തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നത് ഉറപ്പാക്കാൻ അതത് രാഷ്ട്രീയ പാർടികൾ കോവിഡ് നോഡൽ ഏജന്റിനെ ചുമതലപ്പെടുത്തണമെന്ന് കലക്ടർ നവജോത് ഖോസ അറിയിച്ചു. തെരഞ്ഞെടുപ്പിന്റെ സാഹചര്യത്തിൽ സ്ഥാനാർഥികളും വോട്ടർമാരും കോവിഡ് പെരുമാറ്റച്ചട്ടം കൃത്യമായി പാലിക്കണം.
സ്ഥാനാർഥികൾ ഭവന സന്ദർശനം നടത്തുമ്പോൾ സാമൂഹ്യ അകലം പാലിക്കാനും മാസ്‌ക് ധരിക്കാനും മറക്കരുത്. സന്ദർശന സമയത്ത് വയോജനങ്ങൾ, കുട്ടികൾ, ഗുരുതര രോഗങ്ങൾക്ക് ചികിത്സയിൽ കഴിയുന്നവർ, ഗർഭിണികൾ എന്നിവരുമായുള്ള സമ്പർക്കം ഒഴിവാക്കണം.
നോട്ടീസുകളും ലഘുലേഖകളും പരമാവധി ഒഴിവാക്കി സമൂഹമാധ്യമങ്ങൾ പ്രയോജനപ്പെടുത്തണമെന്നും കലക്ടർ അറിയിച്ചു. അടഞ്ഞമുറികളിൽ ഒരു കാരണവശാലും ഒത്തുകൂടാൻ പാടില്ല. ജില്ലയിൽ പ്രതിദിന കോവിഡ് കേസുകളും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കുറഞ്ഞെങ്കിലും ആശ്വസിക്കാനുള്ള സമയമായിട്ടില്ല. തെരഞ്ഞെടുപ്പ് ചൂടിനിടയിൽ കോവിഡ് പ്രതിരോധം ഒരുതരത്തിലും കുറയാൻ പാടില്ലെന്നും കലക്ടർ പറഞ്ഞു.