
വിതുര
മലയോരത്തെ തോട്ടം തൊഴിലാളികളും ആദിവാസികളുമടങ്ങുന്ന സാധാരണക്കാരുടെ ആശ്രയമായ വിതുരയിലെ താലൂക്കാശുപത്രി അവശനിലയിലായിരുന്നു അഞ്ചുവർഷം മുമ്പുവരെ. എംഎൽഎയുടെ ഇടപെടലിനായി പലവട്ടം നാട്ടുകാർ ആവശ്യപ്പെട്ടെങ്കിലും ആശുപത്രിയുടെ ദുരവസ്ഥ മാറിയില്ല. ഒടുവിൽ ജില്ലാപഞ്ചായത്ത് ആ ദൗത്യം ഏറ്റെടുത്തു. ഏറ്റെടുത്തപ്പോൾ വിവിധ വികസന പദ്ധതികളിലൂടെ ആശുപത്രിയുടെ മുഖച്ഛായ തന്നെ മാറ്റി.
നിലവിലുള്ള കെട്ടിടങ്ങളെല്ലാം നവീകരിച്ചു. അത്യാധുനിക സൗകര്യങ്ങളോടു കൂടിയ കാഷ്വാലിറ്റി, ഒപി, മിനി ഓപ്പറേഷൻ തിയറ്ററിന്റെ നിർമാണം തുടങ്ങി. 30 ലക്ഷം രൂപ ചെലവഴിച്ച് പുതിയ മോർച്ചറി പണിതു. 40 ലക്ഷം രൂപ വിനിയോഗിച്ച് ഡയാലിസിസ് യൂണിറ്റ് നിർമിച്ചു. ഇമ്യൂണൈസേഷൻ വാർഡ്, ഫാർമസി സ്റ്റോർ, ഡിജിറ്റൽ എക്സ്റേ എന്നിവ സജ്ജീകരിച്ചു. കിടക്കകൾ വാങ്ങുകയും സെക്കൻഡറി പാലിയേറ്റീവ് പ്രവർത്തനം ശക്തിപ്പെടുത്തുകയും ചെയ്തു. ജില്ലയിൽ ഒട്ടനവധി ആശുപത്രികളിൽ ഇത്തരം മാറ്റം സാധ്യമായി.
അഞ്ചു വർഷത്തിനിടെ ആരോഗ്യമേഖല കൈവരിച്ച മാറ്റങ്ങളറിയാൻ നാട്ടിൻപുറത്തെ സർക്കാർ ആശുപത്രികളിലേക്ക് നോക്കിയാൽ മതി. സംസ്ഥാന സർക്കാരിന്റെയും ത്രിതല പഞ്ചാത്തുകളുടെയും കരുതലിൽ പുതിയ മന്ദിരങ്ങളും നൂതന സജ്ജീകരണങ്ങളും ഉൾപ്പെടെ ആധുനിക നിലവാരത്തിലേക്കുയർന്ന ആശുപത്രികൾ സാധാരണക്കാരന് അഭയവും ആശ്വാസവുമാണ് ഇന്ന്.
ഡോക്ടർമാരുടെ കുറവും ചികിത്സാ സൗകര്യങ്ങളുടെ അപര്യാപ്തതയും പഴങ്കഥയായി. സ്വകാര്യ ആശുപത്രികളെ വെല്ലുന്ന തരത്തിൽ സർക്കാർ ആശുപത്രികൾ മാറി.
രണ്ടു കോടിയിലധികം രൂപയുടെ വികസന പദ്ധതികളാണ് പാലോട് ഗവ. ആശുപത്രിയിൽ സർക്കാരും പഞ്ചായത്തുകളും നടപ്പാക്കിയത്. പാലിയേറ്റീവ്, എക്സ്റേ യൂണിറ്റുകൾ നവീകരിച്ചു.
38 ലക്ഷം രൂപയുടെ ഡി – അഡിക്‌ഷൻ യൂണിറ്റ് ആരംഭിച്ചു. പാലിയേറ്റീവ് രോഗികളുടെ കിടത്തി ചികിത്സയ്ക്കായി 30 ലക്ഷം ചെലവഴിച്ച് കെട്ടിടം നിർമിച്ചു. ഡി കെ മുരളി എംഎൽഎ അനുവദിച്ച 8,51,000 രൂപയിൽ പുരുഷന്മാരുടെ വാർഡ് നവീകരിച്ചു. അടിസ്ഥാനസൗകര്യ വികസനത്തിനായി 1.5 ലക്ഷം വിനിയോഗിച്ചു. 35 ലക്ഷം രൂപയുടെ ഡിജിറ്റൽ എക്സ്റേ യൂണിറ്റും ഇവിടെയുണ്ട്.
Comments