തെരഞ്ഞെടുപ്പ് അടുത്തതോടെ വ്യാജനിർമിതികളുടെ കുത്തൊഴുക്കാണ് സോഷ്യൽമീഡിയയിൽ. യുഡിഎഫ്, ബിജെപി ഐടി സെല്ലുകൾ ഇതിനായി വലിയ തോതിൽ പണം മുടക്കിയിട്ടുമുണ്ട്. എന്നാൽ വ്യാജനിർമിതികളുടെ നേരിട്ടുള്ള പ്രചരണം ഏറ്റെടുത്തിരിക്കുകയാണ് മുഖ്യധാരാ മലയാള മാധ്യമങ്ങൾ. മന്ത്രി കെ കൃഷ്ണൻകുട്ടിയ്ക്കും മാത്യു ടി തോമസ് എംഎൽഎയ്ക്കുമെതിരെ കോൺഗ്രസ് ഐടി സെൽ സൃഷ്ടിച്ച വ്യാജപോസ്റ്റർ ഉപയോഗിച്ച് വ്യാജവാർത്ത ചമച്ചിരിക്കുകയാണ് ഇടതുപക്ഷ വിരുദ്ധ മാധ്യമങ്ങൾ.
കർണാടകയിലെ ബിജെപി സ്ഥാനാർത്ഥിയുടെ പോസ്റ്ററിൽ എൽഡിഎഫ് നേതാക്കളായ കെ കൃഷ്ണൻകുട്ടിയുടെയും മാത്യു ടി തോമസ് എംഎൽഎയുടെയും ചിത്രങ്ങൾ ഉൾപ്പെടുത്തി കോൺഗ്രസ് സൈബർ സംഘം വ്യാജപോസ്റ്റർ നിർമിച്ചിരുന്നു, മണിക്കൂറുകൾക്കുള്ളിൽ തന്നെ മനോരമ, മാതൃഭൂമി, മാധ്യമം, ഏഷ്യാനെറ്റ് തുടങ്ങിയ മാധ്യമങ്ങളിൽ ബിജെപി പോസ്റ്ററിൽ മോദിക്കൊപ്പം എൽഡിഎഫ് നേതാക്കൾ എന്ന പേരിൽ വ്യാജവാർത്തകൾ ഒരേ പോലെ വന്നു.

ബെംഗളൂരു റൂറല്‍ സ്ഥാനാര്‍ഥിയും ദേവെഗൗഡയുടെ മരുമകനുമായ ഡോ. സി.എന്‍ മഞ്ജുനാഥിന്റെ പോസ്റ്ററിലാണ് കൃഷ്ണൻകുട്ടിയുടെയും മാത്യു ടി തോമസിന്റെയും ചിത്രങ്ങൾ കൂട്ടിച്ചേർത്തത്. യഥാർത്ഥ ചിത്രം ബിജെപിയുടെയും സ്ഥാനാർത്ഥിയുടെയും പേജിൽ ലഭ്യമാണ്.

എന്നാൽ യാതൊരുവിധ പരിശോധനയും നടത്താതെ കോൺഗ്രസ് ഐടി സെൽ നിർമിച്ച വ്യാജപോസ്റ്ററിന്മേൽ വ്യാജവാർത്ത സൃഷ്ടിക്കുകയായിരുന്നു മാധ്യമങ്ങൾ. വാർത്തകളെല്ലാം ഒരേ സമയത്ത് തന്നെ വന്നതും ആസൂത്രിതമായിരുന്നുവെന്ന് വ്യക്തമാക്കുകയാണ്.
വ്യാജപോസ്റ്ററുകൾ നിർമിച്ചവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മന്ത്രി കൃഷ്ണൻകുട്ടിയും മാത്യു ടി തോമസും അറിയിച്ചു. ഡിജിപിക്ക് പരാതി നൽകും. വ്യാജ പോസ്റ്റർ നിർമാണത്തിന് പിന്നിൽ രാഷ്ട്രീയ എതിരാളിളാണ്. കേരളത്തിലെ ജനതാദൾ (എസ്) ഇടതുമുന്നണിക്കൊപ്പം അടിയുറച്ചു നിൽക്കുന്നെന്നും ഇരുനേതാക്കളും വ്യക്തമാക്കി.