നന്ദി, ചേർത്തുപിടിച്ചതിന്‌

മൃഗശാലയിൽ പാമ്പുകടിയേറ്റു മരിച്ച ഹർഷാദിന്റെ കുടുംബത്തെ 
ഐ ബി സതീഷ് എംഎൽഎ സന്ദർശിക്കുന്നു

‘‘ഒരുപാട്‌ നന്ദിയുണ്ട്‌’’–-മനസ്സിലെ മഹാസങ്കടത്തിന്റെ കടലിരമ്പം കണ്ണീരാകാതിരിക്കാൻ പാടുപെട്ട്‌ ഷീജ പറഞ്ഞു. ‘‘കൂടെപ്പിറപ്പിനെപ്പോലെ ഒപ്പംനിന്ന സർക്കാരിനും മന്ത്രിമാർക്കും മൃഗശാലയിലെ ജീവനക്കാർ, ജനപ്രതിനിധികൾ….. എല്ലാവരോടും നന്ദി’’–- ഷീജയുടെ വാക്കുകൾ മുറിഞ്ഞു.
മൃഗശാലയിൽ രാജവെമ്പാലയുടെ കടിയേറ്റ്‌ മരിച്ച മൃഗ പരിപാലകൻ ഹർഷാദിന്റെ ഭാര്യയാണിവർ. കുടുംബത്തിന് സംസ്ഥാന സർക്കാർ സഹായം പ്രഖ്യാപിച്ചത്‌ അറിഞ്ഞപ്പോഴായിരുന്നു ഈ പ്രതികരണം.
‘‘ഇനിയാർക്കും എന്റെ ഗതി ഉണ്ടാകരുത്‌. താൽക്കാലിക ജീവനക്കാരുൾപ്പെടെ ഒരുപാട്‌ കുടുംബങ്ങളുടെ നാഥന്മാർ മൃഗശാലയിൽ ജോലി എടുക്കുന്നുണ്ട്‌. അവർക്ക്‌ സംരക്ഷണം നൽകണം’’–-നൊമ്പരം ഒതുക്കി ഷീജ പറഞ്ഞു. രക്തസമ്മർദം കൂടിയതിന് ആശുപത്രിയിൽ ചികിത്സയിലായിരുന്നപ്പോഴാണ് മന്ത്രിസഭാ തീരുമാനം അറിഞ്ഞത്.
ഹർഷാദിന്റെ കുടുംബത്തിന്‌ 20 ലക്ഷം രൂപ നൽകാനാണ്‌ സർക്കാർ തീരുമാനം. വീടും നിർമിച്ച്‌ നൽകും. ആശ്രിത നിയമന പദ്ധതി പ്രകാരം ഹർഷാദിന്റെ ഭാര്യക്ക്‌ ജോലി നൽകാനും തീരുമാനിച്ചു. മകൻ അബിൻ ഹർഷാദിന്റെ 18 വയസ്സ്‌ വരെയുള്ള വിദ്യാഭ്യാസ ചെലവും വഹിക്കും.

Comments
Spread the News