പറവൂർ : പ്രതിപക്ഷനേതാവ് വി ഡി സതീശൻ മണി ചെയിൻ തട്ടിപ്പു നടത്തിയതായി പി വി അൻവർ എംഎൽഎ പറഞ്ഞത് ശരിയാണെന്ന് യൂത്ത് കോൺഗ്രസ് മുൻ ജില്ലാ ജനറൽ സെക്രട്ടറി. പറവൂർ സ്വദേശിയും യൂത്ത് കോൺഗ്രസ് മുൻ എറണാകുളം ജില്ലാ ജനറൽ സെക്രട്ടറിയുമായ പി എസ് രാജേന്ദ്രപ്രസാദാണ് മണി ചെയിൻ ഇടപാടുമായി സതീശനു ബന്ധമുണ്ടെന്നുകാണിച്ച് രേഖകൾ സഹിതം ഫെയ്സ്ബുക്കിൽ കുറിപ്പിട്ടത്.
1991ൽ പഴയ ലാമ്പി സ്കൂട്ടറിൽ മണി ചെയിൻ ഇടപാടിനായാണ് സതീശൻ പറവൂരിൽ എത്തിയതെന്നും ഓർമിച്ച രാജേന്ദ്രപ്രസാദ്, മണി ചെയിനിൽ ആളുകളെ ചേർക്കാൻ സതീശൻ ഉപയോഗിച്ചതാണെന്നുകാണിച്ച് ഫോറത്തിന്റെ കോപ്പിയും ഫെയ്സ്ബുക്കിലിട്ടിട്ടുണ്ട്. എഫ്ബി കുറിപ്പിൽ പറയുന്നതിങ്ങനെ: ‘‘ഗിഫ്റ്റ്സ് അപ് ടു 2982800 ജസ്റ്റ് ഫോർയു എന്നതായിരുന്നു കമ്പനിയുടെ പരസ്യവാചകം. പെർഫെക്റ്റ് പ്രോഗ്രസ് ഫിനാൻസ് ആൻഡ് മെർക്കന്റയിൽ കമ്പനി പ്രൈവറ്റ് ലിമിറ്റഡ്, കാലാഘോഡ, ഫോർട്ട് മുംബൈ 23 എന്ന അഡ്രസാണ് ഫോറത്തിലുള്ളത്. ഒരാൾ 2000 രൂപയാണ് ഇതിൽ മുടക്കേണ്ടത്. ദേശസാൽകൃത ബാങ്കുകളിൽനിന്ന് ഡിമാൻഡ് ഡ്രാഫ്റ്റുകളായാണ് തുക നൽകേണ്ടത്. ആദ്യം രണ്ടുപേരെ ചേർക്കുകയും, അവർ ഓരോരുത്തരും രണ്ടുപേരെവീതം ചേർത്ത് കൂടുതൽ ആളുകളെ മണി ചെയിനിന്റെ ഭാഗമാക്കുന്ന രീതിയിലാണ് ഇടപാട് നടത്തിയത്.
ആളുകളെ ചേർത്ത ഫോറത്തിൽ ഒന്നാമതായി വി ഡി സതീശന്റെ പേരുണ്ട്. ആദ്യം ചേർന്നവർക്ക് ലക്ഷങ്ങൾ കിട്ടുമെന്നായിരുന്നു വാഗ്ദാനം. എന്നാൽ തന്റെ പരിധിയിലെത്തുന്ന ഘട്ടത്തിൽ പണം നൽകാതെ മുങ്ങി. പറവൂർ, മുനമ്പം, പള്ളിപ്പുറം, ചെറായി, അലങ്ങാട്, കരുമാല്ലൂർ മേഖലയിൽ ആയിരങ്ങളാണ് തട്ടിപ്പിനിരയായത്’’.
പി.എസ് രാജേന്ദ്ര പ്രസാദിന്റെ ഫെയിസ്ബുക്ക് പോസ്റ്റ്