തിരുവനന്തപുരം : സമഗ്രവും സർഗാത്മകവുമായ വികസനപദ്ധതികളിലൂടെ ദേശീയ അംഗീകാരം നേടിയ തലസ്ഥാനത്തെ ജില്ലാപഞ്ചായത്തിനെ നയിക്കാനും എൽഡിഎഫ് നിയോഗിക്കുന്നത് സമരോത്സുകതയുടെ ഊർജമുൾക്കൊള്ളുന്ന യൗവനത്തെ. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനാർഥിയായ എൽഡിഎഫ് പ്രതിനിധി ഡി സുരേഷ്‌കുമാർ തലസ്ഥാനത്തെ സമരമുഖങ്ങളിലെ സജീവ സാന്നിധ്യമായിരുന്നു.
യുഡിഎഫിന്റെ സിറ്റിങ് സീറ്റായ മലയിൻകീഴിൽനിന്ന് അയ്യായിരത്തിൽപ്പരം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സുരേഷ്‌കുമാർ വിജയിച്ചത്. നാൽപ്പത്തിരണ്ടുകാരനായ സുരേഷ് കുമാർ സിപിഐ എം നേമം ഏരിയ കമ്മിറ്റിയംഗവും പട്ടിക ജാതി ക്ഷേമസമിതി ജില്ലാ ജോയിന്റ് സെക്രട്ടറിയുമാണ്.
ജില്ലാപഞ്ചായത്തംഗമായും ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷനായും ജനപ്രതിനിധിയായും കഴിവ് തെളിയിച്ചു. 2005ൽ ബാലരാമപുരം ഡിവിഷനിൽനിന്ന് റെക്കോഡ് ഭൂരിപക്ഷത്തിൽ ജില്ലാപഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. നേമം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായും മികച്ച പ്രകടനം കാഴ്‌ചവച്ചു. റസൽപുരം പാറക്കുഴി സ്വദേശിയായ സുരേഷ് കുമാർ എസ്എഫ്ഐയിലൂടെയാണ് സംഘടനാരംഗത്ത് സജീവമായത്. ജില്ലയിൽ വിദ്യാർഥി, യുവജന സമരങ്ങൾക്ക് നേതൃത്വം നൽകി അഞ്ചു തവണ ജയിൽവാസം അനുഭവിച്ചു.
കാട്ടാക്കട ക്രിസ്ത്യൻ കോളേജിൽനിന്ന് ബിരുദവും യൂണിവേഴ്‌സിറ്റി കോളജിൽനിന്ന് ബിരുദാനന്തര ബിരുദവും ലോ അക്കാദമിയിൽനിന്ന് എൽഎൽബിയും കരസ്ഥമാക്കി. നെയ്യാറ്റിൻകര, പാറശാല, വഞ്ചിയൂർ കോടതികളിൽ അഭിഭാഷകനാണ്. ഭാര്യ ഗ്രീഷ്‌മ ബാലരാമപുരം സർവീസ് സഹകരണ ബാങ്ക് ജീവനക്കാരിയാണ്. സ്കൂൾ വിദ്യാർഥികളായ അദ്വൈത് ജി സുരേഷ്, അനിരുദ്ധ് ജി സുരേഷ് എന്നിവർ മക്കൾ.
ഏറെ പ്രശംസനീയമായ പ്രവർത്തനത്തിലൂടെ ഗിന്നസ് റെക്കോഡ് ഉൾപ്പെടെ നേടിയ കഴിഞ്ഞ എൽഡിഎഫ് ഭരണസമിതിയുടെ മികവാർന്ന പ്രകടനത്തിന്റെ തുടർച്ചയാകും വരുന്ന അഞ്ചുവർഷങ്ങളിലെന്ന് ഡി സുരേഷ്‌കുമാർ ‘ദേശാഭിമാനി’യോട് പറഞ്ഞു.
വൈസ് പ്രസിഡന്റ് സ്ഥാനാർഥിയായ എ ഷൈലജ ബീഗം കഴിഞ്ഞ ഭരണസമിതിയിലും വൈസ് പ്രസിഡന്റായിരുന്നു. കിഴുവിലം ജില്ലാ ഡിവിഷനിൽനിന്ന് വിജയിച്ച അവർ സിപിഐ എം ആറ്റിങ്ങൽ ഏരിയ കമ്മിറ്റിയംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയംഗവുമാണ്. 30ന് പകൽ 11ന് ചേരുന്ന ജില്ലാപഞ്ചായത്ത് ഭരണസമിതിയിലാണ് തെരഞ്ഞെടുപ്പ്. 26 ഡിവിഷനുകളുള്ള ജില്ലാപഞ്ചായത്തിൽ 20 സീറ്റോടെയാണ് എൽഡിഎഫ് ഭരണം നിലനിർത്തിയത്.