തിരുവനന്തപുരം
തിരുവനന്തപുരം നഗരസഭയിലെ ചില വാർഡുകളിൽ വോട്ടർമാരാകെ‘കൺഫ്യൂഷനിലാണ്’. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനായി മത്സരിച്ചയാൾ ഇത്തവണ ബിജെപി സ്ഥാനാർഥിയായി വോട്ട് അഭ്യർഥിക്കുന്നതുൾപ്പെടെയുള്ള കാഴ്‌ചകൾ കണ്ട് അന്തം വിടുകയാണ് വോട്ടർമാർ.
പ്രത്യേകിച്ച് പ്രായം ചെന്നവർ. ‘‘മോൻ കൈയല്ലേ എന്ന് ചോദിക്കുമ്പോൾ ‘‘ഇത്തവണ താമരയാണ് അമ്മേ’’എന്ന് വെളുക്കെചിരിച്ചുള്ള മറുപടി കേട്ട് കണ്ണുതള്ളുകയാണ്.
സീറ്റിനായി മിന്നൽ വേഗത്തിൽ പാർടിമാറാനുള്ള മെയ്‌വഴക്കവും ചാക്കിട്ട് പിടിച്ചവരെ സ്ഥാനാർഥിയാക്കാനുള്ള തൊലിക്കട്ടിയും അപാരമാണെന്ന അടക്കം പറച്ചിലുകൾ ഇരുപാർടികളിൽനിന്നും കേൾക്കുന്നുണ്ട്. വെള്ളാർ, ആക്കുളം വാർഡുകളിലാണ് സീറ്റിനായുള്ള കൂടുമാറ്റത്തിന്റെ കിടിലൻ കഥകൾ.
വെള്ളാറിൽ ഇത്തവണ ബിജെപി സ്ഥാനാർഥിയായി മത്സരിക്കുന്നത് കഴിഞ്ഞതവണ കോൺഗ്രസ് സീറ്റിൽ ജയിച്ച നെടുമം മോഹനൻ. കഴിഞ്ഞവട്ടം തിരുവല്ലം വാർഡിൽനിന്ന് കോൺഗ്രസ് സ്ഥാനാർഥിയായാണ് ഇദ്ദേഹം വിജയിച്ചത്. ഇത്തവണ പാർടി മാറി. വെള്ളാറിൽ ബിജെപി സീറ്റും നൽകി. ഇതേസമയം ഇവിടെ കോൺഗ്രസിനുള്ളിൽ തമ്മിലടി രൂക്ഷമാണ്. പനത്തുറ പുരുഷോത്തമനെ മത്സരിപ്പിക്കുന്നതിന് എതിരെ കടുത്ത അമർഷത്തിലാണ് പ്രവർത്തകർ.
ആക്കുളത്തും സമാന സംഭവം അരങ്ങേറി. ബിജെപിയാകുമെന്ന് ഭീഷണിപ്പെടുത്തി ഡിസിസി അംഗം സീറ്റ് തട്ടിയെടുത്തപ്പോൾ സ്ഥാനാർഥിത്വം ഉറപ്പിച്ചിരുന്ന മണ്ഡലം പ്രസിഡന്റ് നേരെ ബിജെപിയിൽ പോയി അവരുടെ സ്ഥാനാർഥിയായി. തിരുവല്ലത്തുമുണ്ടൊരു സീറ്റിനായുള്ള പാർടിമാറ്റക്കഥ. കഴിഞ്ഞവട്ടം പുഞ്ചക്കരിയിൽ ആർഎസ്‌പിക്കായി മത്സരിച്ച് ജയിച്ച വ്യക്തി ഇത്തവണ തിരുവല്ലത്ത് രംഗത്തുള്ളത് കോൺഗ്രസിന്റെ സ്വന്തം ആളായി.
സീറ്റ് കിട്ടാൻ ആർഎസ്‌പിയെ ഉപേക്ഷിച്ച് കോൺഗ്രസായി. മുന്നണി മാറിയില്ലല്ലോ എന്നാണ് ചിലർ ആശ്വസിക്കുന്നത്. അങ്ങനെ ആശ്വസിക്കാൻ കഴിയാത്ത ഒരുവിഭാഗം ഇവിടെ സ്വതന്ത്ര സ്ഥാനാർഥിയെ നിർത്താനുള്ള ഒരുക്കത്തിലാണ്.
Comments