‘കോണ്‍ഗ്രസ് നേതാവ് കെ മുരളീധരനെതിരെ തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍ പരാതി നല്‍കി. തനിക്കെതിരെ പൊതുവേദിയില്‍ ഉയർത്തിയ അധിക്ഷേപ പരാമർശത്തിലാണ് പരാതി. തിരുവനന്തപുരം മ്യൂസിയം പൊലീസിന് പരാതി കെെമാറി. അതേസമയം, നിയമോപദേശം സ്വീകരിച്ച ശേഷമായിരിക്കും കേസ് എടുക്കുന്നത് സംബന്ധിച്ച് പൊലീസ് തീരുമാനമെടുക്കുക. ആര്യാ രാജേന്ദ്രനെ കാണാൻ ഭംഗിയുണ്ടെങ്കിലും വായിൽ നിന്ന് വരുന്നത് ഭരണപ്പാട്ടിനേക്കാൾ ഭീകരമായ വാക്കുകളാണെന്നായിരുന്നു മുരളീധരന്‍റെ ആക്ഷേപം. സ്ത്രീത്വത്തെ അപമാനിക്കുന്നതും, ദ്വയാർത്ഥമുള്ള ലെെംഗിക ചുവയുള്ളതുമായിരുന്നു മുരളീധരന്റെ പരാമർശമെന്ന് പരാതിയില്‍ ആരോപിക്കുന്നു.
പരാതിക്ക് ആധാരമായ പരാമർശം: കാണാന്‍ നല്ല സൗന്ദര്യം ഒക്കെയുണ്ട് ശരിയാ… പക്ഷെ വായില്‍ നിന്നും വരുന്നത് കൊടുങ്ങല്ലൂര്‍ ഭരണിപാട്ടിനേക്കാള്‍ ഭയാനകമായ വര്‍ത്തമാനങ്ങളാണ്. ഇതൊക്കെ ഇന്നലെ പെയത മഴയത്ത് മാത്രം കിളിര്‍ത്തതാണ്. മഴ കഴിയുമ്പോഴേക്കും അത് തീരും. ഇത്തരത്തില്‍ നിരവധി പേരെ കണ്ടിട്ടുള്ള നഗരസഭയാണിത്. ഇങ്ങനെ പോവുകയാണെങ്കില്‍ മേയറെ നോക്കി കനക സിംഹാസനത്തില്‍ എന്ന് തുടങ്ങുന്ന പാട്ട് പാടേണ്ടി വരും.’ മുരളീധരന്‍ പറഞ്ഞു. കോര്‍പ്പറേഷനെതിരായ നികുതി വെട്ടിപ്പ് ആരോപണത്തിലെ കോണ്‍ഗ്രസ് സമര വേദിയിലായിരുന്നു മുരളീധരന്റെ വാക്കുകള്‍.