കൊടകര കുഴല്‍പ്പണക്കേസില്‍ ചോദ്യംചെയ്യലിന് ഹാജരായില്ലെങ്കില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെതിരെ നിയമനടപടിക്ക് സാധ്യത. ജൂലൈ ആറിന് തൃശൂര്‍ പൊലീസ് ക്ലബ്ബില്‍ ഹാജരാകാന്‍ പ്രത്യേക അന്വേഷണസംഘം നോട്ടീസ് നല്‍കിയിരുന്നെങ്കിലും സുരേന്ദ്രന്‍ ഹാജരായിരുന്നില്ല.
13 വരെ തിരക്കുകളുണ്ടെന്നും ഹാജരാവാന്‍ കഴിയില്ലെന്നും അറിയിക്കുകയായിരുന്നു. എന്നാല്‍ വിഷയത്തില്‍ ബിജെപി നിയമോപദേശം തേടുകയും കെ സുരേന്ദ്രനെ വിട്ടുതരില്ലെന്നും ഭയപ്പെടുത്താന്‍ ശ്രമിക്കേണ്ടെന്നും വ്യക്തമാക്കി ഫേസ്ബുക്ക് പോസ്റ്റ് പുറത്തിറക്കുകയും ചെയ്തിട്ടുണ്ട്. ഇതോടെ സുരേന്ദ്രനെതിരെ കോടതിവഴി നടപടിയെടുക്കുമെന്നാണ് അന്വേഷണ സംഘം നല്‍കുന്ന സൂചന. കെ സുരേന്ദ്രനെ ലക്ഷ്യമിട്ടുള്ള നീക്കത്തിനു പിന്നില്‍ രാഷ്ട്രീയമുണ്ടെന്നും സുരേന്ദ്രനെ രാഷ്ട്രീയമായി വേട്ടയാടാനാണ് ചോദ്യം ചെയ്യലിനു വിളിപ്പിക്കുന്നതെന്നും കാണിച്ച് ബിജെപി ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പോസ്റ്റും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
കേസില്‍ ഇതുവരെ 15 ബിജെപി-ആര്‍എസ്എസ് നേതാക്കളെ ചോദ്യം ചെയ്തുകഴിഞ്ഞു. ധര്‍മ്മരാജന്റെ ഫോണ്‍ വിളികളിലും സുരേന്ദ്രന്റെ നമ്പറുള്ളതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. സെക്രട്ടറിയുടെയും ഡ്രൈവറുടെയും ഫോണുകളില്‍ നിന്നും ധര്‍മ്മരാജനെയും തിരിച്ചും നിരവധി തവണ വിളിച്ചതായും കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ട് സുരേന്ദ്രനെ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് അന്വേഷണ സംഘം വിലയിരുത്തുന്നു.