ഈ വർഷത്തെ എമ്മി പുരസ്കാരനാമനിര്‍ദേശപട്ടികയില്‍ ബോളിവുഡ്താരം രാധിക ആപ്തേയും ഇടംനേടി. 11 വിഭാഗങ്ങളിലായി 44 നാമനിര്‍ദേശം പ്രഖ്യാപിച്ചതിൽ നാലെണ്ണം ഇന്ത്യയിൽ നിന്നാണ്. നെറ്റ്ഫ്‌ലിക്‌സിന്റെ ഇന്ത്യയില്‍നിന്നുള്ള പമ്പരകളായ ‘സേക്രഡ് ഗെയിംസ്’, ‘ലസ്റ്റ് സ്റ്റോറീസ്’, ആമസോൺ പ്രൈമിലെ ‘ദ് റീമിക്‌സ്’ എന്നിവയും പട്ടികയിലുണ്ട്. ലസ്റ്റ് സ്റ്റോറീസിലെ പ്രകടനത്തിനാണ് രാധിക ആപ്‌തേക്ക് മികച്ച നടിക്കുള്ള നാമനിര്‍ദേശം ലഭിച്ചത്. ദ് റീമിക്‌സ് ഒഴികെയുള്ള മൂന്ന് പരമ്പരയിലും രാധികാ ആപ്തെയുണ്ട്.
ഡ്രാമ സീരീസ് വിഭാഗത്തിൽ സേക്രഡ് ഗെയിംസ്, മിനി സീരീസ് വിഭാഗത്തിൽ ലസ്റ്റ് സ്‌റ്റോറീസ്, നോൺ സ്‌ക്രിപ്റ്റഡ് എന്റർടെയ്‌ൻമെന്റ് വിഭാഗത്തിൽ ദി റീമിക്‌സ് എന്നിവ മത്സരിക്കും.
“പരിശ്രമങ്ങൾ അംഗീകരിക്കപ്പെടുമ്പോൾ സന്തോഷമുണ്ട്. ഇന്ത്യയിൽനിന്ന് ഉണ്ടാകുന്ന ചിത്രങ്ങള്‍ ആഗോള തലത്തിൽ കിടപിടിക്കുന്നതാണ് എന്നത് ആവേശകരമായ അനുഭവമാണ്’ രാധികാ ആപ്തേ പ്രതികരിച്ചു. ഡിജിറ്റൽ ഫ്ലാറ്റ്ഫോമുകൾ കൂടുതൽ മികച്ച ഉള്ളടക്കം സൃഷ്ടിക്കാൻ അവസരം നൽകുന്നുണ്ടെന്നും താരം പറഞ്ഞു.
മരിയ ഗെര–- റോക്ക് ടെൽ (ഹംഗറി), മർജോറി എസ്റ്റിയാനോ–- അണ്ടർ പ്രഷർ സീസൺ 2 (ബ്രസീൽ) എന്നിവർക്കെതിരെയാണ് രാധികാ ആപ്തേ മത്സരിക്കുന്നത്. സേക്രഡ് ഗെയിംസ് മത്സരിക്കുന്നത് ബാഡ് ബാങ്ക്സ് (ജർമനി), എംസിമാഫിയ (യുകെ), 1 കോൺട്രാ ടോഡോസ് (ബ്രസീൽ) എന്നിവയാണ്. ലസ്റ്റ് സ്റ്റോറീസിനൊപ്പം നോമിനേഷൻ ലഭിച്ചത് സേ യു ഫെച്ചർ ഓസ് ഓൾഹോസ് അഗോറ (ബ്രസീൽ), സേഫ് ഹാർബർ (ആസ്ട്രേലിയ), ട്രെസർ(ഹംഗറി) എന്നിവയ്ക്കാണ്. ദ് റീമിക്‌സ് മത്സരിക്കുന്നത് ലാ വോസ് ദ് വോയിസ്- സീസൺ 2 (അർജന്റീന), ടാബു (ബെൽജിയം), ദ് റിയൽ ഫുൾ മോൺടി: ലേഡീസ് നെെറ്റ് (യുകെ). 21 രാജ്യങ്ങളിൽനിന്നുള്ള കലാപ്രതിഭകള്‍ പട്ടികയിലുണ്ട്. ന്യൂ യോർക്കിൽ നവംബർ 25നാണ് ടെലിവിഷൻ രംഗത്തെ മികവിന് നൽകുന്ന എമ്മി അവാർഡിന്റെ പുരസ്കാര പ്രഖ്യാപനം.