
പേരൂർക്കട : പേരൂർക്കട മേൽപ്പാലത്തിന്റെ അതിർത്തിക്കല്ലിടൽ പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്‌ഘാടനം ചെയ്‌തു. തുടർച്ചയായ മഴയെത്തുടർന്ന് റോഡിലെ അറ്റകുറ്റപ്പണികൾ നടത്താൻ കഴിയുന്നില്ല. മഴക്കാലത്തും അറ്റകുറ്റപ്പണി ചെയ്യാൻ കഴിയുന്ന സാങ്കേതിക സംവിധാനത്തിലേക്ക് നമുക്ക് മാറേണ്ടതുണ്ട്.
പൊതുമരാമത്ത് വകുപ്പിനെതിരായി തെറ്റായ വാർത്തകൾ പ്രചരിപ്പിക്കാനും ശ്രമങ്ങൾ നടക്കുന്നുണ്ട്. പേരൂർക്കടയോടൊപ്പം ശ്രീകാര്യം, ഉള്ളൂർ, പട്ടം എന്നിവിടങ്ങളിലും മേൽപ്പാതകൾ പണിയും. അതോടെ ഈ ജങ്ഷനുകളിലെ ഗതാഗതക്കുരുക്കും ഒഴിവാകും. പേരൂർക്കട മേൽപ്പാലം നിർമാണം സമയബന്ധിതമായി പൂർത്തീകരിക്കാൻ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു. നഗരസഭാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജമീല ശ്രീധരൻ അധ്യക്ഷയായി. ശശി തരൂർ എംപി, വി കെ പ്രശാന്ത് എംഎൽഎ, കൗൺസിലർമാരായ ജയചന്ദ്രൻ നായർ, രാജലക്ഷ്മി, ഐസക് വർഗീസ്, സുധാകരൻ നായർ തുടങ്ങിയവർ പങ്കെടുത്തു.