നത്. ഇത്തവണ കോൺഗ്രസ്സ് രഹിത തദ്ദേശ ഭരണമായിരിക്കും തലസ്ഥാനത്ത് എന്നാണ് നിരീക്ഷകർ പറയുന്നത്. മുൻ മന്ത്രിയും ഇപ്പോൾ എംഎൽഎയുമായ വിഎസ് ശിവകുമാർ തിരുവനന്തപുരം കോർപറേഷനിൽ ലക്ഷക്കണക്കിന് രൂപയുടെ കച്ചവടമാണ് ബിജെപിയുമായി ഉറപ്പിച്ചിട്ടുള്ളത്. കോൺഗ്രസ്സിന്റെ ശക്തികേന്ദ്രങ്ങളിൽ ഇത്തവണ പാർട്ടി ഫണ്ട് കാര്യമായി കൊടുക്കാതെ പ്രവർത്തകരെ നിരുത്സാഹപ്പെടുത്തുക എന്നതാണ് ശിവകുമാറിന്റെ അടവ്. ന്യൂനപക്ഷ മേഖലകളിൽ പോലും കോൺഗ്രസ്സ് പ്രവർത്തകർ കടുത്ത നിരാശയിലാണ്. മാത്രമല്ല ബിജെപിയ്ക്ക് അനുകൂലമായി കോൺഗ്രസ്സ് വോട്ടുകൾ വിൽക്കുന്നത് വിദൂരഭാവിയിൽ തങ്ങളുടെ നിലനിൽപ്പിന് തന്നെ ഭീഷണിയായേക്കുമെന്നും അവർ കരുതുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് അധികാരത്തിൽ എത്തും എന്ന വിശ്വാസത്തിൽ കോൺഗ്രസിനൊപ്പം നിന്ന ജനവിഭാഗങ്ങൾ പക്ഷേ ഇത്തവണ അങ്ങനെ ചിന്തിക്കുന്നില്ല എന്നതാണ് വസ്തുത. പൗരത്വ ബില്ലിനെതിരെയും , കശ്മീർ പ്രശ്നത്തിലും, ബാബ്‌റി മസ്ജിദ് കേസ് വിധിയോടും കോൺഗ്രസ് സ്വീകരിച്ച സമീപനം ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിൽ കടുത്ത ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്. ഈ ആശങ്ക ഇടതുമുന്നണിയ്ക്ക് ഗുണകരമാകുമെന്നാണ് കരുതുന്നത്. പൗരത്വ ബില്ല് നടപ്പാക്കില്ല എന്ന കേരളത്തിന്റെ ഉറച്ച പ്രഖ്യാപനം ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്ത് നിന്നും കേട്ടില്ല എന്നത് സാധാരണ ജനങ്ങൾക്കിടയിൽ വലിയ പ്രതീക്ഷ നൽകുന്ന ഒന്നായി മാറിയിട്ടുണ്ട്. ഏത് ആപത് ഘട്ടത്തിലും കേരളത്തിന് വേണ്ടി ശക്തമായ നേതൃത്വം നൽകാൻ കഴിയുന്ന ഭരണമാണ് ഇപ്പോൾ ഉള്ളതെന്ന് ജനങ്ങൾ പൊതുവിൽ കരുതുന്നു. വിവാദങ്ങൾ രാഷ്ട്രീയമാണെന്നും അതിനേക്കാൾ പ്രധാനമാണ് ജീവിതമെന്നും ജനങ്ങൾ പറയുന്നു. പ്രാദേശിക തിരഞ്ഞെടുപ്പല്ലേ ഇതിൽ ദേശീയ പ്രശ്നങ്ങൾ പ്രധാനമാണോ എന്ന ചോദ്യത്തോട് ജനങ്ങൾ പൊതുവിൽ പ്രതികരിച്ചത് ഇങ്ങനെയാണ് : ” തിരഞ്ഞെടുപ്പ് ഏതായാലും ശരി ഞങ്ങൾക്ക് സമാധാനമായി ജീവിക്കണം , അല്ലലില്ലാതെ ജീവിക്കണം, അതിന് ഇപ്പോഴത്തെ ഭരണം സഹായിക്കുന്നുണ്ട്, കോൺഗ്രസ്സിന് ഇങ്ങനെയൊക്കെ ചെയ്യാൻ കഴിയുമെന്ന് തോന്നുന്നില്ല , രാഹുൽഗാന്ധി പോലും വാ തുറക്കുന്നില്ല , പിന്നെങ്ങനെ കോൺഗ്രസ്സിനെ വിശ്വസിക്കും ” .

കോർപറേഷനിലെ 30 വാർഡുകളിലെ 3000 ത്തോളം വോട്ടർമാരുടെ പ്രതികരണമാണ് ഞങ്ങൾ തേടിയത്. 100 വാർഡുകളിലും ജനങ്ങളുടെ സ്വാഭാവിക പ്രതികരണങ്ങൾ ശേഖരിക്കുന്നുണ്ട്.

Comments
Spread the News