അരുവിക്കരയുടെ താരം സ്റ്റീഫൻ

കാലം കാത്തുവച്ച മാറ്റമാണ് അരുവിക്കരയുടെ അനിവാര്യമായ വിധിയെഴുത്ത്. മൂന്നു പതിറ്റാണ്ടിനു ശേഷം മലയോര മണ്ണിനെ ഇടതുപക്ഷത്തേക്ക് ചേർത്തു വയ്ക്കാനുള്ള നിയോഗം ജി സ്റ്റീഫൻ വിജയകരമായി പൂർത്തിയാക്കി. ജീവിതാനുഭവങ്ങളുടെ ഉൾക്കരുത്തിനാൽ പാകപ്പെട്ട സാധാരണക്കാരന്റെ പോരാട്ടത്തെ നേരിടാൻ ചാനൽ സ്റ്റുഡിയോയിലെ പ്രകടനങ്ങളോ സീസണൽ പൊളിറ്റിക്സിന്റെ ഗ്ലാമറോ മതിയാവില്ലെന്ന സന്ദേശമാണ് അരുവിക്കരയുടെ വിജയം.
രാവിലെ വോട്ടെണ്ണൽ ആരംഭിച്ചപ്പോൾ തന്നെ യുഡിഎഫ് സ്ഥാനാർഥി ശബരീനാഥന്റെ ക്യാമ്പിൽ ആശങ്ക പടർന്നു. യു ഡി എഫ് മികച്ച ഭൂരിപക്ഷം പ്രതീക്ഷിച്ചിരുന്ന തൊളിക്കോട്ട് വിചാരിച്ച മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞില്ല. തുടർന്ന് വിതുരയും ആര്യനാടും ഉഴമലയ്ക്കലും എണ്ണിത്തീരുമ്പോഴേക്കും സ്റ്റീഫൻ മുന്നിലെത്തി. തൊളിക്കോട്, വെളളനാട് പഞ്ചായത്തുകളിൽ ഒഴികെ മറ്റെല്ലാ പഞ്ചായത്തുകളിലും എൽ ഡി എഫ് ലീഡ് നേടി. 2016ൽ അരുവിക്കര ഒഴികെയുള്ള പഞ്ചായത്തുകളിലെല്ലാം ശബരീനാഥനായിരുന്നു ലീഡ്. ഇത്തവണ ലീഡ് രണ്ട് പഞ്ചായത്തിൽ മാത്രമായൊതുങ്ങി. വിതുര, ആര്യനാട്, ഉഴമലയ്ക്കൽ, അരുവിക്കര, കുറ്റിച്ചൽ, പൂവച്ചൽ പഞ്ചായത്തുകളിൽ സ്റ്റീഫൻ മികച്ച മുന്നേറ്റം നടത്തി. യുഡിഎഫിന്റെ ശക്തികേന്ദ്രങ്ങളെന്ന് വിശേഷിപ്പിക്കപ്പെട്ട മേഖലകളിൽപ്പോലും ഇടതു മുന്നേറ്റം പ്രകടമായി. ഭരണത്തുടർച്ചയോടുള്ള പൊതു ആഭിമുഖ്യം, എൽഡിഎഫിന്റെ ചിട്ടയായ സംഘടനാ പ്രവർത്തനം എന്നിവയ്‌ക്കൊപ്പം സ്ഥാനാർഥിയുടെ പ്രകടനവും വിജയത്തിൽ നിർണായകമായി. രംഗത്തിറങ്ങി ദിവസങ്ങൾക്കുള്ളിൽ മണ്ഡലത്തിന്റെയാകെ മനംകവരാൻ ജി സ്റ്റീഫന് കഴിഞ്ഞു. എല്ലാ വിഭാഗങ്ങൾക്കും സ്വീകാര്യനും പ്രാധ്യനുമായ അദ്ദേഹം ജനങ്ങളുടെ സ്ഥാനാർഥിയെന്ന പരിവേഷം നേടിയെടുത്തു.
കോൺഗ്രസിലും മുന്നണിയിലും നിലനിൽക്കുന്ന അതൃപ്തിയും മണ്ഡലത്തോടുള്ള എം എൽ എ യുടെ അവഗണനയും ശബരീനാഥന് തിരിച്ചടിയായി. ജി കാർത്തികേയന്റെ മരണത്തെ തുടർന്ന് ഉപതെരഞ്ഞെടുപ്പിലൂടെ രാഷ്ട്രീയ രംഗത്തെത്തിയ ശബരീനാഥൻ 2016ൽ മികച്ച ഭൂരിപക്ഷത്തോടെ വിജയം ആവർത്തിച്ചെങ്കിലും തുടർന്നുള്ള പ്രവർത്തനത്തിൽ ജനങ്ങൾ സംതൃപ്തരായിരുന്നില്ല. കോവിഡ് ലോക്ക് ഡൗൺ കാലത്തുപോലും എംഎൽഎ തിരിഞ്ഞു നോക്കിയില്ലെന്ന് പരാതി ഉയർന്നു. സംസ്ഥാനത്തെ ഏറ്റവും വലിയ അട്ടിമറികളിലൊന്നാണ് അരുവിക്കരയിൽ നടന്നത്. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറുകൂടിയായ ശബരീനാഥനെ തറപറ്റിച്ച സ്റ്റീഫൻ സമൂഹമാധ്യമങ്ങളിലും താരമായി.
അരുവിക്കര : ഭൂരിപക്ഷം – 5046
ജി സ്റ്റീഫൻ(എൽഡിഎഫ്‌) – 66776
കെ എസ്‌ ശബരീനാഥൻ(യുഡിഎഫ്‌) – 61730
സി ശിവൻകുട്ടി(എൻഡിഎ) – 15379
Comments
Spread the News