നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ അതിവേഗ നടപടിയുമായി തിരുവനന്തപുരം നഗരസഭ. മേയർ ആര്യ രാജേന്ദ്രന്റെ അധ്യക്ഷതിൽ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ സാന്നിധ്യത്തിൽ അടിയന്തര യോഗം ചേർന്നാണ് നടപടിക്ക് രൂപം നൽകിയത്. യുദ്ധകാലാടിസ്ഥാനത്തിൽ ആമയിഴഞ്ചാൻതോട്ടിലെ റെയിൽവേയുടെ ഭാഗത്ത് വരുന്ന സ്ഥലത്ത് അടിഞ്ഞുകൂടിയ മണ്ണ് നീക്കം ചെയ്യാൻ ആരംഭിച്ചു. യന്ത്ര സഹായത്തോടെയാണ് പ്രവൃത്തികൾ. തമ്പാനൂരിലെ വെള്ളക്കെട്ടിന് മറ്റൊരു കാരണമായ പൊന്നറ ശ്രീധരൻ പാർക്കിലെ സംഭരണിയിലെ മണ്ണ് നീക്കം ചെയ്യാൻ റോഡ് ഫണ്ട് ബോർഡിനോട് ആവശ്യപ്പെട്ടതായും മേയർ ആര്യ രാജേന്ദ്രൻ അറിയിച്ചു.റെയിൽവേയുടെ ഭാഗത്തുള്ള 117 മീറ്റർ സ്ഥലത്ത് മണ്ണടിഞ്ഞുകൂടി ഒഴുക്ക് നിലച്ചതാണ് കഴിഞ്ഞ ദിവസം തമ്പാനൂർ -കിഴക്കേകോട്ട ഭാഗങ്ങളിൽ വെള്ളക്കെട്ടുണ്ടാക്കിയത്. ഈ ഭാഗത്ത് 2.9 മീറ്റർ ആഴമുണ്ട്. എന്നാൽ, മണ്ണടിഞ്ഞതുമൂലം ഒരു അടിപോലും ആഴം ഇല്ലാത്ത അവസ്ഥയാണ്.
മാർച്ച് 22ന് റെയിൽവേ പ്രതിനിധികളുടെ സാന്നിധ്യത്തിൽകൂടിയ യോഗത്തിൽ റെയിൽവേയുടെ ഭാഗത്തുള്ള പ്രവൃത്തികൾ റെയിൽവേ ചെയ്യാമെന്ന് ഏറ്റിരുന്നു. ആ ഉറപ്പ് റെയിൽവേ പാലിച്ചില്ല. പ്രവൃത്തി ചെയ്യാൻ കഴിയില്ലെന്നും അറിയിച്ചു. എന്നാൽ, നഗരസഭ ചെയ്യുന്ന പ്രവൃത്തിക്ക് സഹകരണം നൽകാമെന്ന് അറിയിക്കുകയായിരുന്നു.