തിരുമല വേട്ടമുക്കിൽ രണ്ടു യുവാക്കളുടെ മരണത്തിനിടയാക്കിയ അപകട ദൃശ്യങ്ങൾ അനന്തപുരി എക്സ്പ്രസിന് ലഭിച്ചു. ഇന്നലെയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. കെ.എസ്.ആർ.ടി.സി. ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കൾ മരിച്ചിരുന്നു. . വിളപ്പിൽശാല ഊറ്റുകുഴി മുളയറ സ്വർണക്കാട് സിനോഭവനിൽ രാജൻ(36), ഊറ്റുകുഴി പുഷ്പസദനത്തിൽ ഫ്രഡി ജോയിയുടെയും അനിതയുടെയും മകൻ ഫ്രിൻസ് ജോയി(21) എന്നിവരാണ് മരിച്ചത്. മരുതംകുഴി-വേട്ടമുക്ക് റോഡിൽ പി.ടി.പി.യിലേക്കു തിരിയുന്നതിനു മുൻപുള്ള കൊടുംവളവിൽ തിങ്കളാഴ്ച രാവിലെ ഒമ്പതരയോടെയായിരുന്നു അപകടം.
കിഴക്കേക്കോട്ടയിൽനിന്ന് പി.ടി.പി. നഗറിലേക്കു പോകുകയായിരുന്ന ബസും എതിർദിശയിൽ വന്ന യുവാക്കൾ സഞ്ചരിച്ച ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. മുന്നിൽപ്പോയ കാറിനെ ബൈക്ക് മറികടക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് സി സി ടി വി ദൃശ്യങ്ങളിൽ കാണാം.
റോഡിൽ തലയടിച്ചു വീണ യുവാക്കൾ അരമണിക്കൂറോളം റോഡിൽ കിടന്നു. പിന്നീട് നാട്ടുകാർ സ്വകാര്യ വാഹനങ്ങളിൽ ഇരുവരെയും മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.രാജനും ഫ്രിൻസ് ജോയിയും അയൽക്കാരാണ്. നോർക്കയിലെ താത്‌കാലിക ജീവനക്കാരനാണ് രാജൻ. കണ്ണമ്മൂല ജോൺകോക്‌സ് മെമ്മോറിയൽ സി.എസ്.ഐ. എൻജിനീയറിങ് കോളേജിലെ അവസാന വർഷ മെക്കാനിക്കൽ വിദ്യാർഥിയാണ് ഫ്രിൻസ്.