പ്രളയം കാത്തിരുന്നവർ നിരാശരായി ; മുന്നൊരുക്കങ്ങളും കരുതലും ഫലം കണ്ടു

തിരുവനന്തപുരം : മൂന്ന്‌ അണക്കെട്ട്‌ മണിക്കൂറുകളുടെ വ്യത്യാസത്തിൽ തുറക്കേണ്ടിവന്നിട്ടും മുന്നൊരുക്കവും തികഞ്ഞ കരുതലുംകൊണ്ട്‌ ജനങ്ങളുടെ ആശങ്കകൾ അപ്പാടെയകറ്റി സംസ്ഥാന സർക്കാർ. ഷട്ടറുകൾ ഒന്നൊന്നായി തുറക്കുന്നത്‌ ശ്വാസമടക്കി കേരളീയർ കണ്ടുനിന്നെങ്കിലും തികഞ്ഞ വൈദഗ്‌ധ്യത്തോടെയാണ്‌ സർക്കാരും വിവിധ വകുപ്പുകളും പ്രതിസന്ധി മറികടന്നത്‌. കാര്യങ്ങൾ കൈവിട്ടു പോയാൽ മുതലെടുക്കാൻ കാത്തുനിന്നവർ നിരാശരായെന്ന്‌ ദുരന്തനിവാരണ അതോറിറ്റിക്കെതിരെ പ്രതിപക്ഷ നേതാവ് പ്രകോപിതനായതിൽനിന്ന്‌ വ്യക്തം.

സംസ്ഥാന ചരിത്രത്തിൽ ഇതേവരെ മൂന്ന്‌ അണക്കെട്ട്‌ ഒരേദിവസം ഒന്നൊന്നായി തുറക്കേണ്ടി വന്നിട്ടില്ല. അണക്കെട്ട്‌ തുറന്നുവിട്ട്‌ പ്രളയം സൃഷ്‌ടിച്ചെന്ന പഴയ ആരോപണം പൊടിതട്ടിയെടുക്കാമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ കണക്കുകൂട്ടൽ. എന്നാൽ, അടിയന്തര സാഹചര്യങ്ങൾ നേരിടാൻ തയ്യാറെടുത്തും മണിക്കൂറുകളിടവിട്ട്‌ സ്ഥിതിഗതികൾ വിലയിരുത്തിയുമാണ്‌ സർക്കാർ മുന്നേറിയത്‌. ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന്‌ മുഖ്യമന്ത്രിയും മന്ത്രിമാരും ഉദ്യോഗസ്ഥരും ജനങ്ങളെ നിരന്തരം ഓർമിപ്പിച്ചു. ഇടുക്കിയിൽ മന്ത്രിമാരായ റോഷി അഗസ്‌റ്റിനും കെ കൃഷ്‌ണൻകുട്ടിയും ഉന്നത ഉദ്യോഗസ്ഥരും ക്യാമ്പ്‌ ചെയ്‌തു. കോട്ടയത്ത്‌ മന്ത്രി വി എൻ വാസവനും ആലപ്പുഴയിൽ മന്ത്രിമാരായ സജി ചെറിയാനും കെ രാജനും എറണാകുളത്ത്‌ പി രാജീവും ജനങ്ങൾക്കൊപ്പം നിന്നു.

ശബരിഗിരി പദ്ധതിയുടെ ഭാഗമായ പമ്പ അണക്കെട്ട്‌ ചൊവ്വാഴ്‌ച പുലർച്ചെ അഞ്ചിനാണ്‌ തുറന്നത്‌. മന്ത്രിമാരായ വീണാ ജോർജും കെ രാജനും ഉന്നതതല യോഗങ്ങൾ വിളിച്ച്‌ സ്വീകരിക്കേണ്ട നടപടികളുടെ രൂപരേഖ തയ്യാറാക്കിയിരുന്നു. അതെല്ലാം ഫലം കണ്ടെന്ന്‌ പിന്നീടുള്ള മണിക്കൂറുകൾ തെളിയിച്ചു. ഇടമലയാർ രാവിലെ ആറിന്‌ തുറന്നു. ഇടുക്കി ചെറുതോണിയിൽ ആദ്യ ഷട്ടർ തുറക്കാനുള്ള സൈറൺ മുഴങ്ങിയതുമുതൽ മൂന്നാം ഷട്ടർ തുറക്കുന്നതുവരെ കണ്ണിമ പൂട്ടാതെ മന്ത്രിമാരും ഉദ്യോഗസ്ഥരും കാത്തിരുന്നു. ദിവസങ്ങളെടുത്തുള്ള ആസൂത്രണം വിജയം കണ്ടു.

അണക്കെട്ടുകളിലെ സ്ഥിതിഗതി വിലയിരുത്താൻ വൈദ്യുതി ബോർഡ്‌, ജലസേചന, മോട്ടോർ വാഹന വകുപ്പുകൾ, ആർമി പ്രതിനിധികളെ നിയോഗിച്ചിരുന്നു. പൊലീസ്‌, അഗ്‌നിരക്ഷാസേന, ലാൻഡ്‌ റവന്യൂ കൺട്രോൾ റൂമുകളുമായും അടിയന്തരഘട്ട കാര്യനിർവഹണ കേന്ദ്രം ആശയവിനിമയം നടത്തുന്നു.

ദുരന്ത നിവാരണ അതോറിറ്റിയെ കുറ്റപ്പെടുത്തിയ വി ഡി സതീശൻ മുന്നറിയിപ്പുകൾ നൽകേണ്ട കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വിഭാഗത്തിനെതിരെ ഒരക്ഷരം മിണ്ടിയില്ല. ഉരുൾപൊട്ടലുണ്ടായ കോട്ടയം, ഇടുക്കി ജില്ലകളിൽ ശനിയാഴ്‌ച കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വിഭാഗം ഗ്രീൻ അലർട്ടാണ്‌ നൽകിയിരുന്നത്‌. അത്‌ മറച്ചുപിടിച്ചാണ്‌ സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്തുന്നത്‌.

Comments
Spread the News