അപകീര്‍ത്തി കേസ്: തെഹല്‍ക്ക സൈനിക ഉദ്യോഗസ്ഥന് രണ്ടു കോടി രൂപ നഷ്ടപരിഹാരം നല്‍കണം 

2001ലെ തെഹല്‍ക്ക ഡോട്ട് കോമിന്റെ ഒളിക്യാമറ ഓപ്പറേഷനുമായി ബന്ധപ്പെട്ട അപകീര്‍ത്തി കേസില്‍  സൈനിക ഉദ്യോഗസ്ഥന് 2 കോടി നഷ്ടപരിഹാരം വിധിച്ച് ഡല്‍ഹി ഹൈക്കോടതി. പ്രതിരോധ ഇടപാടുകള്‍ക്കായി സൈനിക ഉദ്യോഗസ്ഥന്‍ കൈക്കൂലി വാങ്ങിയെന്ന ആരോപിച്ചായിരുന്നു തെഹല്‍ക്കയുടെ റിപ്പോര്‍ട്ട്.

മേജര്‍ ജനറല്‍ എംഎസ് അലുവാലിയയ്ക്കാണ് ഈ നഷ്ടപരിഹാരത്തുക ലഭിക്കുക. തെഹല്‍ക ഡോട്ട് കോം,  അതിന്റെ ഉടമയായ എം/എസ് ബഫലോ കമ്മ്യൂണിക്കേഷന്‍സ്,  പ്രൊപ്രൈറ്റര്‍ തരുണ്‍ തേജ്പാല്‍, റിപ്പോര്‍ട്ടര്‍മാരായ അനിരുദ്ധ ബഹല്‍, മാത്യു സാമുവല്‍ എന്നിവര്‍ ചേര്‍ന്നാണ് നഷ്ടപരിഹാരത്തുക നല്‍കേണ്ടതെന്നും കോടതി വിധിച്ചു.

2001 മാര്‍ച്ച് 13നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അന്ന് തെഹല്‍ക്ക ഓപ്പറേഷന്‍ വെസ്റ്റ് എന്‍ഡ് എന്ന തലക്കെട്ടോടെ ഒരു റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു. പുതിയ പ്രതിരോധ ഉപകരണങ്ങള്‍ വാങ്ങിയതില്‍ അഴിമതി നടന്നിട്ടുണ്ടെന്നായിരുന്നു ഈ റിപ്പോര്‍ട്ടിലൂടെ ആരോപിച്ചത്.

സത്യസന്ധനായ ഒരു സൈനികോദ്യോഗസ്ഥന്റെ പേരിനെ കളങ്കപ്പെടുത്തുന്ന ആരോപണമാണിതെന്ന് കേസ് പരിഗണിച്ച ജസ്റ്റിസ് നീന ബന്‍സല്‍ കൃഷ്ണ പറഞ്ഞു. 23 വര്‍ഷത്തിന് ശേഷം മാപ്പ് അപേക്ഷ നല്‍കുന്നത് അര്‍ത്ഥ ശൂന്യമാണെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.

അഴിമതിയാരോപണങ്ങളുടെ പേരില്‍ പരാതിക്കാരന്‍ ഒരുപാട് മാനസിക സമ്മര്‍ദ്ദം അനുഭവിച്ചുവെന്നും അദ്ദേഹത്തിന്റ വ്യക്തിത്വത്തിന് വരെ മങ്ങലേറ്റെന്നും കോടതി ചൂണ്ടിക്കാട്ടി.

”ഒരാളുടെ നഷ്ടപ്പെട്ട പ്രശസ്തി വീണ്ടെടുക്കാനുള്ള ശക്തി സത്യത്തിനില്ല,” എന്നും കോടതി നിരീക്ഷിച്ചു. സമ്പത്ത് നഷ്ടപ്പെട്ടാല്‍ അത് തിരിച്ചു പിടിക്കാന്‍ സാധിക്കും. എന്നാല്‍ ഒരാളുടെ അഭിമാനത്തിന് മേല്‍ ഏറ്റ ക്ഷതം ലക്ഷക്കണക്കിന് രൂപ നല്‍കിയാലും വീണ്ടെടുക്കാന്‍ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു.

അലുവാലിയയ്ക്ക് വേണ്ടി ചേതന്‍ ആനന്ദ് എന്ന അഭിഭാഷകനാണ് ഹാജരായത്. അലുവാലിയ കൈക്കൂലി വാങ്ങിയെന്നായിരുന്നു തെഹല്‍ക്ക റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നതെന്ന് അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. അതിലൂടെ തന്റെ കക്ഷിയെ അപകീര്‍ത്തിപ്പെടുത്തുകയായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം  പ്രതിഭാഗം ഉന്നയിച്ച സത്യം, പൊതുജനനന്മ, എന്നീ വാദങ്ങളെ കോടതി തള്ളുകയായിരുന്നു. സത്യസന്ധനായ വ്യക്തി 50000 രൂപ കൈക്കൂലി വാങ്ങിയെന്ന് തെറ്റായ ആരോപണം നടത്തുന്നതിനേക്കാള്‍ വലിയ അപകീര്‍ത്തി മറ്റൊന്നുമില്ലെന്ന് കോടതി നിരീക്ഷിച്ചു.

Comments
Spread the News