കാട്ടാക്കടയിലുണ്ട് സ്ഥാനാർഥി ദമ്പതികൾ

തദ്ദേശ തെരഞ്ഞെടുപ്പിൽ ദമ്പതികൾ സ്ഥാനാർഥികൾ. കുറ്റിച്ചൽ പഞ്ചായത്തിലെ രമേശും ഭാര്യ ദീപികയുമാണ് മത്സര രംഗത്തുള്ള ദമ്പതികൾ. അഗസ്ത്യ വനമേഖലയിലെ ചോനമ്പാറ വാർഡിൽ കഴിഞ്ഞ 5 വർഷക്കാലം മെമ്പറായിരുന്ന രമേശ് ഇക്കുറി കുറ്റിച്ചൽ പഞ്ചായത്തിൽ ഉൾപ്പെടുന്ന പേഴുംമൂട് ബ്ലോക്ക്‌ ഡിവിഷനിൽ ഇടതുമുന്നണി സ്ഥാനാർഥിയായാണ്‌ മത്സരിക്കുന്നത്. പട്ടികവർഗ സംവരണ സീറ്റാണിത്.
കഴിഞ്ഞ തവണ രമേശ് പ്രതിനിധാനംചെയ്‌തിരുന്ന ചോനമ്പാറ വാർഡ് നിലവിൽ വനിതാ സംവരണമാണ്. വികസന പ്രവർത്തനങ്ങളുടെ തുടർച്ച ഉറപ്പാക്കാൻ ആര് എന്ന ചോദ്യത്തിന് സിപിഐ എമ്മിനും ഇടതുമുന്നണിക്കും കൂടുതൽ ആലോചിക്കേണ്ടി വന്നില്ല. ലോക്ഡൗൺ കാലത്ത് ഉൾപ്പെടെ കിലോമീറ്ററുകൾ നടന്ന് അഗസ്ത്യ വനമേഖലയിലെ ആദിവാസി ഊരുകളിൽ സഹായമെത്തിക്കാൻ മുന്നിൽനിന്ന് പ്രവർത്തിച്ച ദീപികയെ പാർടി നിയോഗിക്കുന്നത് അങ്ങനെയാണ്.
ഭാര്യ ദീപിക സിപിഐ എം പാർടി അംഗമാണ്. ജനാധിപത്യ മഹിളാ അസോസിയേഷൻ ഏരിയ കമ്മിറ്റി അംഗം, ആദിവാസി ക്ഷേമസമിതി കാട്ടാക്കട ഏരിയ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.  മുമ്പ്‌ കുറ്റിച്ചൽ പഞ്ചായത്തിലെ കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ ആയിരുന്നു. നിലവിൽ കുറ്റിച്ചൽ പഞ്ചായത്തിലെ എസ്ടി പ്രമോട്ടറണ്. സിപിഐ എം ലോക്കൽ കമ്മിറ്റി അംഗം, ഡിവൈഎഫ്ഐ  ജില്ലാ കമ്മിറ്റി അംഗം, ആദിവാസി ക്ഷേമസമിതി ജില്ലാ ജോയിന്റ്‌ സെക്രട്ടറി, ഏരിയ കമ്മിറ്റി അംഗം, കെഎസ്‌കെടിയു കാട്ടാക്കട ഏരിയ കമ്മിറ്റി അംഗം, കുറ്റിച്ചൽ പഞ്ചായത്ത് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിക്കുന്ന ആളാണ് രമേശ്.  ധ്യാൻ ഡി രമേശ് മകനാണ്. എന്നും ജനങ്ങൾക്കൊപ്പം ഉള്ളതിനാൽ യാതൊരുവിധ ആശങ്കയും ഇല്ലെന്നും വിജയം ഉറപ്പാണെന്നും ഇരുവരും പറഞ്ഞു.

 

Comments
Spread the News