അനിൽ നെടുമങ്ങാടിന്റെ മൃതദേഹം ഇന്ന്‌ തിരുവനന്തപുരത്തെ വീട്ടിലെത്തിക്കും

ഇന്നലെ ഡാമിൽ മുങ്ങിമരിച്ച ചലച്ചിത്ര നടന്‍ അനില്‍ നെടുമങ്ങാടിന്റെ മൃതദേഹം പോസ്‌റ്റ്‌ മോർട്ടത്തിന്‌ശേഷം തിരുവനന്തപുരത്തെ വീട്ടിലെത്തിക്കും. കോവിഡ് പരിശോധനാഫലം ലഭിച്ച ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റും.

തൊടുപുഴ ജില്ലാ ആശുപത്രിയിലാണ്‌ മൃതദേഹമിപ്പോൾ. തിരുവനന്തപുരം നെടുമങ്ങാട്ടെ തോട്ടുമുക്കിലാണ് അനിലിന്റെ വീട്‌.

ഇന്നലെ വൈകിട്ടാണ് തൊടുപുഴ മലങ്കര ജലാശയത്തിലെ കയത്തില്‍പ്പെട്ട്‌ അനില്‍ നെടുമങ്ങാട് മുങ്ങി മരിക്കുന്നത്. ഒഴിവു ദിവസമായതിനാല്‍ ഷൂട്ടിങ്ങ് സെറ്റ് കാണാനായിട്ടാണ് അനിലും സുഹൃത്തുക്കളും വൈകിട്ട് മലങ്കര ഡാമില്‍ എത്തിയത്. തുടര്‍ന്ന് കുളിക്കാന്‍ ഇറങ്ങുകയായിരുന്നു.

നീന്തല്‍ അറിയാമായിരുന്ന അനില്‍ ആഴക്കയത്തില്‍പ്പെട്ടതാണ് അപകടത്തിനിടയാക്കിയത്.ഉടനെ അനിലിനെ ജീവനോടെ കരക്കെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Comments
Spread the News