ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കാലമാണിത്. വിവിധ സ്ഥാപനങ്ങള്‍ എഐ സാങ്കേതികതയെ കൂടുതലായി ആശ്രയിച്ച് തുടങ്ങിയതോടെ നിരവധിപ്പേർക്കാണ് ജോലി നഷ്ടമായിക്കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ബെംഗളൂരു ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പ് ‘ഡുകാൻ’ 90 ശതമാനം കസ്റ്റമർ സപ്പോർട്ട് ടീമിനെയും പുറത്താക്കുകയും പകരം ചാറ്റ്ബോട്ടുകളെ ഉപയോഗിക്കുകയും ചെയ്ത വാർത്തയാണ് പുറത്തുവരുന്നത്.
ഇതുസംബന്ധിച്ച് ഡുകാൻ സ്ഥാപകനായ സുമിത് ഷാ പങ്കുവെച്ച ട്വീറ്റ് സാമൂഹ്യമാധ്യമങ്ങളിൽ ചർച്ചയായി. ഉപഭോക്താക്കളുടെ ചോദ്യങ്ങൾക്കുള്ള മറുപടി തക്കസമയത്ത് തന്നെ നൽകുന്നതിന് ചാറ്റ്ബോട്ടുകളിലൂടെ കഴിഞ്ഞുവെന്നും ചെലവ് കുറഞ്ഞുവെന്നുമാണ് സുമിത് ട്വീറ്റ് ചെയ്തത്. അതിനാൽ കസ്റ്റമർ സപ്പോർട്ട് ടീമിലെ 90 ശതമാനം പേരെയും പറഞ്ഞുവിട്ടെന്നും ട്വീറ്റിലുണ്ട്.
ഇത് ഹൃദ്യമല്ലാത്ത തീരുമാനമാണെന്നും സ്റ്റാഫിന്റെ ജീവിതത്തെ ഇതിലൂടെ തടസപ്പെടുത്തുകയുമാണെന്നാണ് പലഭാഗങ്ങളിൽ നിന്നും ഉയരുന്ന വിമർശനം. സഹസ്ഥാപകനും സിടിഒയുമായ സുഭാഷ് ചൗധരിയോടൊപ്പം 2020 ജൂണിലാണ് സുമിത് ഷാ ഡുകാൻ തുടങ്ങിയത്.