ബിജെപി മുൻ പ്രസിഡന്റ് അഡ്വ. സുരേഷും ഇപ്പോഴത്തെ പ്രസിഡന്റ് വി വി രാജേഷും നേർക്ക് നേരെ പോര്

നെയ്യാറ്റിൻകരയിൽ ബിജെപി മുൻപ്രസിഡന്റ് അഡ്വ. സുരേഷ് പങ്കെടുത്ത് കൂടിയ യോഗത്തിൽ ആലുംമൂട് വാർഡിൽ ബിജെപി നേതാവ് ഹരികുമാറിനെ സ്ഥാനാർത്ഥിയായി തീരുമാനിക്കുകയും പ്രഖ്യാപിക്കുകയും ചെയ്തു. ഇക്കാര്യം ഹരികുമാർ തന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ പോസ്റ്റിടുകയും ചെയ്തു.

എന്നാൽ വൈകിട്ടോടെ ബിജെപി ജില്ല പ്രസിഡണ്ട് വിവി രാജേഷ് മഞ്ചത്തല സുരേഷിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച് പത്രകുറിപ്പിറക്കി.

ഇതിനെ തുടർന്ന് അഡ്വ. സുരേഷ് സ്ഥാനാർഥിയാക്കിയ ഹരികുമാർ പരസ്യ പ്രതിഷേധവുമായി രംഗത്തെത്തി.

ഹരികുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ ബിജെപി ആർഎസ്എസ് പ്രവർത്തകരുടെ വക തെറിയഭിഷേകവും നടന്നു. നെയ്യാറ്റിൻകര മുൻ പ്രസിഡന്റ് സുരേഷിന്റെ തട്ടകമെന്നാണ് വയ്പ്പ്. അവിടെ വിവി രാജേഷ് ഇപ്പോൾ നടത്തിയ ഇടപെടൽ വരും ദിവസങ്ങളിൽ വലിയ പൊട്ടിത്തെറിയിലേക്ക് പോകുമെന്നാണ് ബിജെപിയിലെ തന്നെ ഒരു വിഭാഗം പറയുന്നത്. ആർഎസ്എസ് ഇക്കാര്യത്തിൽ സുരേഷിനൊപ്പമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സംസ്ഥാന തലത്തിൽ നിലനിക്കുന്ന ഗ്രൂപ്പ് പോരിൽ സുരേന്ദ്രൻ പക്ഷമാണ് വിവി രാജേഷ്. മെഡിക്കൽ കോഴ വിവാദത്തിൽ പുറത്താക്കപ്പെട്ട വിവി രാജേഷ് ജില്ല പ്രസിഡന്റ് ആയാണ് തിരിച്ചു വരുന്നത്. ജില്ലയിൽ ബിജെപിയെ അടക്കി ഭരിച്ചിരുന്ന സുരേഷിനേറ്റ കനത്ത തിരിച്ചടിയായിരുന്നു അത്. സുരേഷിനെ ജില്ലയിൽ പൂർണ്ണമായും അപ്രസക്തനാക്കണം എന്ന കെ സുരേന്ദ്രന്റെ തീരുമാനമാണ് വിവി രാജേഷ് നടപ്പാക്കുന്നത് എന്നാണ് ഉന്നത ബിജെപി വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രധാനപ്പെട്ട സീറ്റിൽ സുരേഷ് മത്സരിച്ചേയ്ക്കുമെന്ന് അഭ്യൂഹങ്ങൾ ഉണ്ട്. വട്ടിയൂർക്കാവ് ഉപതിരഞ്ഞെടുപ്പിൽ സുരേഷിന്റെ മത്സരിപ്പിച്ചത് തോൽവി ഉറപ്പായത് കൊണ്ടാണ്. എന്നാൽ അടുത്ത തിരഞ്ഞെടുപ്പിൽ ജില്ലയിലെ സീറ്റുകൾ ജയിക്കുമെന്നാണ് ജില്ല നേതൃത്വത്തിന്റെ കണക്ക് കൂട്ടൽ, കോൺഗ്രസ്സിലെ പ്രമുഖനായ എംഎൽഎയുമായി ഉണ്ടാക്കിയിട്ടുള്ള ധാരണയാണ് ഈ നിഗമനത്തിന് കാരണം. അങ്ങനെയെങ്കിൽ ആർഎസ്എസ് നോമിനിയായി സുരേഷ് വരാതിരിക്കാൻ ആണ് ഇപ്പോൾ സുരേഷിനെതിരെ വിവി രാജേഷ് രംഗത്തെത്തിയിട്ടുള്ളത്. എന്തായാലും വരും ദിവസങ്ങളിൽ ഇവർ തമ്മിലുള്ള പോര് ഒരു ക്രമസമാധാന പ്രശ്നമായേക്കും എന്ന ആശങ്കയും പങ്ക് വയ്ക്കപ്പെടുന്നുണ്ട്. തലസ്ഥാനത്തെ പ്രധാന ഗൂണ്ട സംഘങ്ങൾ ഇരുവരുടെയും നിയന്ത്രണത്തിൽ ഉണ്ടെന്നതാണ് അതിന് കാരണം.

Comments
Spread the News