മേയറെ അധിക്ഷേപിച്ച ബസ്സിലെ ക്യാമറയുടെ മെമ്മറി കാർഡ് കാണാനില്ല

മേയറെ അധിക്ഷേപിച്ച കേസിൽ തർക്കത്തിലായ കെഎസ്ആര്‍ടിസി ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ല. ബസ് പരിശോധിച്ചു എങ്കിലും കാർഡ് കണ്ടെത്തിയില്ലെന്നാണ് പൊലീസ് റിപ്പോർട്ട്.

ബസില്‍ മൂന്ന് നിരീക്ഷണ ക്യാമറകളുണ്ടായിരുന്നു. മേയര്‍ ആര്യാ രാജേന്ദ്രനുനേരെ ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചെന്ന കേസിൽ ബസിലെ ദൃശ്യങ്ങള്‍ പരിശോധിക്കണമെന്നത് നിർണ്ണായകമായിരുന്നു.

പോലീസ് ഇന്ന് രാവിലെയാണ് ബസ് പരിശോധിക്കാനെത്തിയത്. ക്യാമറയുടെ ഡിവിആര്‍ ലഭിച്ചു. എങ്കിലും അതിൽ മെമ്മറി കാര്‍ഡ് ഉണ്ടായിരുന്നില്ല. മെമ്മറി കാർഡ് നേരത്തെ ഉണ്ടായിരുന്നോ എന്നും ആരെങ്കിലും മാറ്റിയതാണോ എന്ന് വ്യക്തമല്ല.

കാർഡും ക്യാമറയും പുതിയത്

മന്ത്രി കെ.ബി ഗണേഷ്‌കുമാറിന്റെ നിര്‍ദേശപ്രകാരം അടുത്തിടെ ക്യാമറ ഘടിപ്പിച്ച ബസുകളിലൊന്നാണിത്. മുന്നിലും പിന്നിലും ബസിന് ഉള്ളിലും ക്യാമറയുണ്ടായിരുന്നു. ഒരാഴ്ച ദൃശ്യങ്ങള്‍ സൂക്ഷിക്കാനാകുന്ന തരത്തിലാണ് ക്യാമറകളുടെ ക്രമീകരണം. ബസിലെ യാത്രക്കാരെ ആരാണ് ഇറക്കിവിട്ടതെന്നതിനും ഡ്രൈവറുടെ കാബിനില്‍ നടന്ന സംഭവങ്ങൾക്കും ഇത് തെളിവാകുമായിരുന്നു.

നേരത്തെയും കേസ്

സ്വകാര്യ ബസ് ഡ്രൈവറായിരുന്ന സമയത്ത് യദു മുമ്പും അശ്രദ്ധമായി വണ്ടിയോടിച്ച് അപകടമുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. 2022 യദു ഓടിച്ച സ്വകാര്യ ബസ് ഇടിച്ച് സ്ത്രീക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. അന്ന് തമ്പാനൂർ പൊലീസ് യദുവിനെതിരെ കേസെടുത്തിരുന്നു. 2017 ൽ അപകടകരമായ രീതിയിൽ വണ്ടി ഓടിച്ചതിന് യദുവിനെതിരെ പേരൂർക്കട പൊലിസും കേസെടുത്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം രാത്രി പാളയത്ത് വെച്ചായിരുന്നു തിരുവനന്തപുരം മേയറും കെഎസ്ആർടിസി ഡ്രൈവറും തമ്മിൽ നടുറോഡിൽ വാക്കേറ്റമുണ്ടായത്. മേയറും ഭർത്താവ് സച്ചിൻ ദേവ് എംഎൽഎയും കുടുംബവും സഞ്ചരിച്ച കാറിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലിയായിരുന്നു തർക്കം. പ്ലാമൂട് വെച്ച് ആദ്യം ബസ് കാറിനെ ഇടിക്കുന്ന രീതിയിൽ ഓടിച്ചെന്നും പിന്നാലെ ഡ്രൈവർ അശ്ലീല ആംഗ്യം കാണിച്ചെന്നുമാണ് മേയറുടെ പരാതി. ആര്യ രാജേന്ദ്രന്‍റെ പരാതിയില്‍ കെഎസ്ആർടിസി ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

Comments
Spread the News