തിരുവനന്തപുരം : സുഹൃത്തിന്റെ ചുമലിൽ കയറി സെൽഫിസ്‌റ്റിക്കിൽ കമ്പി കെട്ടി അഭി പകർത്തിയ കൂട്ടുകാരുടെ തകർപ്പൻ ഡാൻസ് വൈറൽ. തമിഴ് താരം സൂര്യക്ക് ജന്മദിനാശംസയേകാൻ രാജാജി നഗറിലെ ചുള്ളന്മാർ പുനരാവിഷ്‌കരിച്ചത് ‘അയൻ’ സിനിമയിലെ ഗാനരംഗം. പിള്ളേരുടെ ഡാൻസ് സാക്ഷാൽ സൂര്യ തന്നെ ട്വീറ്ററിൽ ഷെയർ ചെയ്‌തതോടെ സംഗതി സൂപ്പർ ഹിറ്റായി, പിള്ളേർ ‘താരങ്ങളായി’. “ഇത് ഇഷ്ടമായി, ഗംഭീരം, സുരക്ഷിതരായി ഇരിക്കൂ’ എന്ന് കുറിച്ചാണ് സൂര്യ വീഡിയോ പങ്കുവച്ചത്.
സൂര്യയും സംഘവും തകർത്ത ‘പല പലകുറ പഗല നീ’ ഗാനമാണ് അതേ മികവോടെ മിടുക്കന്മാർ കഴിവിന്റെയും മൊബൈൽ ഫോണിന്റെയും പിൻബലത്തിൽ പുനരാവിഷ്‌കരിച്ചത്. അസ്സൽ ഗാനദൃശ്യങ്ങളോട് സാമ്യമുള്ള രാജാജി നഗറിലെ സ്ഥലങ്ങൾ ഷൂട്ടിങ്ങിനായി തെരഞ്ഞെടുത്തു.
വേഷവും നൃത്തച്ചുവടുകളുമെല്ലാം ഒരേപോലെ. 12 അംഗ സംഘത്തിലെ കാർത്തിക്കും ജോബിയും മാത്രമാണ് സൂര്യ ആരാധകർ.
സൂര്യയുടെ റോളിൽ എത്തിയത് കാർത്തിക്. ഫുട്‌ബോൾ കളിക്കാരനായ കാർത്തിക്ക് ചുവടുകൾ പഠിപ്പിക്കാൻ ഒരാഴ്‌ച കൂട്ടുകാരുടെ സ്‌പെഷ്യൽ കോച്ചിങ്. ശേഷം പണി തുടങ്ങി. പരിശീലനം തകൃതിയായി. ഷൂട്ടിങ്ങിനുവേണ്ടി വന്നത് മൂന്നാഴ്‌ച. കടൽ പശ്ചാത്തലമുള്ള ദൃശ്യങ്ങൾമാത്രം വേളിയിൽ ചിത്രീകരിച്ചു.
ഹെലികാമോ മറ്റ് ആധുനിക സങ്കേതങ്ങളോ ഒന്നുമില്ല. റെഡ്‌മി നോട്ട് 9 ഉപയോഗിച്ചായിരുന്നു ഷൂട്ടിങ്ങും എഡിറ്റിങ്ങും എല്ലാം.
ഷൂട്ടിങ്ങിനായി ഒരു ദിവസം ഒറിജിനൽ ഗാനരംഗം കാണുന്നതിന് കണക്കില്ല. ഒരു രംഗംതന്നെ പത്തിലധികം ടേക്കുകൾ. ദിവസവും ചെലവഴിക്കുന്നത് മണിക്കൂറുകളായിരുന്നുവെന്ന് പന്ത്രണ്ട സംഘം. സ്വന്തം ലേഖകൻ
എന്തായാലും കഷ്ടപ്പെട്ടതിന് ഫലമുണ്ടായി. സ്വന്തം അധ്യാപകരുൾപ്പെടെ സമൂഹത്തിന്റെ വിവിധ മേഖലയിലുള്ളവരുടെ അഭിനന്ദന പ്രവാഹമാണ്. രാജാജി നഗറിൽ ഇവരുടെ അഭിമുഖം തേടി മാധ്യമപ്രവർത്തകരും എത്തുന്നു. ആ കാഴ്‌ച കണ്ട് ഡാൻസ് കളിച്ച് നടന്നപ്പോൾ നെറ്റിചുളിച്ചവരുടെ മുഖത്ത് ‘പിള്ളേർ പൊളിയാണല്ലോ’ എന്ന ഭാവം. അല്ലെങ്കിലും ഞങ്ങൾ തകർപ്പനെന്ന് കുട്ടി
കൾ. കലാകാരന്മാരും കായികതാരങ്ങളുമാണിവർ. പഠനത്തിനിടയിൽ ജോലി ചെയ്‌ത് കുടുംബത്തെ സഹായിക്കുന്നുമുണ്ട്.
എസ് അഭിയാണ് സംവിധാനവും എഡിറ്റിങ്ങും. യുട്യൂബ് നോക്കിയാണ് എഡിറ്റ് ചെയ്യാൻ പഠിച്ചത്. സിബിൻ, ജോബിൻ, സ്‌മിത്ത്, കാർത്തിക്, പ്രണവ്, നിഖിൽ, ജോജി, സൂരജ്, അജയ്, പ്രവിത്ത്, അഭിജിത്ത് എന്നിവരാണ് തകർത്താടിയത്.
എല്ലാവരും മോഡൽ സ്‌കൂൾ വിദ്യാർഥികൾ. ഒരാളൊഴികെ ശേഷിക്കുന്നവർ പ്ലസ്‌ടു ഫലം കാത്തിരിക്കുന്നു.
രാജാജി നഗറിലെ ചുള്ളന്മാർ വേറെ ലെവൽ
Comments