കുട്ടിയെ ദത്തെടുക്കല്‍ വിവാദത്തില്‍ നിയമസഭയില്‍ ബഹളം. അധിക സമയം സംസാരിച്ച വടകര എംഎല്‍എ കെകെ രമയുടെ മൈക്ക് സ്പീക്കര്‍ എംബി രാജേഷ് ഓഫ് ചെയ്തു. ബഹളം വെച്ച പ്രതിപക്ഷത്തോട് ശബ്ദം കൊണ്ട് ചെയറിനെ കീഴ്‌പ്പെടുത്താന്‍ ശ്രമിക്കേണ്ടതില്ലെന്ന് മുന്നറിയിപ്പോടു കൂടിയാണ് സ്പീക്കറുടെ നടപടി. കേരളം കണ്ട ഏറ്റവും ഹീനമായ കുറ്റകൃത്യമാണ് ദത്തെടുക്കല്‍ സംഭവത്തില്‍ നടന്നിരിക്കുന്നത്. സംഭവത്തില്‍ ജുഡിഷ്യല്‍ അന്വേഷണം നടത്തുകയും ശിശുക്ഷേമ സമിതി പിരിച്ചുവിടുകയും ചെയ്യണമെന്ന് കെകെ രമ എംഎല്‍എ ചൂണ്ടിക്കാണിച്ചു. അതേസമയം ദത്ത് നിയമപ്രകാരം മാത്രമാണ് നടന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് മറുപടി പ്രസംഗത്തില്‍ വ്യക്തമാക്കുന്നു. ‘അനുവദിച്ച പത്ത് മിനിറ്റ് തുടര്‍ച്ചയായി പറഞ്ഞ കാര്യങ്ങള്‍ ആവര്‍ത്തിക്കുകയാണ് എംഎല്‍എ ചെയ്തിരിക്കുന്നത്. ബഹുമാനപ്പെട്ട ആരോഗ്യമന്ത്രി മറുപടി പറയും. ബഹളമൊന്നും വേണ്ട. ഇരിക്കൂ, ഈ വിഷയം ഉന്നയിക്കാന്‍ അനുവദിക്കുന്നത് പ്രത്യേക വിഷയമായതുകൊണ്ടാണ്. സാധാരണ പത്ത് മിനിറ്റാണ് അനുവദിക്കുന്നത്. ഇപ്പോള്‍ പതിനൊന്ന് മിനിറ്റ് അനുവദിച്ചു. ചട്ടം അനുസരിച്ചേ പ്രവര്‍ത്തിക്കാനൊക്കു. ശബ്ദം കൊണ്ട് ചെയറിനെ കീഴ്‌പ്പെടുത്താന്‍ ശ്രമിക്കേണ്ട.’ സ്പീക്കര്‍ പറഞ്ഞു. ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് വിഷയത്തില്‍ സംസാരിക്കാന്‍ ആരംഭിച്ചപ്പോള്‍ പ്രതിപക്ഷം നടുത്തളത്തിലേക്ക് ഇറങ്ങി സ്പീക്കറുമായി വാഗ്വാദത്തില്‍ ഏര്‍പ്പെട്ടു. പിന്നീട് മുദ്രാവാക്യങ്ങളുമായി ആരോഗ്യമന്ത്രിയുടെ മറുപടി പ്രസംഗം തടസപ്പെടുത്തി. സ്പീക്കര്‍ എന്തിന് അസ്വസ്ഥതപ്പെടുന്നുവെന്ന മുദ്രാവാക്യം വിളിയോടെ പ്രതിപക്ഷം നടുത്തളത്തില്‍ പ്രതിഷേധിച്ചു. പിന്നീട് സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
‘ചട്ടം അനുസരിച്ചേ പ്രവര്‍ത്തിക്കാന്‍ പറ്റൂ, ബഹളമൊന്നും വേണ്ട. ഇരിക്കൂ’; കെകെ രമയുടെ മൈക്ക് ഓഫാക്കി സ്പീക്കര്‍
Comments