തിരുവനന്തപുരം : പക്ഷാഘാത ചികിത്സയ്ക്ക് പുത്തൻ ഉണർവുമായി മെഡിക്കൽ കോളേജ് ആശുപത്രി. ഒന്നരവർഷത്തിനിടെ 326 തീവ്രപക്ഷാഘാത രോഗികളാണ് ഇവിടത്തെ ചികിത്സയിൽ ജീവിതത്തിലേക്ക് തിരിച്ചുവന്നത്. 2020ൽ 146 രോഗികളും 2021 സെപ്തംബർവരെ 180 രോഗികൾക്കും ത്രോംബോളൈറ്റിക് ചികിത്സ നൽകി. പക്ഷാഘാത രോഗികൾക്ക് സത്വര ചികിത്സ നൽകുന്നതിനായി കഴിഞ്ഞ എൽഡിഎഫ് സർക്കാർ മുൻകൈയെടുത്ത് അഞ്ചുകോടി ചെലവഴിച്ച് സ്ട്രോക്ക് യൂണിറ്റ് മെച്ചപ്പെടുത്താൻ നടപടി സ്വീകരിച്ചിരുന്നു.
ഇതിന്റെ ഭാഗമായി ന്യൂറോളജി വിഭാഗത്തിനു കീഴിൽ കോംപ്രിഹെൻസീവ് സ്ട്രോക്ക് സെന്റർ സ്ഥാപിക്കാനുള്ള നടപടി പുരോഗമിക്കുകയാണ്. സ്ട്രോക്ക് ഐസിയു, സ്ട്രോക്ക് കാത്ത് ലാബ്, സ്റ്റെപ് ഡൗൺ മുറികൾ എന്നിവയുടെ നിർമാണം അവസാനഘട്ടത്തിലാണ്. എത്രയും വേഗം യൂണിറ്റ് പൂർത്തീകരിക്കുന്നതിന് ആരോഗ്യ മന്ത്രി വീണാ ജോർജ് നിർദേശം നൽകിയിട്ടുണ്ട്. 128 സ്‌ലൈസ് സിടി ആൻജിയോഗ്രം പ്രവർത്തനമാരംഭിച്ചു. ന്യൂറോളജി വിഭാഗം മേധാവി ഡോ. തോമസ് ഐപ്പിന്റെ നേതൃത്വത്തിലാണ് സ്ട്രോക്ക് യൂണിറ്റ് പ്രവർത്തിക്കുന്നത്.

ചികിത്സ വൈകരുത്
പക്ഷാഘാതത്തിന്റെ ചികിത്സ സമയത്തെ ആശ്രയിച്ചാണ്.- എത്രയും വേഗം ചികിത്സ ലഭിക്കുന്നുവോ അത്രയും മെച്ചപ്പെട്ട ഫലം ലഭിക്കും. രക്തക്കുഴലുകളിൽ രക്തം കട്ടപിടിച്ചുണ്ടാകുന്ന പക്ഷാഘാതങ്ങളിൽ ക്ലോട്ട് അലിയിച്ചുകളയാനുള്ള മരുന്ന് ഇഞ്ചക്‌ഷനായി നൽകണം. രോഗികൾക്ക് ഈ ചികിത്സ ലഭ്യമാകണമെങ്കിൽ പക്ഷാഘാതത്തിന്റെ ലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് ഉടൻ ആശുപത്രിയിൽ എത്തിക്കണം. ഈവർഷത്തെ ലോക പക്ഷാഘാത ദിനാചരണത്തിന്റെ പ്രധാന സന്ദേശവും ഇതാണ്.
പുരസ്‌കാരനിറവിൽ മെഡിക്കൽ കോളേജ്
വേൾഡ് സ്ട്രോക്ക് ഓർഗനൈസേഷന്റെ ഡയമണ്ട് അവാർഡ് തിരുവനന്തപുരം മെഡിക്കൽ കോളേജ് കരസ്ഥമാക്കി. അതിവേഗ പക്ഷാഘാത ചികിത്സയിലൂടെ രോഗികളെ ജീവിതത്തിലേക്ക് തിരികെക്കൊണ്ടുവന്നതിനുള്ള അംഗീകാരമായാണ് അവാർഡ്.
സർക്കാർ മേഖലയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിനു മാത്രമാണ് അവാർഡ്. ലോകത്താകെയുള്ള ആശുപത്രികളിൽ പക്ഷാഘാത രോഗികൾക്ക് നൽകിവരുന്ന മികച്ച ചികിത്സയും പരിചരണവും ഉറപ്പുവരുത്തുന്ന സംഘടനയാണ് വേൾഡ് സ്ട്രോക്ക് ഓർഗനൈസേഷൻ.