
തിരുവനന്തപുരം : ‘മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും വന്നില്ലായിരുന്നെങ്കിൽ ഇന്ന് ഈ കടയിൽ കച്ചവടം നടത്താൻ എനിക്കാകുമായിരുന്നില്ല. മറ്റാരിൽനിന്നും ലഭിക്കാത്ത പിന്തുണയും സഹായവും മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് ലഭിച്ചപ്പോൾ ഈ സർക്കാരിന്റെ നീതിബോധം എത്ര വലുതാണെന്ന് മനസ്സിലായി. കുടുംബത്തിന്റെ അന്നമായ ഈ കട നഷ്ടമായിരുന്നെങ്കിൽ പിന്നെ എങ്ങനെ ജീവിക്കുമെന്നുപോലും അറിയില്ല. ഞങ്ങളെപ്പോലെയുള്ളവർക്ക് ധൈര്യപൂർവം പരാതി പറയാനും പരിഹാരം കൃത്യമായി ലഭിച്ചതും പിണറായി വിജയൻ മുഖ്യമന്ത്രി ആയതുകൊണ്ടാണ്’-വീട്ടമ്മയായ കല ശ്രീകുമാറിന് മുഖ്യമന്ത്രി പിണറായി വിജയനും എൽഡിഎഫ് സർക്കാരും എല്ലാമെല്ലാമാണ്.
നഗരഹൃദയത്തിൽ വാൻറോസ് ജങ്‌ഷനിലെ പ്രമുഖ ഹോട്ടലിനോടു ചേർന്ന കൊച്ചുകട കോവിഡ് അടച്ചുപൂട്ടലിനിടെ ഹോട്ടലുടമ പൊളിച്ച് മതിൽകെട്ടി അടച്ചതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. മകളുടെ പ്രസവസമയത്ത് കല അവർക്കൊപ്പം വിദേശത്തായിരുന്നപ്പോഴാണ് കട പൊളിച്ച് മതിൽ കെട്ടിയടച്ചത്. പല ഓഫീസും കയറിയിറങ്ങിയെങ്കിലും നീതി ലഭിക്കാതായതോടെയാണ് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് പരാതിയുമായി പോയത്.
“നീതി കൈവിട്ട് ഒരു പ്രവർത്തനവും ഈ സർക്കാർ നടത്തില്ലെന്ന മുഖ്യമന്ത്രിയുടെ വാക്കുകൾ പത്രങ്ങളിലും ചാനലുകളിലും കണ്ടാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തിയത്. അത് പൂർണമായും ശരിയായിരുന്നെന്ന് ബോധ്യമായി. അതിവേഗം കട പഴയ സ്ഥിതിയിലേക്ക് മാറ്റിത്തരുമെന്ന് ഉറപ്പുലഭിച്ചു. തുടർന്ന് ഒരാഴ്ചയ്ക്കകം മതിൽ പൊളിച്ച് കട പഴയ സ്ഥിതിയിലേക്ക് മാറ്റി.’ കുറ്റവാളികൾക്കെതിരെ കേസെടുത്തു. കടയിൽനിന്ന് നഷ്ടമായ സാധനസാമഗ്രികളുടെയടക്കം 15 ലക്ഷം രൂപയുടെ നഷ്ടം ഇവർക്കുണ്ടായി. ഇതും കടയുടെ പണിച്ചെലവും ഉൾപ്പെടെ 20 ലക്ഷം രൂപ ഹോട്ടലുടമ നൽകി. എന്നാൽ, കേസ് അവസാനിച്ചിട്ടില്ല. കുടുംബത്തിന്റെ ജീവനോപാധിയായ കടയും സ്ഥലവും ആരുടെ ഭീഷണിക്കും വഴങ്ങില്ലെന്ന ഉറച്ച തീരുമാനത്തിലാണ് ഈ വീട്ടമ്മ. സഹായിക്കേണ്ടവർ ഒപ്പമുണ്ടെന്ന ആത്മവിശ്വാസത്തിലാണ് കലയും ഭർത്താവ് ശ്രീകുമാറും.