റോഡിലുണ്ടായ വാക്കുതർക്കത്തെ തുടർന്ന് ആർഎസ്എസ് ക്രിമിനൽ സംഘം പൊലീസുകാരനെയും കുടുംബത്തെയും വീട്ടിൽക്കയറി അക്രമിച്ചു. നെട്ടയം മലമുകൾ രാജീരംഗിൽ മിഥുൻ, സഹോദരൻ അമൽറോയ്, ഇവരുടെ അമ്മ രാജി, മിഥുന്റെ ഭാര്യ മോനിഷ എന്നിവർക്കാണ് പരിക്കേറ്റത്. ഞായർ പകൽ സമയത്താണ് ആക്രമണത്തിന് കാരണമായ സംഭവം.
എആർ ക്യാമ്പിൽ പൊലീസുകാരനായ മിഥുൻ ഓടിച്ച കാർ നെട്ടയത്തുവച്ച് മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കവേ കണ്ണാടി അജി എന്ന ആർഎസ്എസ് നേതാവിനെ തട്ടാൻപോയി എന്നാരോപിച്ച് തർക്കമുണ്ടായി. ഇവിടെനിന്ന് മിഥുൻ വീട്ടിലെത്തി. എന്നാൽ, വൈകിട്ട് ഏഴോടെ അജി, മലമുകൾ സ്വദേശികളായ സന്തോഷ്, സുധി, സജി, അനന്ദു, അഭിലാഷ് എന്നിവരുടെ നേതൃത്വത്തിലുള്ള 15ഓളം വരുന്ന ആർഎസ്എസ് ക്രിമിനൽ സംഘം വീട്ടിൽ അതിക്രമിച്ചുകയറി ആക്രമണം നടത്തി. അമൽറോയിക്കും അമ്മ രാജിക്കും മാരകമായി പരിക്കേറ്റു. കമ്പിപ്പാര, ദണ്ഡ്, കുറുവടി എന്നിവ ഉപയോഗിച്ച് അമലിനെ ശരീരമാസകലം അടിച്ചു. രാജിയെയും മോനിഷയെയും ആക്രമിച്ചു. ദണ്ഡ് ഒടിയുന്നതുവരെ ഇവരെ അടിച്ചു. വീട്ടുസാധനങ്ങൾ തകർക്കുകയും ഗ്യാസ് തുറന്നുവിട്ട് വീട് തകർക്കാനും ശ്രമിച്ചു. ഏറെനേരം ഭീകരാന്തരീക്ഷം സൃഷ്‌ടിച്ചാണ് സംഘം മടങ്ങിയത്.
പരിക്കേറ്റവരെ പേരൂർക്കട ജില്ലാ മാതൃകാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വട്ടിയൂർക്കാവ് പൊലീസ് കേസെടുത്തു. നെട്ടയം, മലമുകൾ, മണികണ്ഠേശ്വരം വട്ടിയൂർക്കാവ് പ്രദേശങ്ങളിൽ ആക്രമണങ്ങളും ഭീകരാന്തരീക്ഷം സൃഷ്ടിക്കലും ആർഎസ്എസിന്റെ പതിവുരീതിയാണ്. മാസങ്ങൾക്കുമുമ്പ് വാഹന സിസി പിടിത്തവുമായി ബന്ധപ്പെട്ട് ആർഎസ്എസ് ക്രിമിനലുകൾ തമ്മിലടിച്ചിരുന്നു. പ്രദേശത്തെ സമാധാനാന്തരീക്ഷം തകർക്കാനും അരക്ഷിതാവസ്ഥ സൃഷ്ടിക്കാനുമാണ് ആർഎസ്എസ് ശ്രമമെന്നും അക്രമിസംഘത്തെ പിടികൂടണമെന്നും സിപിഐ എം പേരൂർക്കട ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു.