യുവജന പോരാട്ടങ്ങളുടെ കരുത്തുമായി ഡിവൈഎഫ്‌ഐ ജില്ലാ സമ്മേളനത്തിന് ആറ്റിങ്ങലിൽ പതാകയുയർന്നു. പ്രവർത്തനപഥങ്ങളുടെ വിലയിരുത്തലും വരുംകാല പോരാട്ടങ്ങൾക്കുള്ള ആഹ്വാനവുമായി ഇനി മൂന്നുനാൾ ജില്ലയുടെ യുവജനക്കരുത്ത് ആറ്റിങ്ങലിൽ സംഗമിക്കും.
പി ബിജു സ്മൃതി മണ്ഡപത്തിൽ നിന്നാരംഭിച്ച കൊടിമര ജാഥയും അജയ് രക്തസാക്ഷി മണ്ഡപത്തിൽ നിന്നാരംഭിച്ച പതാക ജാഥയും ശനി വൈകിട്ടോടെ പൊതുസമ്മേളന നഗരിയായ മാമം മൈതാനത്ത് സംഗമിച്ചു. സ്വാഗതസംഘം ചെയർമാൻ ആർ രാമു പതാക ഉയർത്തിയതോടെ സമ്മേളനത്തിന് ഔദ്യോഗിക തുടക്കമായി.
കൊടിമര ജാഥ ഡി കെ മുരളി എംഎൽഎ ഉദ്ഘാടനം ചെയ്തു. ജാഥാ ക്യാപ്റ്റൻ അനൂപ്, ബിജുവിന്റെ ഭാര്യ ഹർഷ, ശ്യാമ, ജിനേഷ്, നിയാസ്, കാഞ്ഞിരംപാറ മോഹനൻ, സി എസ് ഉണ്ണിക്കൃഷ്ണൻ നായർ, ജി ഒ ശ്രീവിദ്യ, എം ബി വീണ, ശ്രീലാൽ തുടങ്ങിയവർ പങ്കെടുത്തു. പതാക ജാഥ ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റിയംഗം എസ് കവിതയും ഉദ്‌ഘാടനംചെയ്‌തു. ബ്ലോക്ക് പ്രസിഡന്റ് സുരേഷ് കുമാർ അധ്യക്ഷനായി. സിപിഐ എം ചെമ്പഴന്തി ലോക്കൽ സെക്രട്ടറി വട്ടവട അരുൺ സ്വാഗതം പറഞ്ഞു. സിപിഐ എം ജില്ലാ കമ്മിറ്റി അംഗം വി ജയപ്രകാശ്, ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം എസ് കവിത എന്നിവരിൽനിന്ന് ജാഥാക്യാപ്റ്റൻ പ്രതിൻ സാജ് കൃഷ്ണ, മാനേജർ എസ് പ്രശാന്ത് എന്നിവർ ചേർന്ന് പതാക ഏറ്റുവാങ്ങി. ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗങ്ങളായ രേവതി അനീഷ്, ശ്യാം മോഹൻ, വി എസ് സുർജിത്ത്, എസ് പ്രശാന്ത്, വിദ്യാ മോഹൻ എന്നിവർ പങ്കെടുത്തു. പ്രതിനിധി സമ്മേളന നഗരിയിൽ സ്ഥാപിക്കാനുള്ള കൊടിമരം രാജീവ് പ്രസാദ് രക്തസാക്ഷി മണ്ഡപത്തിൽ നിന്നാരംഭിച്ചു. സിഐടിയു സംസ്ഥാന സെക്രട്ടറി കെ എസ് സുനിൽകുമാർ ഉദ്‌ഘാടനം ചെയ്‌തു. പതാക ജാഥ ഹഖ് മുഹമ്മദ് –- മിഥിലാജ് സ്മൃതിമണ്ഡപത്തിൽ നിന്നാരംഭിച്ചു. സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ഡോ. ഷിജുഖാൻ ഉദ്‌ഘാടനം ചെയ്‌തു. ദീപശിഖാറാലി സക്കീർ രക്തസാക്ഷി മണ്ഡപത്തിൽ നിന്നാരംഭിച്ചു. വി ജോയി എംഎൽഎ ഉദ്ഘാടനം ചെയ്‌തു.
ഞായർ വൈകിട്ട് നാലിന് ആറ്റിങ്ങൽ കെഎസ്‌ആർടിസി പരിസരത്തുനിന്ന് യുവജന റാലി തുടങ്ങും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനം എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ ഉദ്‌ഘാടനം ചെയ്യും. ആനത്തലവട്ടം ആനന്ദൻ, ആനാവൂർ നാഗപ്പൻ, എ എ റഹിം എംപി, മന്ത്രി വി ശിവൻകുട്ടി, വി ജോയി എംഎൽഎ, ബി പി മുരളി, ആർ രാമു, എസ് ലെനിൻ, ഒ എസ് അംബിക എംഎൽഎ തുടങ്ങിയവർ പങ്കെടുക്കും. രാത്രി ഏഴിന് പ്രൊഫ. ചിറക്കര സലിംകുമാറിന്റെ ഒഥല്ലോ കഥാപ്രസംഗം തുടർന്ന് കലാപരിപാടികൾ.
തിങ്കൾ രാവിലെ ഒമ്പതിന് പി ബിജു നഗറിൽ (ആറ്റിങ്ങൽ സൺ ഓഡിറ്റോറിയം) പ്രതിനിധി സമ്മേളനത്തിന് തുടക്കമാകും. ജില്ലാ പ്രസിഡന്റ് വി വിനീത് പതാക ഉയർത്തും. മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്‌ഘാടനംചെയ്യും. എ എ റഹിം, വി കെ സനോജ്, ചിന്ത ജെറോം, എം വിജിൻ എംഎൽഎ തുടങ്ങിയവർ പങ്കെടുക്കും.
ചർച്ചയ്‌ക്കും മറുപടികൾക്കും ശേഷം ജില്ലാ കമ്മിറ്റിയെയും ഭാരവാഹികളെയും തെരഞ്ഞെടുത്ത് ചൊവ്വാഴ്‌ച സമ്മേളനത്തിന് സമാപനമാകും.
Comments