ഓൺലൈൻ വില്പന സൈറ്റ് വഴി വാങ്ങിയ ടി.വി. പ്രവർത്തിപ്പിക്കാൻ കഴിയാത്ത ഉപഭോക്താവിന് 74,990 രൂപ നഷ്ടപരിഹാരം നൽകാൻ എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി ഉത്തരവ് നൽകി. ടിവിയുടെ വിലയും 25000 രൂപ കോടതി ചിലവും ചേർത്താണ് നഷ്ടപരിഹാരം വിധിച്ചത്
ഓൺലൈൻ വഴി വാങ്ങിയ ടി.വി. പെട്ടി തുറന്ന് ഘടിപ്പിക്കാൻ പോലും കഴിയാത്ത തരത്തിൽ തകരാറിലായിരുന്നു. ഇക്കാര്യം പരാതിക്കാരൻ രേഖാമൂലം അറിയിച്ചെങ്കിലും ടിവി റിപ്പയർ ചെയ്യാനോ വില തിരിച്ചു നൽകാനോ ഓൺലൈൻ ഷോപ്പിങ് സൈറ്റ് തയാറായില്ല.
ഓൺലൈൻ സൈറ്റുകളിൽ പലപ്പോഴും ഇത്തരം പരാതികൾക്ക് കൃത്യമായ മറുപടി പേലും ലഭിക്കാത്ത സാഹചര്യമാണ്. ഉപഭോക്താവ് ഫോൺ ചെയ്ത് മടുത്ത് പോവുക എന്ന സമീപനമാണ്.
ഇതിന് പിന്നാലെയാണ് ഉപഭോക്തൃ കോടതിയെ സമീപിച്ചത്.
ടിവി ഒരു തവണ പോലും പ്രവർത്തിപ്പിക്കാൻ കഴിയാത്ത ഉപഭോക്താവിന് റിപ്പയർ ചെയ്തു നൽകുകയോ ടിവിയുടെ വില നൽകുകയോ ചെയ്യാത്ത ഓൺലൈൻ വ്യാപാര സ്ഥാപനത്തിന്റെ നടപടി സേവനത്തിലെ ന്യൂനതയും അധാർമികമായ വ്യാപാര രീതിയുമാണെന്ന് ജില്ലാ ഉപഭോക്തൃ കോടതി പറഞ്ഞു.
എറണാകുളം അയ്യപ്പൻകാവ് സ്വദേശിയായ ടി.യു അനീഷ് ആണ് ആമസോൺ ഓൺലൈൻ ഷോപ്പിങ് സൈറ്റിനെതിരേ പരാതിയുമായി കോടതിയെ സമീപിച്ചത്. ഓൺലൈനിൽ ആദായ വില്പന പരസ്യം കണ്ടാണ് പരാതിക്കാരെ 49,990/- രൂപ വിലയുള്ള പാനസോണിക് 147 സി എം ഫുൾ എച്ച് ഡി എൽ.ഇ.ഡി ടിവി വാങ്ങിയത്.
49,990 രൂപ നഷ്ടപരിഹാരവും കോടതി ചിലവ് ഇനത്തിൽ 25,000 രൂപയും ഒരു മാസത്തിനകം പരാതിക്കാരന് നൽകണമെന്ന് കോടതി പ്രസിഡൻറ് ഡി. ബി. ബിനു , മെമ്പർമാരായ വി.രാമചന്ദ്രൻ , ടി എൻ ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബഞ്ച് എതിർകക്ഷികൾക്ക് നിർദേശം നൽകി.