സിനിമാ മേഖലിയിലെ അശ്ലീലങ്ങളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നു. സിനിമയില്‍ പ്രധാന കഥാപാത്രങ്ങളും അമ്മവേഷം ചെയ്യുന്ന നടിമാരും നിര്‍ബന്ധിച്ച് സെക്‌സ് ചെയ്യപ്പെടുന്നുണ്ടെന്നാണ് വെളിപ്പെടുത്തല്‍. വേഷങ്ങള്‍ ലഭിക്കുന്നതിനും മേഖലയില്‍ പിടിച്ചുനില്‍ക്കുന്നതിനും പല വിട്ടുവീഴ്ചകളും ചെയ്യേണ്ട സാഹചര്യമാണ് നടിമാരും നേരിടുന്നത്. തങ്ങള്‍ക്ക് സിനിമ മേഖലയില്‍ നിന്ന് നേരിട്ട പീഡനങ്ങള്‍ തുറന്നുപറഞ്ഞിരിക്കുകയാണ് ഒരുകൂട്ടം തെലുങ്ക് നടിമാര്‍. നേരത്തെ നടി ശ്രീ റെഡ്ഡി ഇത്തരം പീഡനത്തില്‍ മനംനൊന്ത് വസ്ത്രമഴിച്ച് പ്രതിഷേധിച്ചത് ദേശീയതലത്തില്‍ വാര്‍ത്തയായിരുന്നു. ശ്രീക്ക് കൂടുതല്‍ പേരുടെ പിന്തുണ ലഭിക്കുന്നുണ്ടിപ്പോള്‍.
നിര്‍മാതാക്കളും താരങ്ങളും സംവിധായകരും പറയുന്നതിന് അനുസരിച്ച് എല്ലാം ചെയ്യേണ്ടിവരുന്നുവെന്നാണ് നടിമാര്‍ പറയുന്നത്. 15 തെലുങ്ക് നടിമാരാണ് ഇതുസംബന്ധിച്ച കാര്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. തന്നെ ചൂഷണം ചെയ്ത ശേഷം അവഗണിക്കുകയാണെന്ന് ആരോപിച്ച് നടി ശ്രീ റെഡ്ഡി ഒരാഴ്ച മുമ്പ് സിനിമാ താരസംഘടയുടെ ഓഫീസിന് മുമ്പില്‍ വസ്ത്രമഴിച്ച് പ്രതിഷേധിച്ചിരുന്നു.
മറ്റു നടിമാര്‍ മിണ്ടാതിരിക്കുന്നതിലുള്ള രോഷവും ശ്രീ പങ്കുവച്ചിരുന്നു. പിന്നീട് ശ്രീക്ക് പിന്തുണയുമായി മികച്ച സ്വഭാവ നടിയായ കെ അപൂര്‍വ രംഗത്തുവന്നു. ഇപ്പോഴിതാ ശ്രീയുടെ സമാനമായ അനുഭവങ്ങള്‍ പങ്കുവച്ച് 15 താരങ്ങള്‍ മാധ്യമങ്ങളെ കണ്ടിരിക്കുന്നു. 18 മുതല്‍ 40 വരെ പ്രായമുള്ള വനിതാ ആര്‍ട്ടിസ്റ്റുകളാണ് തങ്ങള്‍ക്ക് സിനിമാ മേഖലയില്‍ നേരിട്ട അനുഭവങ്ങള്‍ തുറന്നുപറഞ്ഞത്. ഏതാനും നിമിഷങ്ങള്‍ മാത്രം സിനിമയില്‍ വേഷമിടുന്നതിന് പോലും ലൈംഗിക ബന്ധത്തിന് വഴങ്ങേണ്ടി വന്നിട്ടുണ്ടെന്ന് നടിമാര്‍ പറയുന്നു.
അമ്മ വേഷങ്ങള്‍ കൂടുതല്‍ ചെയ്തിട്ടുള്ള നടിയാണ് സന്ധ്യ നായിഡു. പകല്‍ ഷൂട്ടിങ് സെറ്റുകളില്‍ അമ്മ എന്നാണ് തന്നെ എല്ലാവരും വിളിക്കാറുള്ളത്. എന്നാല്‍ രാത്രി സെക്‌സ് ചെയ്യാന്‍ തന്നെ വിളിപ്പിക്കാറുണ്ടെന്നും സന്ധ്യ നായിഡു തുറന്നുപറഞ്ഞു. പത്ത് വര്‍ഷത്തോളമായി തെലുങ്ക് സിനിമയില്‍ അഭിനയിക്കുന്ന വ്യക്തിയാണ് സന്ധ്യ. ഇവര്‍ കൂടുതല്‍ ചെയ്തിട്ടുള്ളത് അമ്മ വേഷങ്ങളാണ്. അമ്മ, ആന്റി എന്നൊക്കെയാണ് പലപ്പോഴും ഇവരെ ലൊക്കേഷനുകളില്‍ വിളിക്കാറുള്ളത്. പക്ഷേ രാത്രി മറിച്ചാണ് കാര്യങ്ങളെന്ന് സന്ധ്യ മനസ് തുറക്കുന്നു.
രാത്രിയില്‍ വാട്‌സ് ആപ്പില്‍ ചാറ്റ് ചെയ്യണമെന്ന് പലരും നിര്‍ബന്ധിച്ചിട്ടുണ്ട്. എന്ത് വസ്ത്രമാണ് ധരിക്കാറുള്ളതെന്നു പോലും ചിലര്‍ ചോദിക്കാറുണ്ട്. തൊലിയുരിയുന്ന സംസാരമാണ് പലപ്പോഴും നേരിട്ടിട്ടുള്ളതെന്ന് ഇതെല്ലാം തുറന്നു പറയാനാണ് ഇവിടെ എത്തിയതെന്നും സന്ധ്യ വിശദീകരിച്ചു.ലൊക്കേഷനുകളില്‍ വസ്ത്രം പരസ്യമായി മാറേണ്ടി വന്നിട്ടുണ്ട്. പുരുഷ താരങ്ങളുടെ കാരവനുകള്‍ ഉപയോഗിക്കാന്‍ പറയുമെങ്കിലും പലപ്പോഴും പുറത്തുവച്ചുതന്നെ വസ്ത്രം മാറേണ്ട അവസ്ഥയാണ്. പുഴുക്കളെ പോലെയാണ് ലൊക്കേഷനുകളില്‍ പരിഗണിക്കുന്നതെന്നു മറ്റൊരു ആര്‍ടിസ്റ്റായ സുനിത റെഡ്ഡി പറയുന്നു.
ശ്രീ റെഡ്ഡിയുടെ പ്രതിഷേധം വ്യത്യസ്തമായ ഒന്നായിരുന്നു. നിരവധി പ്രതിഷേധങ്ങള്‍ കണ്ടിട്ടുണ്ടെങ്കിലും വസ്ത്രമുരിഞ്ഞ് പ്രതിഷേധിക്കുന്നത് ആദ്യമായിട്ടാണ്. പ്രത്യേകിച്ച് ഒരു തെന്നിന്ത്യന്‍ താരം. ഹൈദരാബാദില്‍ പൊതുസ്ഥലത്ത് മാധ്യമങ്ങളുടെ സാന്നിധ്യത്തിലാണ് ശ്രീ റെഡ്ഡി വസ്ത്രങ്ങള്‍ അഴിച്ച് പ്രതിഷേധിച്ചത്.