തലസ്ഥാനത്തെ സ്മാർട്ട് ആക്കാൻ സ്മാർട്ട് വിദ്യാർത്ഥികളുമായി എൽഡിഎഫ്

സ്മാർട്ട് സിറ്റിയും മെട്രോ നഗരവുമായി വളരാൻ ഒരുങ്ങുന്ന തലസ്ഥാനത്തിന് സ്മാർട്ട് വിദ്യാർത്ഥികളെ സംഭാവന ചെയ്യാൻ ഒരുങ്ങുകയാണ് എൽഡിഎഫ്. ജനപ്രതിനിധിയായി ‘ക്ലാസ്‌ കയറ്റം’ കിട്ടാൻ വോട്ടഭ്യർഥിച്ച്‌ ‘വിദ്യാർഥി സ്ഥാനാർഥികൾ’ സജീവമായി രംഗത്തുണ്ട്. ജയിപ്പിച്ചാൽ മികച്ച ജനസേവനം ഉറപ്പെന്ന ഇവരുടെ വാക്കുകളിലുണ്ട്‌ ‘സ്‌റ്റുഡന്റ്‌സിന്റെ സ്‌മാർട്‌നസ്‌.’

കോർപറേഷനിലെ ആറ്‌ വാർഡിൽ മത്സരിക്കുന്ന എൽഡിഎഫ്‌ സ്ഥാനാർഥികളാണ്‌ പഠനവും തെരഞ്ഞെടുപ്പും ഒരുമിച്ച്‌ കൊണ്ടുപോകുന്നത്‌. പ്രചാരണവും വോട്ടഭ്യർഥനയും ഉഷാറാണ്‌. പരിചയപ്പെടുന്നവരിലേക്കും ഊർജം പ്രസരിപ്പിക്കുകയാണിവർ. ‘പിള്ളേർ കൊള്ളാം കേട്ടോ’ എന്ന നാട്ടുകാരുടെ വാക്കുകളിലുണ്ട്‌ സ്ഥാനാർഥികളോടുള്ള മതിപ്പും വിശ്വാസവും. ആ വിശ്വാസം കാക്കുമെന്ന്‌ ആറ്‌ പേരും ഒരുമിച്ച്‌ പറയുന്നു. ചെറുപ്പത്തിന്റെ ഊർജവും ചുറുചുറുക്കും നാടിന്റെ വികസനത്തിനായി പൂർണമായും വിനിയോഗിക്കാനാകുമെന്ന്‌ ഇവർ ഉറപ്പ്‌‌ നൽകുന്നു.

‘വിദ്യാർഥിയായതും പ്രായക്കുറവും ജനസേവനത്തിന്‌ അനൂകൂലമായാണ്‌ കാണുന്നത്‌. വീടുകളിൽ വോട്ടഭ്യർഥിച്ച്‌ ചെല്ലുമ്പോഴും നല്ല പ്രതികരണങ്ങളാണ്‌ ലഭിക്കുന്നത്‌‌’–- മുടവൻമുകൾ വാർഡിൽ മത്സരിക്കുന്ന തലസ്ഥാനത്തെ എൽഡിഎഫിന്റെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥിയായ ആര്യ രാജേന്ദ്രന്റെ വാക്കുകൾ. ഓൾ സെയിന്റ്‌സ്‌ കോളേജിൽ ബിഎസ്‌സി മാത്തമാറ്റിക്‌സ്‌ വിദ്യാർഥിനിയാണ്‌ ആര്യ. യൂണിവേഴ്‌സിറ്റി പരീക്ഷ നടക്കുന്നതിനിടയിലും പരീക്ഷയും പ്രചാരണവും ഒരുമിച്ച്‌ കൊണ്ടുപോവുകയാണ്.
‘‘നാടിന്റെ വികസനത്തിന്‌ കൂടുതൽ കാര്യങ്ങൾ ചെയ്യാനാകും. യുവത്വം അതിന്‌ സഹായിക്കുമെന്ന്‌ വിഴിഞ്ഞം വാർഡിലെ എൽഡിഎഫ്‌ സ്ഥാനാർഥിയായ സമീറ എസ്‌ മിഖ്‌ദാദ്‌. ഒന്നും മൂന്നും വയസ്സുള്ള കുട്ടികളുടെ അമ്മയാണ്‌ സമീറ. പഠനം അവസാനിപ്പിച്ചിട്ടില്ല. കേരള സർവകലാശാലയിൽ എംഎ പബ്ലിക്‌ അഡ്‌മിനിസ്‌ട്രേഷൻ രണ്ടാം വർഷ വിദ്യാർഥിനിയാണ്‌.
ജഗതി വാർഡിലെ സ്ഥാനാർഥിയും നിലവിൽ തൈക്കാട്‌ കൗൺസിലറുമായ എം എ വിദ്യ മോഹൻ എംബിഎ വിദ്യാർഥിനിയാണ്‌. പ്രോജക്ട്‌ സമർപ്പിക്കാനുള്ള അവസാന ഒരുക്കത്തിലാണ്‌ മൂന്നരവയസ്സുകാരന്റെ അമ്മ കൂടിയായ വിദ്യ.
ഒന്നാം വർഷ എംബിഎ വിദ്യാർഥിനിയാണ്‌ ഫോർട്ട്‌ വാർഡിലെ എൽഡിഎഫ്‌ സ്വതന്ത്ര സ്ഥാനാർഥിയായ എസ്‌ ചിത്ര. നാടിനായി ഒരുപാട്‌ കാര്യങ്ങൾ ചെയ്യാനുണ്ടെന്ന വാക്കിൽ തെളിയുന്നത്‌ ആത്മാർഥത. പാങ്ങോട്‌ വാർഡിലെ സ്ഥാനാർഥി ശരണ്യ എസ്‌ നായർ ശാസ്ത്ര തഞ്ചാവൂർ സർവകലാശാലയിൽ എംഎ ഭരതനാട്യം വിദ്യാർഥിനിയാണ്‌.
രണ്ടര വയസ്സുകാരന്റെ അമ്മയായ ശരണ്യ പ്രചാരണത്തിരക്കിലും അവസാനവർഷ പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിലാണ്‌. ‘ചെറുവയ്ക്കൽ വാർഡിലെ സ്ഥാനാർഥിയായ സൂര്യ ഹേമൻ അമിറ്റി യൂണിവേഴ്‌സിറ്റിയിൽ എംഎ ജേർണലിസം വിദ്യാർഥിനിയാണ്‌.

Comments
Spread the News