തലസ്ഥാന നഗരത്തിന്റെ അമരക്കാരിയായി മേയർ ആര്യ രാജേന്ദ്രൻ. അഭിമാനവും ആവേശവും നിറഞ്ഞ നിമിഷങ്ങളിൽ തിരുവനന്തപുരം കോർപറേഷന്റെ മേയറായി ആര്യ സത്യപ്രതിജ്ഞ ചൊല്ലി. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറെന്ന ഖ്യാതിയും ഈ ഇരുപത്തിയൊന്നുകാരിക്ക് സ്വന്തം. 54 വോട്ടു നേടിയാണ് എൽഡിഎഫ് സ്ഥാനാർഥിയായ ആര്യ വിജയിച്ചത്. എൻഡിഎയുടെ സിമി ജ്യോതിഷിന് 35, യുഡിഎഫിന്റെ മേരി പുഷ്‌പത്തിന് ഒമ്പത് വോട്ടും ലഭിച്ചു. 100 അംഗ കൗൺസിലിൽ 99 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ഒരു വോട്ട് അസാധുവായി. കോവിഡ് നിരീക്ഷണത്തിലായതിനാൽ ഒരാൾക്ക് വോട്ട് രേഖപ്പെടുത്താനായില്ല. വരണാധികാരിയായ കലക്ടർ നവജോത് ഖോസ ആര്യക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. ദൃഢപ്രതിജ്ഞയാണ് എടുത്തത്. ബാലസംഘം സംസ്ഥാന പ്രസിഡന്റും എസ്‌എഫ്‌ഐ സംസ്ഥാന കമ്മിറ്റിയംഗവും സിപിഐ എം കേശവദേവ് റോഡ് ബ്രാഞ്ചംഗവുമാണ് ആര്യ. ബിഎസ്‌സി രണ്ടാം വർഷ വിദ്യാർഥിനിയാണ്. മുടവൻമുഗൾ വാർഡിൽനിന്നാണ് വിജയിച്ചത്. മേയർ, ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പുകളിൽ ഓരോ വോട്ടുകൾ അസാധുവായി. ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ ചെമ്പഴന്തി ഉദയന്റെ വോട്ടാണ് അസാധുവായത്. വോട്ടിടേണ്ട സ്ഥലത്ത് ഗുണിത ചിഹ്നത്തിന് പകരം ഒപ്പിട്ടതാണ് കാരണം. എൽഡിഎഫിന്റെ പി രമയുടെ വോട്ടാണ് അസാധുവായത്. കോവിഡ് നിരീക്ഷണത്തിലായതിനാൽ മുല്ലൂർ വാർഡിലെ യുഡിഎഫിന്റെ കൗൺസിലർ സി ഓമന വോട്ടെടുപ്പിൽ പങ്കെടുത്തില്ല. കോവിഡ് നെഗറ്റീവാണെങ്കിലും നിരീക്ഷണത്തിലുള്ള എൽഡിഎഫിന്റെ എസ് ജയചന്ദ്രൻനായർ അവസാനമായാണ് രണ്ട് തവണയും വോട്ട് ചെയ്തത്. ഇദ്ദേഹത്തിന് ഇരിക്കാൻ കൗൺസിൽ ഹാളിന് പുറത്ത് പ്രത്യേക സ്ഥലവും സജ്ജമാക്കിയിരുന്നു.
പി കെ രാജു ഡെപ്യൂട്ടി മേയർ
തിരുവനന്തപുരം കോർപറേഷൻ ഡെപ്യൂട്ടി മേയറായി എൽഡിഎഫിന്റെ പി കെ രാജു. 55 വോട്ടു നേടിയാണ് വിജയിച്ചത്. എൻഡിഎയുടെ അശോക്‌കുമാറിന് 34, യുഡിഎഫിന്റെ സുരേഷ് കുമാറിന് ഒമ്പത് വോട്ടും ലഭിച്ചു. എൻഡിഎയുടെ ഒരു വോട്ട് അസാധുവായി. പട്ടം വാർഡിൽനിന്നാണ് രാജു വിജയിച്ചത്. സിപിഐ ജില്ലാഎക്‌സിക്യൂട്ടീവംഗമാണ്.
സ്വതന്ത്രന്മാരുടെ വോട്ടും എൽഡിഎഫിന്
മേയർ, ഡെപ്യൂട്ടിമേയർ തെരഞ്ഞെടുപ്പിൽ സ്വതന്ത്രന്മാരുടെ വോട്ടുകൾ എൽഡിഎഫിന്റെ ആര്യക്കും പി കെ രാജുവിനും ലഭിച്ചു. ഹാർബർ കൗൺസിലറായ എം നിസാമുദീൻ, പനിയടിമ, പൂന്തുറയിലെ മേരി ജിപ്‌സി എന്നിവരാണ് എൽഡിഎഫ് സ്ഥാനാർഥികൾക്ക് വോട്ട് ചെയ്‌തത്. മേരി ജിപ്‌സി കോർപറേഷൻ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെതന്നെ എൽഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.