അദാനി ഗ്രൂപ്പുമായി ബന്ധമുള്ള നാല് കമ്പനിയിൽനിന്നായി ഇലക്‌ടറൽ ബോണ്ടായി ബിജെപിക്ക് ലഭിച്ചത് 42.4 കോടി രൂപ. ഏപ്രിൽ 2019 മുതൽ നവംബർ 2023 വരെയുള്ള കാലയളവിലായി ഈ നാല് കമ്പനികൾ എസ്‌ബിഐയിൽനിന്ന് വാങ്ങിയത് 55.4 കോടിയുടെ ഇലക്‌ടറൽ ബോണ്ടുകളാണ്. ഇതിൽ എട്ടു കോടി രൂപയുടെ ബോണ്ട് കോൺഗ്രസിനും അഞ്ചു കോടിയുടെ ബോണ്ട് ബിആർഎസിനും ലഭിച്ചു. ശേഷിച്ച ബോണ്ട് തുക അപ്പാടെ ബിജെപിയിലേക്ക് പോയി.
അദാനി ഗ്രൂപ്പുമായി ബന്ധമുള്ള വെൽസ്‌പൺ ഗ്രൂപ്പിന്റെ മൂന്ന് ഉപകമ്പനികളാണ് 55 കോടി രൂപയുടെ ബോണ്ടുകൾ പല ഘട്ടമായി വാങ്ങിയത്. വെൽസ്‌പൺ കമ്പനികൾ ആകെ വാങ്ങിയ 55 കോടി ബോണ്ടുകളിൽ 2019 ലോക്‌സഭാ തെരഞ്ഞെടുപ്പ് ഘട്ടത്തിൽ കോൺഗ്രസിന് എട്ടു കോടിയും 2023ലെ തെലങ്കാന തെരഞ്ഞെടുപ്പ് ഘട്ടത്തിൽ ബിആർഎസിന് അഞ്ചു കോടിയും നൽകി. ശേഷിക്കുന്ന പണമെല്ലാം പോയത് ബിജെപിയുടെ അക്കൗണ്ടിലേക്കാണ്. 2022 നവംബറിലെ ബംഗാൾ തെരഞ്ഞെടുപ്പ്, 2020ലെ ബിഹാർ തെരഞ്ഞെടുപ്പ്, 2023 നവംബറിലെ രാജസ്ഥാൻ, ഛത്തീസ്‌ഗഢ്, മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പുകൾ, തെരഞ്ഞെടുപ്പ് ഒന്നുമില്ലാതിരുന്ന 2022 ഏപ്രിൽ മാസം എന്നീ ഘട്ടങ്ങളിലാണ് അദാനി ഗ്രൂപ്പുമായി ബന്ധമുള്ള കമ്പനികളിൽനിന്ന് ബിജെപിക്ക് കോടികൾ ലഭിച്ചത്.