രംഗത്തിറങ്ങി ആന്റണി രാജു ; ആദ്യ സന്ദർശനം ഫോർട്ട് വാർഡിൽ

തിരഞ്ഞെടുപ്പ് ഫലം വന്നതിന് തൊട്ടുപിന്നാലെ കർമ്മനിരതനായി തിരുവനന്തപുരം മണ്ഡലത്തിലെ നിയുക്ത എംഎൽഎ ശ്രീ ആന്റണി രാജു. ആദ്യ സന്ദർശനം ഫോർട്ട് വാർഡിൽ ആയിരുന്നു. ഫോർട്ട് വാർഡിലെ ഫോർട്ട് ആശുപത്രിയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തി. ബിജെപി കൗൺസിലർ ഉള്ള ഈ വാർഡിൽ പ്രതിരോധ പ്രവർത്തനങ്ങൾ താളം തെറ്റിയതിനെ തുടർന്ന് എൽഡിഎഫ് അത് ഏറ്റെടുത്തിരുന്നു. എൽഡിഎഫ് കൺട്രോൾ റൂമാണ് ഇപ്പോൾ ഫോർട്ട് വാർഡിലെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. കൺട്രോൾ റൂമിന്റെ ആവശ്യങ്ങൾ നിയുക്ത എംൽഎ ശ്രദ്ധാപൂർവം കേട്ടു. ഉടനടി നടപടികൾ എടുക്കാനുള്ള നിർദ്ദേശം ഡി എം ഒ യ്ക്ക് നൽകുകയും ചെയ്തു. ഫോർട്ട് ആശുപത്രിയിലെ സ്ഥലപരിമിതി മൂലം വാക്സിനേഷനായി എത്തുന്നവർക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകളും തിരക്കും എൽഡിഎഫ് നേതാക്കൾ ആന്റണി രാജുവിന്റെ ശ്രദ്ധയിൽ പെടുത്തി. തൊട്ടടുത്തുള്ള ഫോർട്ട് ഹൈസ്‌കൂളിലേക്ക് വാക്സിനേഷൻ സെന്റർ മാറ്റണമെന്നും എൽഡിഎഫ് ആവശ്യപ്പെട്ടു. ആവശ്യം ഗൗരവമായി പരിഗണിക്കുമെന്നും ആവശ്യമായ നടപടികൾ ഉടൻ ഉണ്ടാകുമെന്നും ഡിഎംഒ ഉറപ്പ് നൽകി. ഫോർട്ട് വാർഡിൽ ആശാ വർക്കർമാർ ഇല്ലാത്തതും ചർച്ചയിൽ ഉന്നയിക്കപ്പെട്ടു, നിയമനം നടത്താനുള്ള നടപടികൾ യുദ്ധകാലാടിസ്ഥാനത്തിൽ സ്വീകരിക്കുമെന്ന് അധികൃതർ ഉറപ്പ് നൽകി. ഫോർട്ട് വാർഡിലെ എല്ലാ പ്രതിരോധ പ്രവർത്തനങ്ങൾക്കും താൻ ഒപ്പമുണ്ടെന്ന് ആന്റണി രാജു പറഞ്ഞു. എൽഡിഎഫ് നേതാക്കളായ കെ എസ് ബാബുരാജൻ, അഡ്വ. ആർ എസ് വിജയ് മോഹൻ, ആശുപത്രി സൂപ്രണ്ട് ഡോ. സ്റ്റാൻലി എന്നിവർ നിയുക്ത എംഎൽഎ യുമായുള്ള ചർച്ചയിൽ പങ്കെടുത്തു.

Comments
Spread the News