നിയമസഭാ സമ്മേളനം: സര്‍ക്കാരിന്റെ അഭ്യര്‍ഥന നിരാകരിക്കുക വഴി തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കപ്പെട്ടിരിക്കുന്നു: എ വിജയരാഘവന്‍

തിരുവനന്തപുരം : നിയമസഭ സമ്മേളനം കൂടാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ഥന നിരാകരിക്കുക വഴി തെറ്റായ കീഴ്‌വഴക്കമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. ഇത് ഗവര്‍ണര്‍ വഹിക്കുന്ന ഭരണഘടനാപരമായ പദവിയുടെ ഉയര്‍ന്ന നിലവാരത്തെ പരിഗണിക്കാത്ത ഒന്നാണ്. ഗവര്‍ണര്‍ ഇത്തരം കാര്യങ്ങളില്‍ ഭരണഘടനാനുസൃതമായാണ് പെരുമാറേണ്ടത്. സംസ്ഥാനത്തെ സംബന്ധിച്ച് സര്‍ക്കാരാണ് നിയമസഭയുമായി ബന്ധപ്പെട്ട കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്. അതാണ് പ്രധാനം.

ഭരണഘടനാ സ്ഥാപനം എന്നുള്ള നിലയില്‍ ഭരണഘടനാനുസൃതമായാണ് പെരുമാറേണ്ടത് എന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്. വിധികളും ഉള്ളതാണ്. അതിനാല്‍ തീരുമാനത്തെ നിരാകരിക്കുകയല്ല വേണ്ടിയിരുന്നത്. ഭരണഘടനാനുസൃതമായ ചുമതലകളില്‍ നിന്നുമുള്ള ഒരു മാറി നില്‍ക്കലായിട്ട് വേണം നാം ഇതിനെ കാണാന്‍. സര്‍ക്കാര്‍ നിയമസഭയില്‍ ചെയ്യുന്ന കാര്യമെന്താണെന്ന് മുന്‍കൂട്ടി ഗവര്‍ണറെ അറിയിച്ചിട്ടല്ല പ്രവര്‍ത്തിക്കുന്നത്.

സ്വാഭാവികമായി സര്‍ക്കാര്‍ സര്‍ക്കാരിന്റെ അജണ്ടകളാണ് നിയമസഭ വിളിച്ചുചേര്‍ത്ത് നടപ്പിലാക്കുക. നിയമസഭയുടെ കാര്യ പരിപാടി നോക്കുന്ന സമിതി അവര്‍ക്കുണ്ട്. സാധാരണ നിലയില്‍ സര്‍ക്കാരിന്റെ നിയമനിര്‍മ്മാണവും ജനകീയ വിഷയങ്ങളും നിയമസഭ ചര്‍ച്ച ചെയ്യും.

കര്‍ഷക പോരാട്ടത്തിന്റെ പ്രതിധ്വനി രാജ്യത്താകെയുണ്ട്. അതിനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുക എന്നത് ജനാധിപത്യ പ്രവര്‍ത്തനമാണ്. ഗവര്‍ണര്‍ ഒരു ഭരണഘടനാ പദവിയാണ്. അങ്ങനെയാണ് നാം അതിനെ നോക്കിക്കാണുക. ഭരണഘടനാ പദവി നിര്‍വഹിക്കേണ്ട ആള്‍ ഭരണഘടനയ്ക്ക് വിധേയമായി പ്രവര്‍ത്തിക്കുകയും ഇക്കാര്യത്തില്‍ അത്തരത്തില്‍ പ്രവര്‍ത്തിക്കാതിരിക്കുകയും ചെയ്യുമ്പോ ഭരണഘടനാപരമായ പരിഹാരത്തെ കുറിച്ചാണ് ആലോചിക്കുന്നത്.

ഗവര്‍ണര്‍ ഭരണഘടനാനുസൃതമായി പ്രവര്‍ത്തിക്കണം. അതില്‍ വരുന്ന പരിമിതിയെയാണ് വിമര്‍ശിക്കേണ്ടത്. സിപിഐഎമ്മിന് ജനങ്ങളെ മാത്രമെ ഭയമുള്ളു. സംവിധാനത്തിന്റ സുഖമമായ പ്രവര്‍ത്തനം എന്തെന്ന് വച്ചാല്‍ ഗവര്‍ണറും സര്‍ക്കാരും ഒന്നിച്ച് സമൂഹ താല്‍പര്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുക എന്നതാണ്. അതില്‍ ആരോഗ്യകരമല്ലാത്ത എന്തെങ്കിലുമുണ്ടായാല്‍ വിമര്‍ശനപരമായി സമീപിക്കുകയാണ് വേണ്ടതെന്നും വിജയരാഘവന്‍ വ്യക്തമാക്കി

Comments
Spread the News