മിസ് യൂണിവേഴ്സ് മത്സരത്തില്‍ ആദ്യമായി പങ്കെടുക്കാനൊരുങ്ങി സൗദി അറേബ്യ. റൂമി അല്‍ഖഹ്താനി എന്ന സുന്ദരിയാണ് സൗദിയ്ക്ക് വേണ്ടി റാംപിലെത്തുക. സൗദിയെ പ്രതിനിധീകരിച്ച് റാംപിലെത്തുന്ന കാര്യം റൂമി തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.
” മിസ് യൂണിവേഴ്സ് മത്സരത്തില്‍ സൗദി അറേബ്യ ആദ്യമായി പങ്കെടുക്കുന്ന നിമിഷം കൂടിയാണിത്,” എന്ന് റൂമി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
ആരാണ് റൂമി അല്‍ഖഹ്താനി?
27 കാരിയായ മോഡലാണ് റൂമി അല്‍ഖഹ്താനി. സൗദി അറേബ്യന്‍ തലസ്ഥാനമായ റിയാദിലാണ് റൂമി ജനിച്ചു വളര്‍ന്നത്. നിരവധി അന്താരാഷ്ട്ര സൗന്ദര്യ മത്സരങ്ങളിലും റൂമി പങ്കെടുത്തിട്ടുണ്ട്. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് മലേഷ്യയില്‍ വെച്ച് നടന്ന മിസ് ആന്‍ഡ് മിസിസ് ഗ്ലോബല്‍ ഏഷ്യന്‍ സൗന്ദര്യ മത്സരത്തിലും റൂമി പങ്കെടുത്തിട്ടുണ്ട്.
” ലോകത്തിലെ വിവിധ രാജ്യങ്ങളുടെ സംസ്കാരത്തെപ്പറ്റി പഠിക്കാനും ആഗോള തലത്തില്‍ സൗദി അറേബ്യയുടെ സാംസ്കാരിക പൈതൃകത്തെ പ്രശസ്തമാക്കാനും ഈ അവസരം ഞാനുപയോഗിക്കുന്നു,” എന്ന് റൂമി പറഞ്ഞു.
മിസ് സൗദി അറേബ്യ കീരിടം കൂടാതെ നിരവധി അംഗീകാരങ്ങളും റൂമി ഇതിനോടകം സ്വന്തമാക്കിയിട്ടുണ്ട്. മിസ് മിഡില്‍ ഈസ്റ്റ്, മിസ് അറബ് വേള്‍ഡ് പീസ്-2021, എന്നീ കിരീട നേട്ടങ്ങളും റൂമി നേടിയിട്ടുണ്ട്.
ഇന്‍സ്റ്റഗ്രാമില്‍ ലക്ഷക്കണക്കിന് ഫോളോവേഴ്സ് ഉള്ള മോഡല്‍ കൂടിയാണ് റൂമി. എക്സില്‍ രണ്ടായിരത്തിലധികം ഫോളോവേഴ്സാണ് റൂമിയ്ക്കുള്ളത്. 2024 ല്‍ നടക്കാനിരിക്കുന്ന മിസ് യൂണിവേഴ്സ് മത്സരത്തില്‍ സൗദിയെ പ്രതിനിധീകരിച്ച് പങ്കെടുക്കാന്‍ അവസരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് റൂമി ഇപ്പോള്‍.
സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ പരിഷ്കാരങ്ങള്‍
സൗദി അറേബ്യ കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ പരിഷ്കാരങ്ങള്‍ ആഗോളതലത്തില്‍ ശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ്. സൗദിയിലെ കര്‍ശന നിയമങ്ങളില്‍ അയവ് വരുത്തി അദ്ദേഹം നടത്തിയ പ്രഖ്യാപനങ്ങള്‍ വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു.
സ്ത്രീകള്‍ക്ക് വാഹനമോടിക്കാന്‍ അനുമതി നല്കിയതും ഏറെ ചര്‍ച്ചയായിരുന്നു. അതുകൂടാതെ അമുസ്ലീം നയതന്ത്രജ്ഞര്‍ക്ക് മദ്യം വാങ്ങാൻ അനുമതി നല്കിയ നടപടിയും വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.