പാറശാല മേഖലയിലെ ജനങ്ങളുടെ ചിരകാലാഭിലാഷം എൽഡിഎഫ് സർക്കാരിലൂടെ യാഥാർഥ്യമാകുന്നതിന്റെ ചാരിതാർഥ്യത്തിലാണ് നാട്ടുകാർ. പാറശാല ബസ് ടെർമിനലിന്റെ നിർമാണപ്രവർത്തനത്തിന്റെ ആദ്യ ഘട്ടത്തിന്റെ ഭാഗമായ ബസ് ടെർമിനൽ സ്ഥാപിക്കുന്ന കാരാളിയിൽ ബോക്സ് കൾവർട്ടിന്റെ നിർമാണപ്രവർത്തനമാണ് ആരംഭിച്ചത്. സി കെ ഹരീന്ദ്രൻ എംഎൽഎയുടെ ഇടപെടലിൽ ബസ് ടെർമിനലിനു വേണ്ടിയുള്ള ശാസ്ത്രീയപഠനം നടത്തി ആധുനിക രീതിയിലുള്ള ബസ് ടെർമിനലും പഞ്ചായത്ത് മന്ദിരവുമാണ് ഇവിടെ നിർമിക്കുന്നത്.
ആദ്യഘട്ടമെന്നനിലയിൽ ബസ് ടെർമിനൽ നിർമിക്കുന്ന ഭാഗത്തേക്ക് പ്രവേശിക്കുന്നതിന് കാരാളി തോടിനു കുറുകെ കലുങ്ക് നിർമാണമാണ് ഇപ്പോൾ നടക്കുന്നത്. എംഎൽഎയുടെ ആസ്തിവികസന ഫണ്ടിൽനിന്ന് ഒരു കോടി രൂപയാണ് ഇതിന് അനുവദിച്ചത്. പഞ്ചായത്ത് പുറമ്പോക്ക് ഭൂമിക്ക് പുറമെ സ്വകാര്യ വ്യക്തികളിൽനിന്ന് ഒന്നര ഏക്കറോളം ഭൂമി പഞ്ചായത്ത് വിലയ്‌ക്ക് വാങ്ങിയാണ് ബസ്ടെർമിനൽ നിർമിക്കുന്നത്. സംസ്ഥാന സർക്കാർ ഇതിനായി ബജറ്റിൽ അഞ്ചു കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ബസ് ടെർമിനൽ സ്ഥാപിക്കുന്നതിനൊപ്പം അത്യാധുനിക സൗകര്യങ്ങളോടുകൂടിയ പഞ്ചായത്ത് ഓഫീസ്, ഷോപ്പിങ് കോംപ്ലക്സ് തുടങ്ങിയവയും ഈ പദ്ധതിക്ക് കീഴിൽ നടപ്പാക്കും.