വട്ടിയൂർക്കാവ് ഉപതിരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർഥി പട്ടികയിൽ വി.വി രാജേഷിന് മുൻഗണന ലഭിയ്ക്കുന്നതായി റിപ്പോർട്ട് . അതെ സമയം ജില്ലാ പ്രസിഡന്റ് കൂടി ആയ അഡ്വ. സുരേഷിന് വേണ്ടി കൃഷ്ണദാസ് പക്ഷവും ശക്തമായ ചരടുവലികൾ നടത്തുന്നുണ്ട്. കുമ്മനം രാജശേഖരൻ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കും എന്നായിരുന്നു പൊതു ധാരണ . പക്ഷെ ഇപ്പോൾ കുമ്മനത്തിനു ഗവർണ്ണർ സ്ഥാനം മതി എന്ന നിലപാട് ആണെന്ന് അറിയുന്നു . ചെറുപ്പക്കാർക്ക് അവസരം നൽകണമെന്ന അഭിപ്രായം പ്രകടിപ്പിച്ചാണ് കുമ്മനം തൻ്റെ ഗവർണ്ണർ പദവിയ്ക്കായുള്ള നീക്കങ്ങൾ നടത്തുന്നത് . കേന്ദ്ര സഹമന്ത്രി കൂടി ആയ വി. മുരളീധരന്റെ വിശ്വസ്തനാണ് വി.വി രാജേഷ്. മെഡിക്കൽ കോഴ വിവാദത്തിൽ പാർട്ടി അന്വഷണ റിപ്പോർട്ട് ചോർത്തിയതുമായി ബന്ധപെട്ടു സംഘടനാ നടപടി നേരിടേണ്ടി വന്ന വി.വി രാജേഷിനു ഈ സ്ഥാനാർത്ഥിത്വം ഒരു തിരിച്ചു വരവിനുള്ള അവസരം കൂടി ആണ്. ചാനൽ ചർച്ചകളിൽ സജീവ സാന്നിധ്യമായ രാജേഷിനെ മണ്ഡലത്തിൽ പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട എന്നതും ഗുണകരമായി മുരളീധര പക്ഷം ചൂണ്ടികാണിയ്ക്കുന്നു. പക്ഷെ ജില്ലാ പ്രസിഡന്റ് സുരേഷ് ആകട്ടെ ജില്ലയിലെ തൻ്റെ സ്വാധീനം തെളിയിക്കാൻ ഉള്ള അവസരമായാണ് വട്ടിയൂർക്കാവിനെ കാണുന്നത് . യുവമോർച്ചയുടെ ശക്തമായ എതിർപ്പ് സുരേഷിനുണ്ട് . സാമ്പത്തിക ക്രമക്കേടുകളും, തിരഞ്ഞെടുപ്പ് ഫണ്ട് തിരിമറിയും സോഷ്യൽ മീഡിയയിൽ പലവട്ടം യുവമോർച്ചക്കാർ തന്നെ ചർച്ച ആക്കിയിട്ടുള്ളതും ആണ്. ജില്ലയിലെ ക്രിമിനൽ കൊട്ടെഷൻ സംഘങ്ങളുമായുള്ള ബന്ധവും സുരേഷിന് വിനയായേക്കും . ഈ സാഹചര്യത്തിൽ ആണ് വി.വി രാജേഷിന് സാധ്യത ഏറുന്നത് . അതോടെ സംസ്ഥാന നേതൃത്വത്തിൽ മുരളീധര പക്ഷത്തിന് വ്യക്തമായ മേൽക്കൈ നേടാനാകുമെന്നും അവർ കരുതുന്നു . സംസ്ഥാന പ്രസിഡന്റിനെ തന്നെ മാറ്റാനുള്ള നീക്കങ്ങൾ ഉപതിരഞ്ഞെടുപ്പിന് പിന്നാലെ നടത്താനും മുരളീധര പക്ഷം തീരുമാനിച്ചിട്ടുണ്ട് .
വട്ടിയൂർക്കാവിൽ വി.വി രാജേഷ് ബി.ജെ.പി സ്ഥാനാർഥി ആയേക്കും . കുമ്മനത്തിനു ഗവർണ്ണർ ആകണം
Comments