മഹേന്ദ്രസിങ് ധോണിയുടെ പകരക്കാരനാകാൻ എത്തിയ ഋഷഭ് പന്ത് തെളിയുന്നില്ല. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ട്വന്റി–-20യിലും പന്ത് നിരാശപ്പെടുത്തി. 20 പന്തിൽ 19 റണ്ണാണ് നേടാനായത്. 4, 40*, 28, 3, 1, 0, 4, 65*, 4, 19 എന്നിങ്ങനെയാണ് അവസാന പത്ത് ഇന്നിങ്‌സിലെ സ്‌കോറുകൾ. സഞ്‌ജു സാംസണും ഇഷാൻ കിഷനും മികച്ച പ്രകടനങ്ങളുമായി പുറത്തുനിൽക്കെ പന്തിൽ ഇനിയും ടീം മാനേജ്‌മെന്റിന് ക്ഷമ പരീക്ഷിക്കാനാകില്ല. ഇക്കാര്യം മുഖ്യ സെലക്ടർ എം എസ് കെ പ്രസാദ് വ്യക്തമാക്കുകയും ചെയ്‌തിരുന്നു.
വിക്കറ്റ് നഷ്ടപ്പെടുമെന്ന പേടിയില്ലാതെ ബാറ്റ് ചെയ്യാനാകുന്നു എന്നതായിരുന്നു പന്തിന് അനുകൂല ഘടകമായത്. എന്നാൽ, ഈ കൂസലില്ലായ്‌മ അശ്രദ്ധയിലേക്കും അലസതയിലേക്കും വഴിമാറി. ബാറ്റിങ് പരിശീലകൻ വിക്രം റാത്തോഡ് പന്തിന്റെ ബാറ്റിങ് രീതിയെ വിമർശിച്ചു.
നാലാം നമ്പറിൽ ബാറ്റ് ചെയ്യാനുള്ള പാകത പന്തിന് കൈവന്നിട്ടില്ലെന്നായിരുന്നു മുൻ താരം വി വി എസ് ലക്ഷ്‌മണിന്റെ അഭിപ്രായം.‘ ആക്രമണാത്മക ഷോട്ടുകളാണ് പന്തിന്റെ ബാറ്റിങ് രീതി. ഐപിഎലിൽ നാലാം നമ്പറിൽ ഇറങ്ങി മികച്ച കളി പുറത്തെടുത്തിട്ടുണ്ട്. നിർഭാഗ്യവശാൽ രാജ്യാന്തരതലത്തിൽ ആ മികവുകാട്ടാൻ പന്തിന് കഴിയുന്നില്ല. ഷോട്ട് സെലക്‌ഷൻ മോശമാണ്. 5, 6 നമ്പറാണ് പന്തിന് ചേരുക. സമ്മർദമില്ലാതെ ബാറ്റ് വീശാനാകും–-ലക്ഷ്‌മൺ പറഞ്ഞു. ശ്രേയസ് അയ്യരോ ഹാർദിക് പാണ്ഡ്യയോ ആണ് നാലാം നമ്പറിൽ ചേരുകയെന്നും ലക്ഷ്‌മൺ വ്യക്തമാക്കി.
ട്വന്റി–-20യിൽ 20.3 ആണ് പന്തിന്റെ ബാറ്റിങ് ശരാശരി. ഐപിഎലിൽ ഇത് 36.16ഉം. പ്രഹരശേഷിയും കൂടുതലാണ്.മോശം ഷോട്ടുകൾ കളിച്ചാണ് പന്ത് പല കളികളിലും പുറത്താകുന്നത്. ഈ ഇരുപത്തൊന്നുകാരന്റെ ബാറ്റിങ് രീതി ടീമിനെത്തന്നെ ബാധിക്കുന്നുണ്ട്.നവംബർവരെ ധോണി കളത്തിലേക്കില്ലെന്നു വ്യക്തമാക്കിയതിനാൽ പന്തിന് ഇനിയും സമയമുണ്ട്. പക്ഷേ, എളുപ്പമായിരിക്കില്ല. സമ്മർദത്തിലാണ് ഈ ഇടംകൈയൻ.