പാലായുടെചരിത്രം മാറുകയാണ്. 54 വർഷം കെ എം മാണി കൈയ്യടക്കിവെച്ചിരുന്ന മണ്ഡലം മാണി സി കാപ്പനിലൂടെ ഇടത്തോട്ട് മാറുകയാണ്. വോട്ടെണ്ണൽ തുടരുമ്പോൾ എട്ടു പഞ്ചായത്തിലും വ്യക്‌തമായ ലീഡ് നേടിയാണ് എൽഡിഎഫ് സ്‌ഥാനാർത്ഥി മാണി സി കാപ്പൻ മുന്നേറുന്നത്. 4390 വോട്ടിനാണ് ലീഡ് ചെയ്യുന്നത്.
എക്കാലവും യുഡിഎഫിനെ തുണച്ചിരുന്ന പഞ്ചായത്തുകളില്‍ വന്‍ മുന്നേറ്റമാണ് മാണി സി കാപ്പന്‍ നടത്തിയത്. കടനാട്, രാമപുരം, മേലുകാവ്, മൂന്നിലവ്, തലപ്പലം, തലനാട്, ഭരണങ്ങാനം, കരൂർ പഞ്ചായത്തുകളിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ എല്ലായിടത്തും മാണി സി കാപ്പനാണ് മുന്നില്‍. വോട്ടെണ്ണലിന്റെ തുടക്കം മുതൽ ലീഡ് നിലനിർത്തിയാണ് മുന്നേറ്റം. യുഡിഎഫിന്റെ ജോസ് ടോം ആണ് എതിരാളി.
മുത്തോലി, മീനച്ചിൽ, കൊഴുവനാൽ, എലിക്കുളം എന്നീ പഞ്ചായത്തുകളും പാലാ മുൻസിപാലിറ്റിയുമാണ് ഇനി എണ്ണുവാൻ ബാക്കിയുള്ളത്.
കടനാട് പഞ്ചായത്തില്‍ 870 വോട്ടുകളും രാമപുരം പഞ്ചായത്തില്‍ 751 വോട്ടുകളുമാണ് എല്‍ഡിഎഫിന് കിട്ടിയ ഭൂരിപക്ഷം. 2361 വോട്ടുകളുടെ ഭൂരിപക്ഷമാണ് മൂന്ന് പഞ്ചായത്തുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ എല്‍ഡിഎഫിന് ലഭിച്ചത്.കഴിഞ്ഞ തവണ മാണി സി കാപ്പനെ 4703
വോട്ടിനാണ് കെ എം മാണി പരാജയപ്പെടുത്തിയിരുന്നത്.ആ ഭൂരിപക്ഷം മറികടക്കുവാൻ മാണി സി കാപ്പന് കഴിയുമെന്നാണ് സൂചനകൾ.
വോട്ടെണ്ണല്‍ പൂര്‍ത്തിയായ ഇടങ്ങളിലെല്ലാം ബിജെപിക്ക് വോട്ട് കുറഞ്ഞുവെന്നതും ശ്രദ്ധേയമാണ്. എൻ ഹരിയാണ് ബിജെപി സ്‌ഥാനാർത്ഥി . കേരളാ കോണ്‍ഗ്രസിന്റെ പരമ്പരാഗതമായ ശക്തികേന്ദ്രങ്ങളെല്ലാം മാണി സി കാപ്പനൊപ്പം നില്‍ക്കുന്ന ട്രെന്‍ഡാണ് കാണാനാകുന്നത്. എ കെ ആന്റണി അടക്കമുള്ള മുന്‍നിര നേതാക്കളെ രംഗത്തിറക്കിക്കൊണ്ടായിരുന്നു യുഡിഎഫിന്റെ പ്രചരണം. എന്നാല്‍ ഇത്തവണ പാലായുടെ ചിത്രം മാറുമെന്ന് എല്‍ഡിഎഫും സ്ഥാനാര്‍ത്ഥി മാണി സി കാപ്പനും പ്രചരണത്തിന്റെ തുടക്കം മുതലേ ആവര്‍ത്തിച്ചു പറഞ്ഞിരുന്നു.