ബസ് കാത്തിരിക്കാൻ വെയിലും മഴയും കൊള്ളാത്ത ഒരിടം മാത്രമല്ല തലസ്ഥാന നഗരിയിലെ ബസ് സ്‌റ്റോപ്പുകൾ. ഫോണിൽ ചാർജ് തീർന്നെങ്കിൽ ചാർജ് കയറ്റാം, എഫ്‌എം റേഡിയോയിൽ നിന്നുള്ള പാട്ട് ആസ്വദിക്കാം. ഇത്തരത്തിൽ പൊതുജനസൗഹൃദവും ആധുനികവുമായ ബസ്‌കാത്തിരിപ്പ് കേന്ദ്രങ്ങളാണ് സ്‌മാർട്ട് സിറ്റി പദ്ധതിക്ക് കീഴിൽ നഗരസഭ നിർമിക്കുന്നത്.
യൂറോപ്യൻ രാജ്യങ്ങളിൽ മാത്രം കണ്ടിരുന്ന സ്മാർട്ട് ബസ് സ്‌റ്റോപ്പുകൾ തലസ്ഥാനത്തും തലയെടുപ്പോടെ ഉയർന്നുകഴിഞ്ഞു. “ഇരിക്കാൻ’ അടിപൊളി ഇരിപ്പിടങ്ങൾ, ചാർജിങ് സംവിധാനം, എഫ്‌എം റേഡിയോ, സിസിടിവി, എമർജൻസി കോൾ ബട്ടൺ, യുപിഎസ് ബായ്ക്കപ്പ്, ഡിജിറ്റൽ അഡ്‌വെർട്വൈസിങ് ബോർഡ്, പിഐഎസ് ഡിസ്‌പ്ലേ തുടങ്ങി എല്ലാ ആധുനിക സംവിധാനങ്ങളും ഉൾക്കൊള്ളുന്നതാണ് ബസ് സ്‌റ്റോപ്പുകൾ. 35 എണ്ണം നിർമിക്കാനാണ് ഉദ്ദേശിക്കുന്നത്. പനവിള, ആയുർവേദ കോളേജ് ജങ്‌ഷൻ, തമ്പാനൂർ റെയിൽവേ മെയിൽ സർവീസ് കേന്ദ്രം, കിള്ളിപ്പാലം, വനിതാ കോളേജിന് എതിർവശത്തുമാണ് ആദ്യഘട്ടത്തിൽ കാത്തിരിപ്പ് കേന്ദ്രം സ്ഥാപിക്കുന്നത്. ഇതിൽ പനവിളയിലെയും ആയുർവേദ കോളേജ് ജങ്‌ഷനിലെയും നിർമാണം പൂർത്തിയായി. തമ്പാനൂരിലെയും കിള്ളിപ്പാലത്തെ രണ്ട് കേന്ദ്രങ്ങളുടെയും നിർമാണം 20 ശതമാനം പൂർത്തിയായി. മറ്റിടങ്ങളിലും ഉടൻ തുടങ്ങും.
നഗരപരിധിയിലെ സ്മാർട്ട് റോഡുകളുടെ നിർമാണം പൂർത്തിയായ ശേഷം രണ്ടാംഘട്ടം ആരംഭിക്കും. 8.2 കോടിയാണ് ആകെ പദ്ധതി ചെലവ് പ്രതീക്ഷിക്കുന്നത്.
സ്മാർട്ട് വെയ്റ്റിംഗ് റൂം ഫോർ സ്മാർട്ട് സിറ്റി
Comments