ഇന്ത്യയിലെ ഈ വർഷത്തെ അതിസമ്പന്നരുടെ പട്ടിക ഫോർബ്‌സ് പുറത്തിറക്കി. റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി പട്ടികയിലെ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിയെ മറികടന്നാണ് നേട്ടം. നിലവിൽ പട്ടികയിൽ രണ്ടാം സ്ഥാനത്താണ് അദാനി. ഓഗസ്റ്റിൽ തന്റെ മൂന്ന് മക്കളെ റിലയൻസിന്റെ ബോർഡിലെ നോൺ എക്‌സിക്യൂട്ടീവ് ഡയറക്ടർമാരായി നിയമിച്ചുകൊണ്ട് അംബാനി തന്റെ പിന്തുടർച്ചാവകാശവും ഉറപ്പിച്ചിരുന്നു.
അംബാനിയെ മറികടന്ന് കഴിഞ്ഞ വർഷം ആദ്യമായി ഇന്ത്യയിലെ ഏറ്റവും ധനികനായ വ്യക്തിയായി ഗൗതം അദാനി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ജനുവരിയിലെ ഹിൻഡൻബർഗ് റിസർച്ച് റിപ്പോർട്ടിനു ശേഷം അദാനി ഗ്രൂപ്പിന്റെ ഓഹരികൾ ഇടിഞ്ഞത് അദ്ദേഹത്തിന് തിരിച്ചടിയായി. “അദാനിയുടെ കുടുംബം കൂടി ഉൾപ്പെടുന്ന അദ്ദേഹത്തിന്റെ ആകെ ആസ്തി 82 ബില്യൺ ഡോളറിൽ നിന്ന് 68 ബില്യൺ ഡോളറായി കുറഞ്ഞു. അങ്ങനെ അദ്ദേഹം രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു,” എന്നും ഫോബ്സ് റിപ്പോർട്ട് ചൂണ്ടിക്കാട്ടി. വ്യവസായിയായ ശിവ് നാടാർ ആണ് മൂന്നാം സ്ഥാനത്ത്. എച്ച്‌സിഎൽ ടെക്‌നോളജീസിന്റെ ഓഹരികൾ കഴിഞ്ഞ വർഷം 42 ശതമാനം കുതിച്ചുയർന്നതോടെയാണ്, 29.3 ബില്യൺ ഡോളർ ആസ്തിയുമായി സോഫ്‌റ്റ്‌വെയർ വ്യവസായിയായ ശിവ് നാടാർ രണ്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി മൂന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തിയത്.
”പവർ ആൻഡ് സ്റ്റീൽ കമ്പനിയായ ഒ.പി. ജിൻഡാൽ ഗ്രൂപ്പിന്റെ ചെയർപേഴ്സൺ സാവിത്രി ജിൻഡാൽ, 24 ബില്യൺ ഡോളർ ആസ്തിയുമായി പട്ടികയിൽ നാലാം സ്ഥാനത്താണ്. അഞ്ചാം സ്ഥാനത്ത് എത്തിയിരിക്കുന്നത് അവന്യൂ സൂപ്പർമാർട്ട് തലവൻ രാധാകിഷൻ ദമാനിയാണ്, അദ്ദേഹത്തിന്റെ ആസ്തി മുൻപത്തെ 27.6 ബില്യൺ ഡോളറിൽ നിന്ന് 23 ബില്യൺ ഡോളറായി കുറഞ്ഞു”, എന്നും ഫോബ്സ് റിപ്പോർട്ടിൽ പറയുന്നു.
”ഇന്ത്യ ഉയരങ്ങളിലേക്ക് കുതിക്കുകയാണ്. ആഗോള നിക്ഷേപകർ ഇത് മികച്ചൊരു നിക്ഷേപ സ്ഥലമായി കണക്കാക്കപ്പെടുന്നു”, ഏഷ്യാ വെൽത്ത് എഡിറ്ററും ഫോർബ്‌സ് ഏഷ്യയുടെ ഇന്ത്യ എഡിറ്ററുമായ നസ്‌നീൻ കർമാലി പറഞ്ഞു:
ഏറ്റവും കൂടുതൽ നേട്ടം ഉണ്ടായത് ആർക്കൊക്കെ?
ഫോബ്‌സ് ഇന്ത്യ റിച്ച് ലിസ്റ്റ് 2023 അനുസരിച്ച്, 6.4 ബില്യൺ ഡോളറുമായി 32-ാം സ്ഥാനത്തുള്ള ഇന്ദർ ജയ്‌സിംഗാനിയാണ് ഈ വർഷം ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ആസ്തി ഏകദേശം ഇരട്ടിയായെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ഫാർമ രംഗത്തു പ്രവർത്തിക്കുന്ന സഹോദരന്മാരായ രമേശും രാജീവ് ജുനേജയും തങ്ങളുടെ മാൻകൈൻഡ് ഫാർമയുടെ മെയ് ലിസ്റ്റിംഗിൽ നിന്ന് 64 ശതമാനം വർദ്ധനവ് നേടി. ഇവർ 6.9 ബില്യൺ ഡോളറുമായി പട്ടികയിൽ 29-ാം സ്ഥാനത്തെത്തി.
പട്ടികയിലെ പുതുമുഖങ്ങൾ
പട്ടികയിൽ ഈ വർഷം മൂന്ന് പുതുമുഖങ്ങളാണുള്ളത്. ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന റീട്ടെയ്‌ലിംഗ് ഭീമനായ ലാൻഡ്‌മാർക്ക് ഗ്രൂപ്പിന്റെ ചെയർപേഴ്സൺ രേണുക ജഗ്തിയാനിയാണ് ഇതിൽ ഒരാൾ. ഇവരുടെ ഭർത്താവ് ഇക്കഴിഞ്ഞ മെയിൽ അന്തരിച്ചതിനെത്തുടർന്നാണ് രേണുക സ്ഥാനം ഏറ്റെടുത്തത്. സെപ്തംബറിൽ അന്തരിച്ച ഏഷ്യൻ പെയിന്റ്സിന്റ്സ് സഹസ്ഥാപകൻ അശ്വിൻ ഡാനിയുടെ അനന്തരാവകാശികളാണ് പട്ടികയിലെ രണ്ടാമത്തെ പുതുമുഖം. മൂന്നാമത്തേത് വസ്ത്ര കയറ്റുമതി രംഗത്തു പ്രവർത്തിക്കുന്ന സ്ഥാപനമായ കെ.പി.ആർ. മിൽ സ്ഥാപകനും ചെയർമാനുമായ കെ.പി. രാമസാമിയാണ്.