ഏത് നേരവും വീഡിയോ കോളിൽ; ഭാര്യയുടെ കൈവെട്ടി ഭർത്താവ്

വീട്ടിലെത്തിയ തന്നെ ശ്രദ്ധിക്കാതെ വീഡിയോ കോളിൽ തുടർന്ന ഭാര്യയുടെ കൈ വെട്ടി ഭർത്താവ്. വെല്ലൂരിലെ കുടിയാത്തത്തിലെ നെയ്ത്തു തൊഴിലാളിയായ ശേഖറാണ് ഭാര്യ രേവതിയുടെ കൈ അരിവാൾ ഉപയോഗിച്ച് വെട്ടിയത്. പരിക്കേറ്റ യുവതി ആശുപത്രിയിൽ ചികിത്സയിലാണ്. ശേഖർ തന്നെയാണ് പൊലീസ് സ്റ്റേഷനിലെത്തി വിവരം അറിയിച്ച് കീഴടങ്ങിയത്. ഭാര്യയ്ക്ക് ഒരു ആൺ സുഹൃത്ത് ഉണ്ടെന്നും ഇയാളുമായാണ് സ്ഥിരമായി വീഡിയോകോളിൽ സംസാരിച്ചിരുന്നതെന്നും ശേഖർ സംശയിച്ചിരുന്നതായി പൊലീസ് പറഞ്ഞു. ഫോണിൽ റീൽസു കണ്ടും സുഹൃത്തുക്കളോടു സംസാരിച്ചും സമയം കളയുന്നുവെന്ന് ആരോപിച്ച് ഇവർ തമ്മിൽ കുറച്ച് മാസങ്ങളായി തർക്കം പതിവായിരുന്നവെന്ന് അയൽവാസികൾ പറയുന്നു.

വെള്ളിയാഴ്ച രാത്രി ശേഖർ ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോൽ രേവതി സുഹൃത്തുമായി വീഡിയോ കോൾ ചെയ്യുകയായിരുന്നുവെന്നും ശേഖറിനെ ശ്രദ്ധിക്കാതെ രേവതി സംസാരം തുടർന്നതിനെ ചൊല്ലി ഇരുവർക്കും ഇടയിൽ വാക്കേറ്റം ഉണ്ടായതായും അന്വേഷണ ഉദ്യോ​ഗസ്ഥർ പറഞ്ഞു. പ്രകോപിതനായി ശേഖർ ഭാര്യയുടെ കൈക്ക് വെട്ടുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ അയൽവാസികളാണ് രക്തത്തിൽ കുളിച്ചുകിടന്ന രേവതിയെ പ്രദേശത്തെ ആശുപത്രിയിലെത്തിച്ചത്. പിന്നീട് വെല്ലൂരിലെ മെഡിക്കൽ കോളേജിലേക്ക് യുവതിയെ മാറ്റുകയായിരുന്നു. യുവതിയുടെ ആരോഗ്യനില തൃപ്തികരമാണ്.

Comments
Spread the News